| Monday, 2nd September 2024, 5:37 pm

ഞാന്‍ സെറ്റില്‍ കണ്ട കാര്യങ്ങള്‍ വെച്ചാണ് കൊത്തയെ പ്രൊമോട്ട് ചെയ്തത്, അതിന്റെ പേരില്‍ എന്നെ ട്രോളിക്കൊന്നു: പ്രമോദ് വെളിയനാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത. വന്‍ പ്രതീക്ഷയിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ചിത്രത്തിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടന്‍ പ്രമോദ് വെളിയനാട് പറഞ്ഞ വാക്കുകള്‍ റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ട്രോളിന് ഇരയായി.

ദുല്‍ഖറിന് നൂറ് കൈയടി കിട്ടിയാല്‍ അതില്‍ പത്തെണ്ണം തനിക്കായിരിക്കുമെന്നാണ് പ്രമോദ് അഭിമുഖത്തില്‍ പറഞ്ഞത്. അതിന്റെ പേരില്‍ കിട്ടിയ ട്രോളുകളോട് പ്രതികരിക്കുകയാണ് പ്രമോദ് വെളിയനാട്. നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ തനിക്ക് കൊത്തയുടെ സെറ്റ് വലിയൊരു ലോകമായി തന്നിയെന്നും ദുല്‍ഖഖിന്റെ ഇന്‍ട്രോ സീനില്‍ താനും ഭാഗമായിരുന്നെന്നും പ്രമോദ് പറഞ്ഞു.

സിനിമയെപ്പറ്റി ആരെങ്കിലും ചോദിച്ചാല്‍ മോശം പറയാന്‍ പറ്റാത്തതുകൊണ്ടുകൂടിയാണ് താന്‍ ആ അഭിമുഖത്തില്‍ അങ്ങനെ പറഞ്ഞതെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതിന്റെ പേരില്‍ ഇത്രയും ട്രോള്‍ നേരിടേണ്ടി വരുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും പ്രമോദ് പറഞ്ഞു. പലരും തന്നെ ട്രോളിക്കൊന്നില്ലെന്നേയുള്ളൂവെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാടകത്തിന് പോയ സമയത്ത് പറമ്പിലും ഷീറ്റ് മറച്ചുകെട്ടിയ പുരയിലും നിന്ന് മേക്കപ്പ് ചെയ്യേണ്ടിവന്ന ആളാണ് ഞാന്‍. കൊത്തയുടെ സെറ്റിലെത്തിയപ്പോള്‍ ഏഴെട്ട് കാരവനാണ് ഞാന്‍ കാണുന്നത്. അതിലൊരെണ്ണം എനിക്കായിരുന്നു. ജീവിതത്തില്‍ അന്നേവരെ അത്രയും ഗ്രാന്‍ഡായിട്ടുള്ള സെറ്റ് ഞാന്‍ കണ്ടിട്ടില്ല. ദുല്‍ഖറിന്റെ ഇന്‍ട്രോ സീനിലാണ് ഞാനുണ്ടായിരുന്നത്. അതില്‍ ദുല്‍ഖറിന് കൈയടി കിട്ടുന്നതിന്റെ കൂട്ടത്തില്‍ എനിക്കും കിട്ടുമെന്ന ധാരണയിലാണ് അങ്ങനെ പറഞ്ഞത്.

അതുമാത്രമല്ല, മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂവിലാണ് ഞാനത് പറഞ്ഞത്. കൊത്തയില്‍ ഞാനുമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവര്‍ ആ സിനിമയെക്കുറിച്ച് ചോദിച്ചു. വലിയ കുഴപ്പമില്ലാത്ത സിനിമ എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. പക്ഷേ അത് ഇങ്ങനെ എന്നെ ബാധിക്കുമെന്ന് വിചാരിച്ചില്ല. പലരും എന്നെ ട്രോളിക്കൊന്നില്ലെന്നേയുള്ളൂ,’ പ്രമോദ് വെളിയനാട് പറഞ്ഞു.

Content Highlight: Pramod Veliyanadu about his statement on King Of Kotha movie

We use cookies to give you the best possible experience. Learn more