എനിക്ക് കിങ് ഓഫ് കൊത്ത ഇന്നും ബാഹുബലിയാണ്; അത്രയും വലിയ സെറ്റില്‍ കൊണ്ടിറക്കുമ്പോള്‍ കിളിപോകില്ലേ: പ്രമോദ് വെളിയനാട്
Entertainment
എനിക്ക് കിങ് ഓഫ് കൊത്ത ഇന്നും ബാഹുബലിയാണ്; അത്രയും വലിയ സെറ്റില്‍ കൊണ്ടിറക്കുമ്പോള്‍ കിളിപോകില്ലേ: പ്രമോദ് വെളിയനാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th May 2024, 2:10 pm

അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത. വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം 2023ലായിരുന്നു പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിങ് ഓഫ് കൊത്ത ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു.

ദുല്‍ഖറിന് പുറമെ ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, അനിഖ സുരേന്ദ്രന്‍, ഷമ്മി തിലകന്‍, ചെമ്പന്‍ വിനോദ്, ജോസ്, സജിത മഠത്തില്‍, ശാന്തി കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെയായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ ചിത്രത്തില്‍ മുത്തുവെന്ന കഥാപാത്രമായി എത്തിയ താരമാണ് പ്രമോദ് വെളിയനാട്.

കിങ് ഓഫ് കൊത്തയെന്ന സിനിമ പരാജയപ്പെട്ടെന്ന് താന്‍ സമ്മതിക്കില്ലെന്ന് പറയുകയാണ് താരം. തനിക്ക് ആ സിനിമ ഇന്നും ബാഹുബലിയാണെന്നും കൊത്ത ഒരു നേരത്തെ ഭക്ഷണം തന്ന പടമാണെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രമോദ് വെളിയനാട്.

‘കിങ് ഓഫ് കൊത്ത തോറ്റെന്ന് ഞാന്‍ സമ്മതിക്കില്ല. ആ പടം എവിടെ തോക്കാനാണ്. പറയുന്നവര്‍ പറയട്ടെ, പറഞ്ഞു തോല്‍പ്പിക്കാമെന്ന് കരുതിയാല്‍ പ്രയാസമാണ്. എന്നോട് ഒരു ഇന്റര്‍വ്യൂവില്‍ പടത്തെ കുറിച്ച് ചോദിച്ചിരുന്നു.

ആര്‍.ആര്‍.ആര്‍, ബാഹുബലി പോലെയുള്ള പടങ്ങളൊക്കെ വളരെ വലുതാണ്. ഞാന്‍ കൊത്ത സിനിമയുടെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ കാണുന്ന സെറ്റപ്പും വലുതാണ്. അമ്പലപറമ്പില്‍ അഞ്ചോ എട്ടോ ബോക്‌സും വെച്ച് അവിടെ നാടകം കളിച്ചുകൊണ്ടിരുന്ന എന്നെ ഇത്രയും വലിയ സെറ്റിലേക്ക് കൊണ്ടിറക്കുമ്പോള്‍ കിളിപോകില്ലേ.

ഞാന്‍ കണ്ട കാര്യമാണ് പറഞ്ഞത്. എനിക്ക് ആ സിനിമ ഇന്നും ബാഹുബലിയാണ്. എനിക്ക് ഒരു നേരത്തെ ഭക്ഷണം തന്ന സിനിമയാണ്. എന്നും അത് സൂപ്പര്‍ പടമാണെന്നേ ഞാന്‍ പറയുകയുള്ളു. അതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‌നമല്ലേ,’ പ്രമോദ് വെളിയനാട് പറഞ്ഞു.


Content Highlight: Pramod Veliyanad Talks About King Of Kotha Movie