| Tuesday, 17th October 2023, 9:14 am

പുരസ്‌കാരത്തിന് ഈ ഷെയ്പ്പ് വേണമെന്ന് പറയുന്നതിനോട് യോജിപ്പില്ല; എനിക്ക് ചക്ക വരെ സമ്മാനമായി കിട്ടിയിട്ടുണ്ട്: പ്രമോദ് വെളിയനാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംസ്ഥാന അവാർഡ് വേദിയിൽ വെച്ചുള്ള അലസിയറിന്റെ പ്രതികരണത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടൻ പ്രമോദ് വെളിയനാട്. കിട്ടുന്ന സമ്മാനങ്ങൾ സ്വീകരിക്കുകയല്ലാതെ അത് ഈ ഒരു ഷെയ്പ്പിൽ വേണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും തനിക്ക് സമ്മാനമായി ചക്ക വരെ കിട്ടിയിട്ടുണ്ടെന്നും പ്രമോദ് പറഞ്ഞു. അലൻസിയറിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അത് ശരിയായിരിക്കാമെന്നും പക്ഷെ തനിക്ക് അതിനോട് താത്പര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപട് വ്യക്തമാക്കിയത്.

‘എനിക്ക് സമ്മാനമായിട്ട് ചക്ക കിട്ടിയിട്ടുണ്ട്. ഞാനൊരു നാടകം കളിച്ച് ഇറങ്ങുമ്പോൾ ഒരച്ഛൻ വന്നിട്ട് ചോദിച്ചു ‘കുഞ്ഞ് ഇപ്പോൾ പോകുമോ’ എന്ന്. ‘ഞാൻ അര മണിക്കൂർ കഴിഞ്ഞിട്ട് പോകും’ എന്ന് പറഞ്ഞു. പുള്ളി സൈക്കിളിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഒരു മൃതങ്കം പോലെയുള്ള ഒരു ചക്ക സൈക്കിളിന്റെ പിറകിൽ വെച്ച് ചവിട്ടി കൊണ്ടുവരികയാണ്. ‘വേറെ ഒന്നുമില്ല മക്കളെ എനിക്ക് നിന്നെ അത്രയും ഇഷ്ടപ്പെട്ടു’ എന്ന് പറഞ്ഞ് നാടക വണ്ടിയുടെ പിറകിൽ അത് ഇട്ടുതന്നു. എനിക്ക് പുള്ളിയോട് പറയാൻ പറ്റുമോ വേണ്ടായെന്ന്.

കിട്ടുന്ന സംഭവങ്ങൾ സ്വീകരിക്കുകയല്ലാതെ അത് ഇന്ന ഷെയ്പ്പിലുള്ളത് വേണമെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ചിലപ്പോൾ പുള്ളിയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ശരിയായിരിക്കാം, അതിനർത്ഥം ശരിയാണെന്നല്ല . എന്റെ രീതിയിൽ എനിക്ക് എന്ത് തന്നാലും അത് സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരാളാണ്. സമ്മാനത്തിന് വേണ്ടിയൊന്നുമല്ലല്ലോ നമ്മൾ പെർഫോം ചെയ്യുന്നത്.

നമ്മൾ ചെയ്യുന്ന ജോലിക്ക് കിട്ടുന്ന പ്രതിഫലം അത് ഇന്നത് ആയിരിക്കണം ഇങ്ങനെ വേണമെന്ന് വാശി പിടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. പ്രമോദ് വെളിയനാടിന് യോജിപ്പില്ലെന്നാണ് പറഞ്ഞത്. അത് ശരിയാണോ തെറ്റാണെന്നോ എന്നല്ല. വ്യക്തിപരമായി എനിക്ക് യോജിപ്പില്ല.

ഒരു നാടകം കഴിഞ്ഞിട്ട് നടന്നുപോകുമ്പോൾ ഒരാൾ 4000 രൂപ കയ്യിൽ തന്നു. അത് എന്താണെന്ന് പോലും നോക്കാതെ തുണിയുടെ അരയിൽ വെച്ചു. ഗ്രീൻ റൂമിൽ വന്നു നോക്കുമ്പോൾ പുള്ളി അറിയാതെ തന്നതാണോ അറിഞ്ഞുകൊണ്ട് തന്നതാണോ എന്ന് ചിന്തിച്ചു. നോക്കുമ്പോൾ ചുരുട്ടി അഞ്ഞൂറിന്റെ നോട്ടുകൾ ആകെ 4000 രൂപ ഉണ്ടായിരുന്നു.

അതുപോലെ പത്തു രൂപ തന്നവരുണ്ട്. സ്റ്റിക്കർ പോലും പൊട്ടിക്കാതെ അന്നത്തെ കാലത്തെ പ്ലേറ്റ് പത്രകെട്ടിൽ പൊതിഞ്ഞിട്ട് ‘ചേട്ടാ ഞങ്ങളെ ഓർത്തിരിക്കാൻ തന്നതാണെന്ന്’ പറഞ്ഞവരുണ്ട് . ഷർട്ടും മുണ്ടും മേടിച്ച് തന്നവരുണ്ട്. അങ്ങനെ എത്രയോ സ്ഥലങ്ങളിൽനിന്ന് എന്തെല്ലാം കിട്ടിയിരിക്കുന്നു. അത് സന്തോഷത്തോടെ സ്വീകരിക്കുന്നു,’ പ്രമോദ് വെളിയനാട് പറഞ്ഞു.

Content Highlight: Pramod veliyanad about Alencier issue

We use cookies to give you the best possible experience. Learn more