Entertainment news
'നെഗറ്റീവ് വേഷങ്ങള്‍ ചെയ്യുന്നയാള്‍ എന്ന പേരില്‍ അറിയപ്പെടാനാണ് ഇഷ്ടം, പക്ഷെ ആരും തരുന്നില്ല'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 24, 12:36 pm
Friday, 24th March 2023, 6:06 pm

മഹേഷ് വെട്ടിയാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വെള്ളരി പട്ടണം, കൃഷാന്ത് സംവിധാനം ചെയ്ത് ഡയറക്ട് ഒ.ടി.ടി റിലീസിനെത്തിയ പുരുഷ പ്രേതം തുടങ്ങിയ ചിത്രങ്ങളില്‍ രസകരമായ വേഷങ്ങളിലെത്തി ആളുകളെ രസിപ്പിച്ച പ്രമോദ് വെളിയനാട് തന്റെ സിനിമാ ആനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. തന്റെ സിനിമാ മോഹങ്ങളെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കുശുമ്പും കുബുദ്ധിയും നിറഞ്ഞ കഥാപാത്രങ്ങളാണ് അടുത്തിടയായി തന്നെ തേടിവരുന്നതെന്നും ഭീമന്റെ വഴി എന്ന സിനിമക്ക് ശേഷമാണ് അത്തരം കഥാപാത്രങ്ങള്‍ തനിക്ക് വരുന്നതെന്നും പ്രമോദ് പറഞ്ഞു. മലയാള സിനിമയില്‍ നല്ലൊരു വില്ലന്‍ വേഷം ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്നും നാടകത്തിലൂടെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘കുബുദ്ധിത്തരവും കുശുമ്പുമൊക്കെയുള്ള കഥാപാത്രങ്ങള്‍ ഈയിടെയായി എനിക്ക് വരുന്നുണ്ട്. എന്റെ മുഖത്തേക്ക് നോക്കിയാല്‍ ഒന്നും പിടികിട്ടുന്നില്ലെന്നാണ് അവരൊക്കെ പറയുന്നത്. മലയാള സിനിമയില്‍ നല്ലൊരു വില്ലന്‍ വേഷം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. നെഗറ്റീവ് വേഷങ്ങള്‍ ചെയ്യുന്ന ഒരാളായി അറിയപ്പെടാനാണ് താത്പര്യം. വില്ലന്‍ വേഷം ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. പക്ഷേ ആരും തരുന്നില്ല. ഭീമന്റെ വഴിയിലെ കഥാപാത്രം പക്ഷെ വില്ലനല്ല. കുശുമ്പന്‍ എന്ന് പറയുന്നതാണ് കുറച്ചുകൂടി നല്ലത്. അതിലൊക്കെ ആനന്ദം കണ്ടെത്തുന്നയാളാണ്.

നാടകത്തിലായിരുന്നു തുടക്കമെങ്കിലും സിനിമയായിരുന്നു പ്രധാന ലക്ഷ്യം. ചെറുപ്പം മുതലെ ഈ ആഗ്രഹമുണ്ടായിരുന്നെങ്കിലും കൈപിടിച്ച് കൊണ്ടുവരാനൊന്നും ആരുമുണ്ടായിരുന്നില്ല. ഓരോ നാടകവേദിയിലും എന്നെക്കൊണ്ട് എന്തെല്ലാം ചെയ്യാനാവും എന്ന് പ്രദര്‍ശിപ്പിക്കുകയായിരുന്നു ഞാന്‍ സത്യത്തില്‍. എനിക്കിത് ചെയ്യാനാവും, എന്നെ ആവശ്യമുണ്ടോ എന്നെല്ലാം ചോദിക്കുന്ന പോലെയായിരുന്നു ഓരോ പ്രകടനങ്ങളും.

എന്തെങ്കിലും പരിപാടിക്ക് ആശംസ പറയാന്‍ പോയാലും ഞാന്‍ അങ്ങനെ ശ്രമിക്കാറുണ്ട്. കൊള്ളാമല്ലോ എന്ന് മറ്റുള്ളവരേക്കൊണ്ട് പറയിക്കണം. ചന്ദനത്തിരിയൊക്കെ കത്തിച്ച്, തെറ്റുകുറ്റങ്ങളില്ലാതെ നാടകം കളിക്കണേ എന്ന് ഗുരുക്കന്മാരോട് പ്രാര്‍ഥിക്കുന്ന കൂട്ടത്തില്‍, ഞാന്‍ പറയുന്നത് എനിക്കിതൊരു വഴിത്തിരിവാകണേ എന്നാണ്. ശമ്പളം കിട്ടി വീട് പുലരുന്നു എന്ന സത്യത്തിന് പിന്നില്‍ ഇങ്ങനെയൊരു ചേതോവികാരം കൂടിയുണ്ടായിരുന്നു,’ പ്രമോദ് വെളിയനാട് പറഞ്ഞു.

content highlight: pramod valayanad about his new movie