ഗോവയില്‍ സസ്‌പെന്‍സ്?; രാജി വെച്ച് ബി.ജെ.പി മുഖ്യമന്ത്രി
national news
ഗോവയില്‍ സസ്‌പെന്‍സ്?; രാജി വെച്ച് ബി.ജെ.പി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th March 2022, 3:29 pm

പനാജി: തുടര്‍ച്ചയായ മൂന്നാം തവണയും ഗോവയില്‍ അധികാരം പിടിച്ച ശേഷം സംസ്ഥാനത്ത് സസ്‌പെന്‍സ് തുടര്‍ന്ന് ബി.ജെ.പി. മുഖ്യമന്ത്രി പ്രമോദ് സാവന്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെയാണ് സംസ്ഥാനത്ത് സസ്‌പെന്‍സിന് തുടക്കമായത്.

ഭരണം പിടിക്കാനാവശ്യമുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനും കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ബി.ജെ.പിക്കായിട്ടുണ്ട്.

40 സീറ്റുകളില്‍ 20 സീറ്റാണ് ബി.ജെ.പി സ്വന്തമാക്കിയിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന സഖ്യത്തിനാവും എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബി.ജെ.പി നേടിയിട്ടുണ്ട്.

‘ഗോവയിലെ ജനങ്ങളുടെ അനുഗ്രഹത്താല്‍ ബി.ജെ.പി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിയിരിക്കുകയാണ്. അന്ത്യോദയയുടെ പ്രത്യയശാസ്ത്രമുയര്‍ത്തിപ്പിടിച്ചുകൊണ്ടാവും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

മോദിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന്റെ കീഴില്‍ ഗോവ അതിന്റെ അഭിവൃദ്ധി തുടരും,’ രാജി വെച്ച ശേഷം സാവന്ത് ട്വീറ്റ് ചെയ്തു.

പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിക്കാതെ സസ്‌പെന്‍സ് തുടരുകയാണ്.

എന്നാല്‍, പ്രതീക്ഷിച്ചത്ര മികച്ച വിജയമല്ല പാര്‍ട്ടിക്ക് ഗോവയില്‍ നേടാന്‍ സാധിച്ചത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് അടക്കം നിരവധി ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ നേരിയ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്.

സാന്‍ക്വിലിം മണ്ഡലത്തില്‍ നിന്നും മത്സരിച്ച സാവന്തിന് ആകെ നേടാനായത് 666 വോട്ടിന്റെ ഭൂരിപക്ഷമാണ്.

ഗോവയില്‍ ശക്തമായ മത്സരം നടന്ന മണ്ഡലമായിരുന്നു പനാജി. ബി.ജെ.പി നേതാവ് മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ ബി.ജെ.പിക്കെതിരെയായിരുന്നു മത്സരിച്ചത്. നിലവിലെ മന്ത്രി കൂടിയായ അറ്റാന്‍സിയോ മോന്‍സറേട്ട് 716 വോട്ടിനായിരുന്നു ജയിച്ചത്.

ദക്ഷിണ ഗോവയിലെ പ്രിയോള്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഗോവിന്ദ് ഗൗഡെ ജയിച്ചത് 213 വോട്ടുകള്‍ക്കാണ്.

പോണ്ട നിയോജക മണ്ഡലത്തില്‍ ബി.ജെ.പിയുടെ രവി നായിക് ജയിച്ചത് 77 വോട്ടിനാണ്.

കൊര്‍കോറം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി നിലേഷ് കബ്രാള്‍ ജയിച്ചത് 672 വോട്ടുകള്‍ക്കാണ്.

ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മാത്രമല്ല, മറ്റു സ്ഥാനാര്‍ഥികള്‍ ജയിച്ചതും ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ്.

Content Highlight: Pramod Sawant Resigns, BJP Keeps Up Suspense On Goa Chief Minister