രാഷ്ട്രീയപ്പാര്‍ട്ടികളുടെ ടി.വി വിതരണവും ചാരിറ്റിയും ജനാധിപത്യത്തെ ഫ്യൂഡലിസത്തിലേക്ക് നയിക്കുമ്പോള്‍
Online Education
രാഷ്ട്രീയപ്പാര്‍ട്ടികളുടെ ടി.വി വിതരണവും ചാരിറ്റിയും ജനാധിപത്യത്തെ ഫ്യൂഡലിസത്തിലേക്ക് നയിക്കുമ്പോള്‍
പ്രമോദ് ശങ്കരന്‍
Monday, 15th June 2020, 3:11 pm

വ്യക്തികളൊ സാമൂഹ്യ പ്രസ്ഥാനങ്ങളൊ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത് പോലെയല്ല രാഷ്ട്രിയ പാര്‍ട്ടികള്‍ അത്തരം മാര്‍ഗങ്ങള്‍ പിന്തുടരുന്നത്. ഒന്നാമതായി അത് നിലനില്‍കുന്ന വ്യവസ്ഥിതിയെ തന്നെ തുടരാന്‍ അനുവദിക്കുകയാണ്. ചാരിറ്റിയെ ഒരു പരിഹാരമായി കാണുന്നതോടെ യഥാര്‍ത്ഥത്തില്‍ ചാരിറ്റി നടത്തേണ്ടി വരുന്നതിന് കാരണമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കാണാതിരിക്കുകയും, അതിനെ മറച്ച് വെച്ച് താത്ക്കാലിക പരിഹാരങ്ങളിലൂടെ വ്യവസ്ഥതിയെ കോട്ടങ്ങളില്ലാതെ തുടരാന്‍ അനുവദിക്കയും ചെയ്യുന്നു.

ദേവികയുടെ മരണത്തിന്റെ കാരണം വീട്ടില്‍ ടി.വി ഇല്ലാത്തത് കൊണ്ടാണെന്ന് ഒറ്റ നോട്ടത്തിലെ ഉത്തരത്തിന് വഴങ്ങി കൊടുത്ത് നാട് തോറും ടി.വി വിതരണം ഏറ്റെടുത്ത് തങ്ങളുടെ ദൗത്യം നിര്‍വഹിക്കുന്ന തിരക്കിലാണ് രാഷ്ട്രിയ പാര്‍ട്ടികളും, ജനപ്രതിനിധികളും. അടിയന്തര ഘട്ടങ്ങളില്‍  സഹായങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യം തന്നെ. വ്യവസ്ഥാപിതമായി പരിഹാരം കാണുന്നത് വരെ അവരൊക്കെ കാത്തിരിക്കണം എന്ന യാന്ത്രിക സമീപനവുമില്ല. എന്നാല്‍ ടി.വി വിതരണത്തിലൂടെ തങ്ങളുടെ ചരിത്ര ദൗത്യം പൂര്‍ത്തികരിക്കുകയും, കീഴ്ത്തട്ട് മനുഷ്യരുടെ ജീവിതദുരിതങ്ങള്‍ക്ക് മുന്നില്‍ ചാരിറ്റി സേവനങ്ങളുമായ് അവതരിച്ച് മനുഷ്യ സ്നേഹികളും ജനപ്രിയരുമായ് തുടരുന്ന കൗശലത്തിലേക്ക് രാഷ്ട്രിയ പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നത് സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ല എന്ന് പറയാതിരിക്കാനാവില്ല.

ദേവികമാരുടെ ദാരിദ്ര്യം ചരിത്രപരമാണ്, അത് നൂറ്റാണ്ടുകളായി തുടരുന്നതുമാണ്. അതിന് ഉത്തരം തേടിയാല്‍ കേരളീയ സമൂഹത്തിലെ ജാതിയുടെ ഉല്പാദന ബന്ധങ്ങളാവും പ്രതികൂട്ടിലാവുക. അതിന്റെ സാമൂഹികവും, രാഷ്ട്രീയവുമായ കാരണങ്ങളിലേക്ക് കടന്ന് ചെല്ലാതെ വ്യക്തിതലങ്ങളിലേക്ക് ചുരുക്കി കെട്ടുന്നു. സാമൂഹികമായി ആഴത്തില്‍ വേരുകള്‍ ഉള്ള പ്രശ്നത്തെ വ്യക്തിപരമായ സാമ്പത്തിക പരാധീനതയായി പൊതുവില്‍ അവതരിപ്പികുകയും വ്യവസ്ഥിതിയുടെ ഇരയായി ഇരിക്കുന്ന മനുഷ്യരെ തങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് രാഷ്ട്രീയ പരിഹാരം തേടുന്നതിനുള്ള അനേഷണങ്ങളില്‍ നിന്ന് തന്ത്ര പൂര്‍വ്വം തടയുക എന്നത് കൂടിയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഉള്ളത്.

മറ്റൊന്ന് മനുഷ്യരുടെ അന്തസിനെയും ആത്മാഭിമാനത്തേയും മാനിക്കപ്പെടാതെ പോകുന്നതും അവരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റവും കാണാതിരുന്നു കൂടാ. എന്ത് കൊണ്ടായിരിക്കും പഠനത്തില്‍ മികവ് പുലര്‍ത്തിയ ദേവിക മരണത്തെ സ്വയം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമായത്. ടി.വി ഇല്ലാത്തത് കൊണ്ട് എന്നാവും നമ്മള്‍ എളുപ്പം മനസിലാക്കുന്നത്. എന്നാല്‍ തന്റെ വീട്ടില്‍ ടി.വി ഇല്ലങ്കിലും അയല്‍പ്പക്ക വീടുകളില്‍ ടി.വി ഉണ്ടായിരുന്നല്ലൊ, പഠനത്തിന് തുടരാന്‍ ആവഴി എന്ത് കൊണ്ടായിരിക്കും ശ്രമിക്കാതിരുന്നതെന്ന് ചേദിക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ കുട്ടികള്‍ക്കും അഭിമാനബോധമുണ്ട് എന്ന് മനസിലാകുകയുള്ളൂ. അന്യന്റെ ടി.വി വരാന്തയെ ആശ്രയിച്ച് മാത്രമെ തനിക്ക് ജീവിതം തുടരാന്‍ ആകൂ എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളാനവാത്ത വിധം മുറിപ്പെട്ട മനസോടെയാണ് ആ പെണ്‍കുട്ടി മരണത്തെ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ടാകുക. തങ്ങളുടെ ജീവിത സാഹചര്യവും ബുദ്ധിമുട്ടുകളും മറ്റും സഹപഠികളില്‍ നിന്നും സുഹൃത്തക്കളില്‍ നിന്നും മറച്ച് വച്ച് ചിരിച്ച് ജീവികുന്നവരല്ലെ ഓരോരുത്തരും. ആത്മനിന്ദയോട് കൂടി ജീവികേണ്ടതില്ലെന്ന് ദേവിക തീരുമാനിച്ചിട്ടുണ്ടാകും.

ആശ്രയ ജീവിതത്തെ കുറിച്ചുള്ള ആത്മ നിന്ദകൂടിയാവും മരണത്തിന്റെ കാരണങ്ങളിലൊന്ന് എന്നിരിക്കെ അതിനെ കാണാതെ ടി.വി വിതരണത്തിന്റെ തങ്ങളുടെ ജീവിത പശ്ചത്തലത്തോട് കൂടിയ കുട്ടികളുടെ ഫോട്ടൊയാണ് വ്യപകമായി പ്രചരിപ്പിക്കപ്പെടുന്നത്. പുതിയ ടി.വി കിട്ടിയ കുട്ടികളുടെ ആഹ്‌ളാദത്തേക്കാള്‍ കാഴ്ച വസ്തുക്കളെ പോലെ പ്രാചാരണ ഫോട്ടോകളില്‍ നിന്ന് തരാന്‍ വിധിക്കപ്പെട്ട ആത്മനിന്ദയാണ് ആ മനുഷ്യരുടെ കണ്ണിലുള്ളത്. സ്വയം ജനപ്രിയരായി മാറാനും, സ്വന്തം സംഘടനയുടെ ജനകീയ ഖ്യാതി വര്‍ദ്ധിപ്പികാനുമുള്ള ശ്രമങ്ങളില്‍ കവിഞ്ഞു മറ്റൊന്നുമല്ല ഈ നാടകങ്ങള്‍ എന്ന് മനസിലാക്കാന്‍ വലിയ പ്രയാസമില്ല. സഹാനൂഭൂതിയും, ഉദാരതയും ഏറ്റുവാങ്ങുന്ന ദുര്‍ബല മനുഷ്യരുടെ സാമൂഹിക ജീവിതത്തേയും സ്വകാര്യതയെയും മാനിക്കേണ്ടതില്ല എന്നതാണ് ചാരിറ്റിയുടെ രാഷ്ട്രിയം പറഞ്ഞ് വെക്കുന്നത്.

പൗരന് സ്വതന്ത്രമായി അഭിപ്രായം പറയാനും സമ്മര്‍ദ്ദങ്ങളില്ലാതെ തീരുമാനമെടുക്കാനുമുള്ള അവസരമുണ്ടായിരിക്കുക എന്നത് ജനാധിപത്യത്തില്‍ പ്രാഥമികമായി ഉണ്ടായിരിക്കേണ്ട കാര്യമാണ്. ചാരിറ്റിയുടെ രാഷ്ട്രീയം അടിസ്ഥാനപരമായി ജാനാധിപത്യത്തെ അട്ടിമറിക്കുന്ന ഒന്നാണെന്ന കാര്യം ഏറെ പ്രധാനപ്പെട്ടതാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ചാരിറ്റി നടത്തുമ്പോള്‍ ഏറ്റുവാങ്ങുന്നവരും, നല്‍കുന്നവരും തമ്മിലൊരു അലിഖിത ഉടമ്പടി രൂപപ്പെടുന്നുണ്ട്. ഏറ്റുവാങ്ങുന്നവര്‍ എല്ലായ്പ്പോഴും നന്ദിയുള്ളവനായിരിക്കുകയും, കടപ്പെട്ടവനായിരിക്കുകയും ചെയ്യും. ഭരണകൂടം ഉറപ്പാക്കേണ്ട വികസന പ്രവര്‍ത്തനത്തില്‍ തുല്യ അവസരമുള്ള പങ്കാളിയാക്കി പൗരനെ മാറ്റുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ഉണ്ടാവുന്ന ജൈവികബന്ധമാണ് ഇരുകൂട്ടര്‍ക്കുമിടയില്‍ രൂപപ്പെടുക. എന്നാല്‍ ചാരിറ്റിയിലൂടെ രൂപപ്പെടുന്ന ബന്ധങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് അടിമയും ഉടമയും തമ്മിലുള്ളതുപോലുള്ള ഒരു തരം ഫ്യൂഡല്‍ ബോധമാണ്. ഒന്ന് അവകാശമായ് പ്രവര്‍ത്തിക്കുമ്പൊള്‍ മറ്റേത് ഔദാര്യത്തിന്റെയും ഉദാരതയുടേയും വഴിയാണ് പിന്തുടരുന്നത്. വ്യക്തിയുടെ കണ്‍സെന്റ് മുന്‍കൂര്‍ വാങ്ങി വെക്കുകയാണ് വഴിയാണ്  രണ്ടാമത്തേത് ചെയ്യുന്നത്. ഇത് മൂലധനത്തിന്റെ ചലന നിയമങ്ങളെ തിരിച്ചറിയാനോ, രാഷ്ട്രീയ സാമൂഹ്യ കാരണങ്ങളെ  മനസ്സിലാക്കാനോ, അവയ്‌ക്കെതിരെ ശരിയായ ചെറുത്തു നില്‍പ് നടത്താനോ പൗര സമൂഹത്തെ പ്രാപ്തമാക്കുന്നില്ല.


 

പ്രമോദ് ശങ്കരന്‍
സാമൂഹിക പ്രവര്‍ത്തകന്‍, കേരളീയ സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കാറുണ്ട്.