| Sunday, 20th February 2022, 10:08 pm

മീഡിയാ വണിന്റെ ഉള്ളടക്കത്തില്‍ ദേശസുരക്ഷക്ക് ഭീഷണിയാകുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ: പ്രമോദ് രാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മീഡിയാ വണിന്റെ ഉള്ളടക്കത്തില്‍ രാജ്യദ്രോഹപരമായി, ദേശസുരക്ഷക്ക് ഭീഷണിയാകുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ആളെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊലീസ് തന്നെ അറസ്റ്റ് ചെയ്യട്ടേയെന്ന് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. അങ്ങനെ ചെയ്യാന്‍ എന്തിനാണ് മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം എന്ന വിഷയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംഘടപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.

ഞാന്‍ ഏഴ് മാസമായി മീഡിയാ വണിന്റെ എഡിറ്റര്‍ സ്ഥാനത്തേക്ക് വന്നിട്ട്. ഒരു സ്വതന്ത്ര മാധ്യമമെന്ന നിലയില്‍ മീഡിയാ വണ്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ ചുരുങ്ങിയ കാലയളവില്‍ എനിക്ക് അറിയാവുന്ന കാര്യമാണ്. എഡിറ്റര്‍ എന്ന നിലയില്‍ മീഡിയാ വണിന്റെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടയാള്‍ താനാണെന്നും അദ്ദേഹം പറഞ്ഞു.

‘ദേശസുരക്ഷ, ദേശസുരക്ഷക്ക് ഭീഷണി തുടങ്ങിയ വലിയ, വലിയ വാചകങ്ങളെടുത്ത് പ്രയോഗിക്കുന്നുണ്ടല്ലോ, മുദ്രവെച്ച കവിറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ച് ഹൈക്കോടതി ജഡ്ജ് പറയുകയാണ്. ഒരു മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനാകില്ലെന്ന്.

അത്രയും ഭീകരമായ എന്തോ ഒന്ന് ഒമ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന, ഞാന്‍ എഡിറ്ററായ മീഡിയാ വണില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം എനിക്ക് ഒരു നിമിഷം പോലും സ്വതന്ത്രനായി ജീവിക്കാന്‍ അവകാശമില്ല എന്നാണ്. അങ്ങനെയാണെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് വെറും പൊള്ളയാണ്,’ പ്രമോദ് രാമന്‍ പറഞ്ഞു.

മീഡിയവണിന്റേത് തുറന്ന പുസ്തകമാണെന്നും ആര്‍ക്കും വേണമെങ്കിലും പരിശോധിക്കാമെന്നും പ്രമോദ് രാമന്‍ നേരത്തെ പറഞ്ഞിരുന്നു.

പാവപ്പെട്ടവര്‍ക്കും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താനും തന്റെ സഹപ്രവര്‍ത്തകരും വ്യക്തിപരമായി പോലും സാമൂഹ്യ മാധ്യമങ്ങളില്‍ ആക്രമണം നേരിടുകയാണെന്ന് അദ്ദഹം പറഞ്ഞിരുന്നു.

ഈ ദിവസങ്ങളില്‍ ഒരുവിഭാഗം ആളുകള്‍ മീഡിയ വണിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിനപ്പുറത്തേക്ക് ദുഷ്പ്രചരണങ്ങളേയുമാണ് മീഡിയ വണ്‍ ഇപ്പോള്‍ നേരിടുന്നെന്നും പ്രമോദ് രാമന്‍ പറഞ്ഞു.

മീഡിയ വണിന്റേത് ഒരു തുറന്ന പുസ്തകമാണ്. ടെലിവിഷന്‍ ചാനലിനെ സംബന്ധിച്ചെടുത്തോളം രഹസ്യമായി അല്ല ഒരു പ്രവര്‍ത്തനവും. എല്ലാ കാര്യങ്ങളും പ്രക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. കോടതിയില്‍ കൊടുത്ത സീല്‍വെച്ച കവറില്‍ ഒന്നും തന്നെ ഇല്ല. മീഡിയ വണിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ കേന്ദ്രം ആ സമയത്ത് തന്നെ നടപടിയെടുക്കണമായിരുവെന്നും പ്രമോദ് രാമന്‍ പറഞ്ഞിരുന്നു.

Pramod Raman says Let ‘Central Police’ arrest me if there is anything in Media One’s content threatening national security

We use cookies to give you the best possible experience. Learn more