| Tuesday, 15th March 2022, 10:37 pm

സത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോടതി നടപടികളെ അപഹസിക്കുകയാണോ? നമുക്കൊരു സാമാന്യ ധാരണയില്ലേ നീതിനടത്തിപ്പിനെക്കുറിച്ച്? പ്രമോദ് രാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. കേന്ദ്രസര്‍ക്കാര്‍ കോടതി നടപടികളെ അപഹസിക്കുകയാണോയെന്ന് പ്രമോദ് രാമന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

‘ഇന്ന് സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ആകെ പറഞ്ഞുകൊണ്ടിരുന്നത് ഒറ്റക്കാര്യം മാത്രം, ഞങ്ങള്‍ വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യാം, സമയം തരണം. സത്യത്തില്‍ ഈ സര്‍ക്കാര്‍ കോടതി നടപടികളെ അപഹസിക്കുകയാണോ? നമുക്കൊരു സാമാന്യ ധാരണയില്ലേ നീതിനടത്തിപ്പിനെക്കുറിച്ച്?

അതുപോലും വെറുതെ ആകുന്നപോലെ തോന്നും. രാജ്യരക്ഷയുമായി ബന്ധപ്പെട്ട അതിനിര്‍ണായക ഗൂഢബന്ധം ആരോപിക്കപ്പെട്ട കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് ഒന്നും പറയാനില്ല എന്നുവെച്ചാല്‍ പിന്നെ എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം?

അതേസമയം, കോടതി എത്ര നീതിപൂര്‍വകമായാണ് പെരുമാറിയത്! ഈ വാചകം നോക്കുക. കേന്ദ്രസര്‍ക്കാര്‍ ഹാജരാക്കിയ ഫയലുകളോട് മതിയായ ബഹുമാനം സൂക്ഷിച്ചുകൊണ്ടുതന്നെ കക്ഷികള്‍ക്ക് ഇടക്കാല ആശ്വാസത്തിന് അര്‍ഹതയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നുവെന്നാണ് കോടതി പറഞ്ഞത്.

അന്തിമ നീതിക്ക് മുമ്പ് ഇടക്കാല നീതി എന്നൊന്ന് ഉണ്ട് എന്നാണ് സുപ്രീംകോടതി പറഞ്ഞുവെക്കുന്നത്. ഒരു കേസില്‍ ഇടക്കാല ആശ്വാസം നല്‍കുമ്പോള്‍ കണിശമായും സൂക്ഷിക്കേണ്ട നിഷ്പക്ഷത എത്ര കൃത്യമായാണ് ആ വാക്കുകളില്‍ തെളിയുന്നത്!

അമിതാഹ്ലാദമില്ല, പക്ഷെ നീതിയുടെ ഭാഷ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ കുറച്ച് സന്തുഷ്ടരാകും. ആ സന്തോഷം ഈ രാത്രിയില്‍ എനിക്കുണ്ട്,’ പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മീഡിയ വണ്‍ ചാനലിന് സംപ്രേഷണത്തിന് കോടതി അനുമതി നല്‍കികൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവിട്ട്. നേരത്തെ പ്രവര്‍ത്തിച്ച രീതിയില്‍ ചാനലിന് പ്രവര്‍ത്തിക്കാമെന്നും ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.

കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മുദ്രവെച്ച കവറിലെ രണ്ട് സെറ്റ് ഫയലുകള്‍ പരിശോധിച്ച ശേഷമാണ് കോടതി ഇത്തരമൊരു ഉത്തരവിലേക്ക് നീങ്ങിയത്.

വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്തൊക്കെ വിവരങ്ങളുണ്ടായിരുന്നു എന്നും എന്തുകൊണ്ടാണ് ഇപ്പോള്‍ തന്നെ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയാത്തതെന്നും കോടതി ചോദിച്ചു.

സത്യവാങ്മൂലത്തില്‍ വിശദമായ വസ്തുതകള്‍ ഇല്ലെന്ന് പറഞ്ഞ കോടതി 26നുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാധ്യമസ്ഥാപനമെന്ന നിലയില്‍ മീഡിയവണ്‍ പരിരക്ഷ അര്‍ഹിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

വാദത്തിനിടെ ഒരു ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ വിശദമായ ഫയലുകളുമായി ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഉണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

മുദ്രവെച്ച കവറുകളിലാണ് വിശദാംശങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ മുദ്രവെച്ച കവറുകളോട് തനിക്ക് വിയോജിപ്പാണെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത്. ചാനലിനെ എന്തുകൊണ്ട് വിലക്കിയെന്ന് ആരാഞ്ഞ കോടതി തുടര്‍ന്ന് മുദ്രവെച്ച കവറുകള്‍ പരിശോധിക്കുകയായിരുന്നു. 15 മിനുട്ട് നേരം ഫയലുകള്‍ പരിശോധിച്ച ശേഷമാണ് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്താണെന്ന് അറിയാന്‍ ഹരജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞ കോടതി ഫയലുകള്‍ പുറത്തു വിടണമെന്നും ഹരജിക്കാര്‍ക്ക് അതറിയാനുള്ള അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി. ആ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഇത് ഗുരുതരമായ സാഹചര്യമാണെന്നും അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് പറഞ്ഞു.


Content Highlights: Pramod Raman says about central government in Media One channel ban

We use cookies to give you the best possible experience. Learn more