തിരുവന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏഷ്യാനെറ്റ് ന്യൂസ് സംഘം നടത്തിയ അഭിമുഖത്തില്‍ പ്രതികരണവുമായി മീഡിയ വണ്‍ ന്യൂസ് എഡിറ്റര്‍ പ്രമോദ് രാമന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയെ മുന്നില്‍ കിട്ടിയാല്‍ ചോദിക്കാനുള്ള പത്ത് ചോദ്യങ്ങള്‍ അടിവരയിട്ട് പറഞ്ഞ് കൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒന്നര മണിക്കൂര്‍ പ്രധാനമന്ത്രി തന്റെ മുന്നില്‍ ഇരിക്കുമെങ്കില്‍ ഈ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം പാലിച്ചെന്നും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് മാത്രം പൗരത്വം നല്‍കുന്ന നിയമം കൊണ്ടുവന്നത് എന്തിന്?. എല്ലാ മതങ്ങളെയും ഒരുപോലെ കാണേണ്ട പ്രധാനമന്ത്രി ഒരു മതത്തിന്റെ ആരാധനാലായ ഉദ്ഘാടനത്തില്‍ മുഖ്യ കാര്യകര്‍ത്താവ് ആകുന്നത് മതനിരപേക്ഷതയുടെ ലംഘനമല്ലേ?. പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നിരന്തരം ആക്രമണം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട്?. കോണ്‍ഗ്രസിലിരിക്കെ ഇ.ഡി അന്വേഷണം നേരിട്ട നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുമ്പോള്‍ അന്വേഷണം അവസാനിപ്പിക്കുന്നത് എന്തുകൊണ്ട്?,’
കേരളത്തിന് ന്യായമായും കിട്ടാന്‍ അര്‍ഹതയുള്ള നികുതിവിഹിതം തടഞ്ഞുവയ്ക്കുന്നത് എന്തിനാണ്?. അരുണാചലിന്റെ എത്രഭാഗം ചൈന കവര്‍ന്നു എന്നതിന് പ്രധാനമന്ത്രിയുടെ കയ്യില്‍ കണക്കുണ്ടോ?. എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്നുണ്ടെങ്കില്‍ ബി.ജെ.പി എന്തുകൊണ്ടാണ് ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താത്തത്?. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമായി സുപ്രിംകോടതി പ്രഖ്യാപിച്ചെങ്കില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണ്?. ഇലക്ഷന്‍ കമ്മീഷ്ണര്‍മാരെ നിയമിക്കാനുള്ള സമിതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനാണ്?,’ പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ചോദ്യങ്ങള്‍ ഇനിയുമുണ്ടെന്നും ഇത്രയെങ്കിലും ചോദിക്കണമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഭിമുഖം ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തത്. ഇതാദ്യമായാണ് ഒരു മലയാളം ചാനലില്‍ പ്രധാനമന്ത്രിയുടെ അഭിമുഖം വരുന്നത്.
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത് കുറച്ച് തവണ മാത്രമാണ്. നല്‍കിയ അഭിമുഖങ്ങളാകട്ടെ സ്‌ക്രിപ്റ്റഡാണെന്നും പ്രധാനമന്ത്രിക്ക് ആവശ്യമുള്ള ചോദ്യങ്ങള്‍ മാത്രമേ അഭിമുഖങ്ങളില്‍ ചോദിക്കാറുള്ളെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അതിനിടെയാണ് പ്രധാനമന്ത്രിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് രംഗത്തെത്തിയത്. ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തുമെന്നും താന്‍ മൂന്നാമതും പ്രധാനമന്ത്രി ആകുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Pramod Raman responded to the Asianet News interview with the Prime Minister