ദേശസുരക്ഷ എന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടതില്ല; അങ്ങനെ പേടിപ്പിച്ചാല്‍ ഉടനെ എല്ലാം അംഗീകരിക്കുമെന്ന് കരുതണ്ട; വിധി തിളക്കമുള്ളത്: പ്രമോദ് രാമന്‍
കോഴിക്കോട്: മീഡിയ വണിന്റെ വിലക്ക് റദ്ദാക്കി കൊണ്ട് സുപ്രീം കോടതി ബുധനാഴ്ച പുറപ്പെടുവിച്ച വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും മീഡിയ വണിന്റെ തിളക്കം വീണ്ടും കൂടിയെന്നും മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍.
മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യത്തിന് ഏതൊക്കെ തരത്തില്‍ വിലക്ക് വരാമെന്നും വിലക്കിനെ ഏത് നിലയിലാണ് നേരിടേണ്ടതെന്നും തുടങ്ങിയ കാര്യങ്ങളില്‍ വളരെ വ്യക്തമായ ചിത്രം നല്‍കുന്ന വിധി പ്രസ്താവമാണ് പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘വളരെ സന്തോഷത്തോടു കൂടിയാണ് ഞാന്‍ നിങ്ങളുടെ മുന്നിലെത്തുന്നത്. മീഡിയാ വണിന് ഏതാണ്ട് ഒന്നര വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നീക്കിയിരിക്കുന്നു.
വിലക്ക് നീക്കുക എന്നത് മാത്രമല്ല അതിലൂടെ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് മാധ്യമപ്രവര്‍ത്തനം ഏതൊക്കെ വിധത്തില്‍ തടയപ്പെടാം, മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഏതൊക്കെ തരത്തില്‍ വിലക്ക് വരാം, വിലക്കിനെ ഏത് നിലയിലാണ് നേരിടേണ്ടത്, തുടങ്ങിയ കാര്യങ്ങളില്‍ നമുക്ക് വളരെ വ്യക്തമായ ചിത്രം നല്‍കുന്ന വിധി പ്രസ്താവമാണ് പുറത്ത് വന്നിരിക്കുന്നത്.
മാധ്യമസ്വാതന്ത്ര്യം പരമപ്രധാനമാണ്, അതിന്മേല്‍ കത്തി വെക്കുന്ന ഒരു നടപടിയെയും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം സുപ്രീം കോടതി പറഞ്ഞു വെക്കുകയാണ്. മീഡിയ വണിന് എതിരായി കേന്ദ്ര സര്‍ക്കാര്‍ തെളിവുകള്‍ എന്ന നിലയില്‍ സുപ്രീം കോടതിയില്‍ സീല്‍ഡ് കവറില്‍ സമര്‍പ്പിച്ച കാര്യങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നതല്ലെന്നും നീതിക്ക് നിരക്കുന്നതല്ലെന്നും വ്യക്തമായി പറഞ്ഞിരിക്കുന്നു.
മാത്രമല്ല, മീഡിയാവണിന്റെ നടത്തിപ്പ്, ഉള്ളടക്കം, ഓപ്പറേഷണല്‍ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം ഈ ചാനല്‍ ഒരു തരത്തിലും രാജ്യത്തിന്റെ ദേശസുരക്ഷക്ക് ഭീഷണിയല്ലെന്ന നിഗമനത്തില്‍ സുപ്രീം കോടതി എത്തുകയും ചെയ്യുന്നു.
ഇത് പോലെ ഒരുപക്ഷേ സുതാര്യത തെളിയിക്കാന്‍ കഴിഞ്ഞിട്ടുള്ള ചാനല്‍ വേറെയുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ നമുക്ക് പറയാന്‍ സാധിക്കില്ല. ഇതുവരെ വളരെ തിളക്കമുണ്ടായിരുന്ന മീഡിയ വണിനെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുന്ന വിധിയാണിത്.
ദേശസുരക്ഷ എന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടതില്ല, അങ്ങനെ പേടിപ്പിച്ചാല്‍ ഉടനെ എല്ലാം അംഗീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതണ്ട എന്ന് നേരത്തെ തന്നെ സുപ്രീം കോടതി വിധി പ്രസ്താവത്തില്‍ വന്നതാണ്. അത് ഒന്നു കൂടി ഉറപ്പിക്കുകയാണ് ഇത്തവണ സുപ്രീം കോടതി ചെയ്തിരിക്കുന്നത്.
ദേശസുരക്ഷ തീര്‍ച്ചയായും പ്രധാനമാണ്, അത് ജുഡീഷ്യല്‍ റിവ്യൂവിന് മുകളിലാണെന്ന് സംശയമില്ല, പക്ഷേ അതേസമയം ആ പേര് പറഞ്ഞ് എന്തും നടത്തിക്കളയാമെന്ന ധാരണ കേന്ദ്ര സര്‍ക്കാരിന് വേണ്ട എന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്. അതിനുള്ള കാരണങ്ങള്‍ പരിശോധിച്ച് വസ്തുതകള്‍ പരിശോധിച്ച് മാത്രമേ നമുക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുകയുള്ളൂ.
മാത്രമല്ല, സീല്‍ഡ് കവര്‍ ഒട്ടും നീതിയുക്തമല്ല, അതുമായി മുന്നോട്ട് പോകുന്നത് സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കില്‍ ഒട്ടും ഗുണകരമല്ലെന്ന തീര്‍പ്പും സുപ്രീം കോടതി ഈ വിധിയിലൂടെ നല്‍കുന്നു,’ പ്രമോദ് രാമന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
മീഡിയ വണ്‍ ചാനലിന്റെ വിലക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചാണ് റദ്ദാക്കിയത്.
സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന് പറയുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും കോടതി അറിയിച്ചു. സകല മാധ്യമങ്ങളും കൂടെ നില്‍ക്കണമെന്നത് സര്‍ക്കാരിന്റെ തെറ്റായ ചിന്തയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളത് രാജ്യവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രം നാല് ആഴ്ചക്കകം ലൈസന്‍സ് പുതുക്കി നല്‍കണമെന്നും സുപ്രീം കോടതി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് മീഡിയാ വണിന്റെ പ്രവര്‍ത്താനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ മീഡിയാ വണ്‍ ചാനല്‍ ഉടമകളോ ജീവനക്കാരോ ദേശസുരക്ഷയ്ക്ക് ദോഷകരമായ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ ഹരജി നല്‍കുകയായിരുന്നു.
വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെ മീഡിയാ വണ്‍ ഹൈക്കോടതിയെയായിരുന്നു സമീപിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി കേന്ദ്ര തീരുമാനം ശരിവെച്ചതോടെ മീഡിയാ വണ്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
content highlight: pramod raman about supreme court verdict in media one case