| Thursday, 24th June 2021, 12:22 pm

എം.സി. ജോസഫൈന്‍ ഇനിയും ആ സ്ഥാനത്ത് തുടരുന്നത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്

പ്രമോദ് പുഴങ്കര

എം.സി. ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്യണം. ഇത്രയും ദുരധികാര പ്രമത്തയായ മട്ടില്‍ പെരുമാറുന്ന ഒരാള്‍ സമൂഹത്തില്‍ ഏറ്റവുമധികം പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ഇരിക്കുന്നത് എന്നതൊരു വിരോധാഭാസമാണ്. ഇതാദ്യത്തെ തവണയല്ല അവര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത്. അധികാര സ്ഥാനങ്ങളിലെത്തിയാല്‍ ജനം അടിമകളാണെന്നു കരുതുന്ന ജനാധിപത്യവിരുദ്ധമായ പൊതു അധികാരി വര്‍ഗ ബോധത്തിന്റെ ഏറ്റവും ജീര്‍ണ്ണമായ നാക്കാണ് ജോസഫൈനിന്റേത്.

നമ്മുടെ ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വത്തിന്റെ പൊതുസ്വഭാവം പറയുന്നതും പറയാത്തതുമായി ഇതൊക്കെത്തന്നെയാണ് എന്നത് മറ്റൊരു കാര്യം. എന്നാല്‍ ലോകം മുഴുവന്‍ ജോസഫൈനെ പോലൊരു ദുരധികാര രൂപത്തെ സഹിക്കേണ്ട ബാധ്യത ജനത്തിനില്ല. പുരുഷാധിപത്യ സമൂഹത്തിന്റെ അതെ ആണധികാര ഭാഷയില്‍ സംസാരിക്കുന്ന ഈ സ്ത്രീ വനിതാ കമ്മീഷന്‍ അധ്യക്ഷയാണ് എന്നത് നമ്മുടെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള വക്രീകരിച്ച പൊതുധാരണയുടെ പ്രതിഫലനം കൂടിയാണ്.

ഏതു പൊലീസ് സ്റ്റേഷനിലും ധൈര്യമായി കേറിച്ചെന്ന് പരാതി പറഞ്ഞു ആത്മാഭിമാനത്തോടെ തിരിച്ചുപോരാന്‍ ഒരു പൗരന് ആത്മവിശ്വാസമില്ലാത്ത നാട്ടിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ത്രീധന പീഡന പരാതി പോലീസില്‍ നല്‍കിയില്ലെങ്കില്‍ ‘എന്നാ അനുഭവിച്ചോ’ എന്ന് ഒരു സ്ത്രീയെ പുച്ഛിക്കുന്നത്.

പീഡന പരാതി പറയുന്ന ഒരു സ്ത്രീയുടെ പേര് പരസ്യമായി ടെലിവിഷനില്‍ ചോദിച്ച് അത് വിളിച്ചു പറയുന്നതിലെ സുരക്ഷ, സ്വകാര്യത പ്രശ്‌നങ്ങളൊന്നും വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് അറിയില്ലേ? ഈ ദുഷ്പ്രഭ്വി രാജിവെച്ചു പോകുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. പൊലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പരാതിയുമായി ചെന്നാലുള്ള അവസ്ഥ അദ്ധ്യക്ഷ മഹോദയക്ക് അറിയാഞ്ഞിട്ടാവില്ല.

എന്റെ നാട്ടുകാരിയായ വിധവയായ ഒരു സ്ത്രീ അയല്‍പക്കത്തുള്ള ആഭാസന്റെ ശല്യം സഹിക്കാതെ പല തവണ പോലീസില്‍ പരാതിപ്പെട്ടു. തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും പാതിരാക്ക് വീടിനു മുകളിലേക്ക് കല്ലെറിയുകയും വഴിയില്‍ തടയുകയുമൊക്കെയായിരുന്നു അയാള്‍ ചെയ്തിരുന്നത്. പരാതി കേള്‍ക്കാന്‍ ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്ന് മാത്രമല്ല (അങ്ങനെയല്ല ചെയ്യേണ്ടത്, അവരുടെ വീട്ടില്‍ ചെന്നാണ് പരാതി വിവരം അന്വേഷിക്കേണ്ടത്) പോലീസുകാര്‍ അവരെ സ്റ്റേഷനില്‍ വെച്ചുപദേശിച്ചത് അക്രമിയെ വിവാഹം കഴിക്കാനാണ്. അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കാന്‍.

കല്യാണമാണ് പൊലീസിന്റെ സംരക്ഷണ പരിപാടി. പാതിരാത്രി കല്ലേറും അക്രമവും ഉണ്ടായപ്പോള്‍ പോലീസിനെ വിളിച്ച് അവര്‍ വന്നപ്പോള്‍ ആ പാതിരാത്രിയിലും പോലീസുകാര്‍ ഉപദേശിച്ചത് മറ്റെവിടെയെങ്കിലും വീട് വെച്ച് മാറാനോ അല്ലെങ്കില്‍ കല്യാണം കഴിക്കാനോ ആണ്. പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു വനിതാ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥ. ഒടുവില്‍ പൊലീസുകാരെ നേരിട്ട് വിളിച്ച് ഇത്തരത്തില്‍ അവരുടെ പരാതി കൈകാര്യം ചെയ്യുന്നത് ശരിയല്ല എന്ന് ഇടപെട്ട പ്രിയയോട് (സാമൂഹ്യപ്രവര്‍ത്തകയായ പ്രിയ പിള്ള) ഇത് നിങ്ങളുടെ വിഷയമല്ല, നിങ്ങളിടപെട്ടതുകൊണ്ടാണ് ആ സ്ത്രീ പരാതി പിന്‍വലിക്കാത്തത് എന്നാണ് വനിതാ സെല്‍ പറഞ്ഞത്.

പിറ്റേന്ന് വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പരാതി പിന്‍വലിക്കാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും നമ്മള്‍ ഇടപെട്ട് അത് തടയുകയായിരുന്നു. ഇത്രയും വിശദമായി ഈ സംഭവം പറഞ്ഞത്, എന്തുകൊണ്ട് പരാതി നല്‍കിയില്ല എന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പുച്ഛം തെളിയുമ്പോഴാണ്. അന്യനായ ഒരാളുടെ ശല്യത്തെക്കുറിച്ചുള്ള പരാതിയില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ നല്‍കുന്ന പരാതിയില്‍ പോലീസ് സ്റ്റേഷനുകളിലെ സദാചാര ഏമാന്മാരുടെ സമീപനം എന്താണെന്നതിനു നിരവധി അനുഭവങ്ങള്‍ വേറെയുണ്ട്.

ജോസഫൈനിനെ പോലെ ഒരു വാസത്തിനും കൊള്ളാത്ത ഒരു ദുരധികാര പ്രമത്തയെ ചുമന്നുകൊണ്ട് അവരുടെ ശിഷ്ട ജീവിതത്തെ തൃപ്തിപ്പെടുത്തേണ്ട കാര്യം ജനത്തിനില്ല. അവര്‍ സി.പി.ഐ.എം കേന്ദ്ര സമിതി അംഗമാണ്. അവര്‍ക്ക് കമ്മ്യൂണിസ്റ്റുകാരി എന്നുള്ള സാമാന്യ രാഷ്ട്രീയധാരണയൊക്കെ നഷ്ടമായിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ ഈ അധികാരാശ്ലീലം. എം.സി. ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെക്കണം. അവരാ സ്ഥാനത്ത് തുടരുന്നത് കേരളത്തിന്റെ പൊതുസമൂഹത്തിനോടും വിശിഷ്യാ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ്.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pramod Puzhankara Writes – Women Commission – M.C. Josephine

പ്രമോദ് പുഴങ്കര

സുപ്രീംകോടതി അഭിഭാഷകന്‍

Latest Stories

We use cookies to give you the best possible experience. Learn more