റഫീഖ് അഹമ്മദിന് അഭിപ്രായ സ്വാതന്ത്യമുള്ളത് പോലെ, മറ്റാര്‍ക്കുമുള്ളതുപോലെ മുന്‍ പി.എസ്.സി അംഗവും കഥാകൃത്തും പു.ക.സ ഭാരവാഹിയുമായ അശോകന്‍ ചരുവിലിനുമുണ്ട്.
അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഒരു സംവാദത്തിന് പകരം അദ്ദേഹത്തെ തെറിപറയുന്ന ആള്‍ക്കൂട്ടം രാഷ്ട്രീയമായ ജനാധിപത്യ ബോധമുള്ളവരോ ഏതെങ്കിലും രാഷ്ട്രീയസമരത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്നവരോ അല്ല. അത്തരത്തിലുള്ള എല്ലാ ആക്രോശങ്ങളെയും ഒരു മടിയും കൂടാതെ തള്ളിപ്പറയുന്നു.
അതായത് അശോകന്‍ ചരുവിലിന്റെ അഭിപ്രായങ്ങള്‍ക്കൊപ്പമല്ല, അത് പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തിനൊപ്പമാണ്. എവിടെ, തെറിയെവിടെ ആള്‍ക്കൂട്ടമെവിടെ എന്ന അന്വേഷണം നടത്തുകയല്ല അതിന് വേണ്ടതും.
പുരോഗമന കലാസാഹിത്യസംഘത്തിന്റെ ഏറ്റവും ജീര്‍ണമായ നേതൃത്വമാണ് അശോകന്‍ ചരുവിലടക്കമുള്ളവരുടെ കാലത്തുള്ളത്. കൊവിഡ് ബോധവല്‍ക്കരണത്തിന് നമ്പൂരിയുടെ അയിത്തബോധത്തിന്റെ മഹത്വമടക്കം വിളമ്പിയ കലാസൃഷ്ടികള്‍ പുറത്തിറക്കിയ ജില്ലാ നേതൃത്വം. വിമര്‍ശനങ്ങള്‍ ഏറെയുയര്‍ന്നപ്പോഴാണ് അത് പിന്‍വലിച്ചത്.
കേരളത്തിലെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മാത്രമല്ല രാഷ്ട്രീയ ഇടപെടലുകളിലെ ഇടതുപക്ഷ ബോധത്തെയും ഇടതുപക്ഷ സാംസ്‌കാരികബോധത്തെയും കേവലമായ വാഴ്ത്തുപാട്ടുകളാക്കി മാറ്റുന്ന പ്രക്രിയയുടെ ഏറ്റവും ഭീഷണവും ദുരന്താത്മകവുമായ ചിത്രങ്ങളാണ് കാരണഭൂതനെ വാഴ്ത്തുന്ന തിരുവാതിരക്കളിയായി പുറത്തുവന്നത്.
അതിന്റെ വരികള്‍ മോശമായി എന്നതില്‍ സൂക്ഷ്മമായ ഒതുക്കം പാലിച്ച് പറഞ്ഞുപോകുക എന്നതല്ല, അത്തരമൊരു സ്തുതിയുടെ രാഷ്ട്രീയാന്തരീക്ഷം സാധ്യമാകുന്ന തരത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകങ്ങളെ വരെ മാറ്റിയെടുത്ത അധികാരഘടന രൂപപ്പെട്ടു എന്നതിനോട് വിധേയത്വം നിറഞ്ഞ നിശബ്ദതയാണ് അവര്‍ പുലര്‍ത്തുന്നത്.
അതായത് ഇടതുപക്ഷ സാസ്‌കാരിക പ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയ ജാഗ്രതയെ പണയം വെച്ചിരിക്കുന്നു എന്നതാണ്. അതുകൊണ്ടാണ് സവര്‍ണ, പുരുഷാധിപത്യ ജാതിബോധത്തിന്റെയും അതിന്റെ ഫലഭൂയിഷ്ഠമായ ഹിംസാത്മകമായ വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വിളനിലങ്ങളായ സിനിമകള്‍ സൃഷ്ടിച്ച ഒരാളെ കേരളത്തിന്റെ ചലച്ചിത്ര മേഖലയെ നയിക്കാന്‍ ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കുമ്പോള്‍ അത്രയും കാലം മലയാള സിനിമയുടെ പൂമുഖത്ത് ഓട്ടുകിണ്ടിയും ഓലക്കുടയും സവര്‍ണ മേദസ്സുള്ള ശരീരങ്ങളും സദിരുമെന്ന് പറഞ്ഞവര്‍ പോലും ബാക്കിയുള്ള സ്ഥാനങ്ങള്‍ ഇനിയും പങ്കുവെക്കാനുണ്ടല്ലോ എന്ന ആഗ്രഹാമോദത്താല്‍ നിശബ്ദരാകുന്നത്.
റഫീഖ് അഹമ്മദിന്റെ കവിത ഒരു രാഷ്ട്രീയ പ്രതികരണമാണ്. അതില്‍ കാവ്യഗുണം തീരെയില്ല, അയ്യോ റഫീഖെ കഷ്ടമായിപ്പോയി ഇനിയെങ്ങനെ നിങ്ങളെ വായിക്കും എന്നൊക്കെയുള്ള പരിഹാസവിലാപങ്ങള്‍ അതുകൊണ്ടുതന്നെ വെറും സമയംപോക്കാണ്.
‘സ്റ്റാലിന്റെ മീശ താന്‍ മീശ’, എന്ന കവിതയിലൂടെയല്ല ചങ്ങമ്പുഴ ഓര്‍മിക്കപ്പെടുന്നത്, സ്റ്റാലിനും ഓര്‍മിക്കപ്പെടുന്നത്. ‘എന്റെ ഗുരുനാഥന്‍’ എന്ന വള്ളത്തോള്‍ കവിത വള്ളത്തോളിന് ഗാന്ധിയോടും ദേശീയപ്രസ്ഥാനത്തോടും അതിന്റെ രാഷ്ട്രീയത്തോടുമുള്ള പ്രതിപത്തിയുടെ കവിതാരൂപം എന്നല്ലാതെ വള്ളത്തോളിന്റെ മഹത്തായ കവിതയുമല്ല.
കവി രാഷ്ട്രീയം പറയുമ്പോള്‍ അതില്‍ കാവ്യഗുണം മുന്തിനില്‍ക്കണമെന്നില്ല. എന്നുവെച്ച് ആര്‍ക്കെങ്കിലും കവിത ഇഷ്ടമായില്ല എന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല.
കെ ദാമോദരന്‍ എഴുതുന്നുണ്ട്, ‘1931ല്‍ ടി. ആര്‍. കൃഷ്ണസ്വാമി അയ്യരുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന ‘യുവഭാരതം’ എന്ന വാരികയില്‍ ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തുകൊണ്ട്, ‘പാടില്ലപോല്‍ ചിലതു വായ്ക്കവതിനു മിണ്ടാന്‍/ പാടില്ലപോല്‍ ചിലതൊക്കെ നിഷിദ്ധമത്രെ!’ എന്നും ‘തീണ്ടാടിവന്ന പരദേശികളേ! ഭവാന്മാ/ര്‍ക്കുണ്ടാകുമോ കരുണ ഞങ്ങളിലെന്തുകൊണ്ടും?/ കൊണ്ടാടി നാടുഭരിച്ചതുകൊണ്ടു, വേണ്ട/ വേണ്ടാ മടങ്ങുകിനി വന്ന വഴിക്കുതന്നെ.’ എന്നും മറ്റുമടങ്ങിയ ഏതാനും ശ്ലോകങ്ങളെഴുതിയ സുബ്രഹ്മണ്യന്‍ തിരുമുമ്പിന് ഒമ്പതു മാസത്തെ ജയില്‍ശിക്ഷ കിട്ടിയത് ഞാനോര്‍ക്കുന്നു.
തിരുമുമ്പിനെ രക്ഷിക്കാന്‍ വേണ്ടി സാക്ഷിപറയാന്‍ കോടതിയില്‍ ഹാജരായത്, ഒരു പഴഞ്ചന്‍ സാഹിത്യകാരനെന്നു പലരും കരുതിയിരുന്ന കുട്ടമത്ത് കണ്ടിയൂര്‍ കുഞ്ഞികൃഷ്ണക്കുറുപ്പായിരുന്നു എന്നുകൂടി ഇവിടെ അനുസ്മരിക്കുന്നത് നന്ന്.
‘തിരുമുമ്പിനെ ശിക്ഷിച്ചത് ശ്ലോകങ്ങള്‍ക്ക് കാവ്യഗുണമില്ല എന്ന് പറഞ്ഞല്ല. ഈയെഴുത്ത് ‘അത്ര ഗുണം പോരാ’ എന്ന് ഭരണകൂടത്തിന് തോന്നിയതുകൊണ്ടാണ്. കാവ്യഗുണം അത്രയൊന്നുമില്ലാത്ത കവിതകളും കഥകളുമൊക്കെ ഒരു രാഷ്ട്രീയ പ്രയോഗത്തിന്റെ ഭാഗമായി ഉണ്ടായേക്കും. പു.ക.സയെപ്പോലെ അതറിയാവുന്നവര്‍ മറ്റാരുണ്ട്!
എതിര്‍ശബ്ദങ്ങളോട്, വിമതന്മാരോട് എങ്ങനെ പ്രതികരിക്കണം എന്നതിന്റെ രാഷ്ട്രീയസൂചന നല്‍കുന്നത് രാഷ്ട്രീയ നേതൃത്വമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം അതിന്റെ ചരിത്രത്തില്‍ ഏറിയ കാലവും ആശയസംവാദവും സമരങ്ങളും ഒരേപോലെ കൊണ്ടുനടന്നിരുന്നു.
രൂപഭദ്രന്മാരും ജീവത്സാഹിത്യ വാദികളും തമ്മിലുള്ള സംഘര്‍ഷത്തിലും അവര്‍ മുന്നില്‍ നിന്നത് അങ്ങനെയായിരുന്നു. വിരട്ടുവേണ്ട, മുഷ്‌കുവേണ്ട എന്ന മട്ടില്‍മാത്രം സംസാരിക്കുന്ന കേരള മുഖ്യമന്ത്രിയടക്കമുള്ള നേതൃത്വം ഇപ്പോള്‍ നല്‍കുന്ന സൂചനകള്‍ നിര്‍ഭാഗ്യവശാല്‍ അതല്ല.
ഞങ്ങള്‍ക്ക് കടന്നലുകളുണ്ട് എന്നാണ് പറയുന്നത്. കടന്നലുകളുടെ ആക്രമണസ്വഭാവം തന്നെ അപകടസൂചന കിട്ടിയാല്‍ യുക്തിരഹിതമായി കണ്മുന്നില്‍ പെടുന്നവരെ ആക്രമിക്കുക എന്നതാണ്. സ്വന്തം അണികളെ വിവേചനബുദ്ധിയില്ലാത്ത പ്രാണികളോട് ഉപമിക്കുന്ന അധികാരബോധത്തിന്റെ ഉള്‍ബലം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
നിരന്തരമായി ഉയര്‍ത്തുന്ന ഒരു വാദമാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതവും വെട്ടുവഴിക്കവികളുമൊക്കെ. വാസ്തവത്തില്‍ എന്തുകൊണ്ടാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ സമീപകാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതകമായതും നിരവധിപേര്‍ പ്രതികരിച്ചതും?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഭിന്നാഭിപ്രായങ്ങളുമായി വിട്ടുപോരികയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടരുകയും ചെയ്ത ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അത് കമ്മ്യൂണിസ്റ്റുകാരനെ പാര്‍ട്ടി വിട്ടതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ അറിവോടെ കൊന്ന ഏറ്റവും ഹീനമായ സംഭവമായതുകൊണ്ടാണ്.
അത് നടത്താന്‍ കൊലപാതകവും ഗുണ്ടാപ്പണിയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കൊടിയുടെ മറയില്‍ നടത്തുന്ന ഗുണ്ടാസംഘങ്ങളെക്കൊണ്ട് നടത്തിച്ചതായതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റുകാരനായി രാഷ്ട്രീയം പറയാന്‍ കേരളത്തില്‍ ഒരാള്‍ക്കുള്ള സ്വാതന്ത്ര്യം ഒരു സംഘടനയുടെ നേതൃത്വത്തെയോ സംഘടനയെയോ ചോദ്യം ചെയ്യാതിരിക്കുന്നിടത്തോളം കാലം മാത്രമേയുള്ളൂ എന്ന ജനാധിപത്യവിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായ ഭീഷണിയുടെ ഭീകരത തിരിച്ചറിഞ്ഞതുകൊണ്ടാണ്.
അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ടതാണ് എന്നും ആ വധമുണ്ടാക്കിയ രാഷ്ട്രീയ രോഷവും നമുക്കറിയാം. അതേ സാമൂഹ്യ-രാഷ്ട്രീയ പ്രതിഫലനം മറ്റൊരു സഖാവ് കൊല്ലപ്പെടുമ്പോള്‍ ഉണ്ടായില്ലെങ്കില്‍ അതിനര്‍ത്ഥം ആ കൊലപാതകം ന്യായമാണ് എന്നല്ല ഓരോന്നുമുണ്ടാക്കുന്ന സാമൂഹ്യാഘാതത്തിന് മാറ്റമുണ്ട് എന്ന വസ്തുതകൊണ്ടാണ്.
ടി.പിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച കവികളെയും എഴുത്തുകാരെയുമൊക്കെ വെട്ടുവഴിക്കവികളാക്കി മാറ്റിയത് ഈ കടന്നല്‍ബോധം കൊണ്ടാണ്. ഒപ്പം അത്തരം ആക്രമണങ്ങള്‍ക്കൊണ്ട് പ്രതിരോധിക്കേണ്ട തരത്തിലുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവിരുദ്ധമായ ഒരു അധികാരരാഷ്ട്രീയം പാര്‍ട്ടിക്കുള്ളില്‍ ഒരു ഭാഗത്ത് ശക്തിപ്രാപിക്കാന്‍ തുടങ്ങിയതുകൊണ്ടുമാണ്.
ആ അധികാരകേന്ദ്രീകരണമാണ് ഇന്നിപ്പോള്‍ ചരിത്രപുരുഷനിലും കാരണഭൂതവിജയം തിരുവാതിരയിലും എത്തിനില്‍ക്കുന്നത്. കെ റെയില്‍/ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ പല തലത്തിലും പല ജ്ഞാനശാഖകളിലും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതുമാണ്.
അത്തരമൊരു കൂറ്റന്‍ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ രാജ്യസുരക്ഷയും ബൗദ്ധിക സ്വത്തവകാശനിയമവും ഒക്കെപ്പറഞ്ഞുകൊണ്ട് പരസ്യമാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണറെ വരെ മുഖ്യമന്ത്രിയുടെ ‘പൗരപ്രമുഖ’ യോഗത്തില്‍ വിളിച്ചുകൊണ്ടുവന്ന് സാക്ഷ്യം പറയിച്ചു.
എന്നിട്ട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പദ്ധതിയുടെ വിശദരേഖ-DPR-പുറത്തുവിട്ടു. അപ്പോള്‍ ആദ്യം പറഞ്ഞതൊക്കെയോ? ജനങ്ങളെ പറ്റിക്കാനുള്ള വെറും കള്ളങ്ങള്‍!
ഇത്തരത്തില്‍ ജനങ്ങളോട് നിരന്തരമായി നുണ പറയുന്ന ഒരു പദ്ധതിയാണ് ഒരു വശത്തുള്ളത്. ഇത്തരത്തിലൊരു പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നല്‍കുന്ന സംവാദ സൂചനകള്‍ എന്താണ്?
പൗരപ്രമുഖര്‍ എന്ന പേരില്‍ കുറെ ധനികരെ ബോധ്യപ്പെടുത്തിയാല്‍ മതി എന്ന രാജസദസ്സുകള്‍ എന്തുതരം ജനാധിപത്യബോധമാണ് നല്‍കുന്നത്? മുഖ്യമന്ത്രിയുടെ ഭാഷയില്‍ ‘മുഷ്‌ക് വേണ്ട, വിരട്ടല്‍ വേണ്ട’ എന്നൊക്കെയാണ്. പദ്ധതി രേഖയുടെ വെളിപ്പെടുത്തലിലടക്കം ജനങ്ങളോട് കള്ളം പറയുന്ന നിങ്ങളല്ലേ ഹേ വിരട്ടുന്നതും മുഷ്‌ക് കാണിക്കുന്നതും!
പാരിസ്ഥിതിക രാഷ്ട്രീയത്തെയും മുതലാളിത്ത വികസന മാതൃകയുടെ നശീകരണ സാധ്യതകളുള്ള പകര്‍ത്തിവെക്കലുകളോടുള്ള മാര്‍ക്‌സിയന്‍ രാഷ്ട്രീയത്തിന്റെ എതിര്‍പ്പിനെയും കണ്ണാന്തളിപ്പൂക്കള്‍ക്കും പുള്ളിപ്പാവാടയിട്ട കനകലതയ്ക്കും വേണ്ടിയുള്ള ഗൃഹാതുരത്വമായി എഴുതുന്ന അശോകന്‍ ചരുവിലിനെപ്പോലുള്ളവരുടെ വലിയൊരു സംഘം ഇത്തരം പദ്ധതികള്‍ക്കായുണ്ട്. സ്വാഭാവികമാണ്. ഒരു പക്ഷെ കൂടുതല്‍ ശക്തവുമായ ഭാഗത്താണ്.
അതുകൊണ്ടൊന്നും പൊതുസമൂഹത്തിന്റെ സമ്പത്ത് ഭീമമായ തോതില്‍ ചെലവാക്കിക്കൊണ്ട് യാതൊരുവിധത്തിലും ഭാവിവികസനത്തിന്റെ മൂര്‍ത്തസാധ്യതകള്‍ അവതരിപ്പിക്കാന്‍ കഴിയാത്ത, വികസനവും വേഗവുമെന്ന് നിരന്തരം പറഞ്ഞുകൊണ്ട് Propaganda machineryയുടെ ബലത്തിലും അധികാരത്തിന്റെ മര്‍ദ്ദന സാധ്യതകളിലും ഇത്തരത്തിലുള്ള പദ്ധതിയുടെ നടത്തിപ്പ് സാധ്യമാകും എന്ന് കരുതുന്ന ഒരു ഭരണകൂടത്തിനോടുള്ള ചോദ്യങ്ങളും ചെറുത്തുനില്‍പ്പുകളും അവസാനിക്കില്ല.
സംവാദമേഖലകളില്‍ ജനാധിപത്യമല്ലാതെ മറ്റൊരു വ്യാകരണമില്ല എന്നതില്‍ തര്‍ക്കമില്ല. എതിരഭിപ്രായങ്ങളെ ‘രോദനം, അവറ്റകളുടെ നിലവിളി…’ തുടങ്ങി നിരവധിയായ അപശബ്ദങ്ങള്‍ക്കൊണ്ട് വളരെ ആത്മാര്‍ത്ഥമായിത്തന്നെ നേരിടുന്ന വലിയൊരു സംഘം ആളുകളുണ്ട്. അത്തരം ആള്‍ക്കൂട്ടങ്ങള്‍ക്ക് സമൂഹത്തിലെ രാഷ്ട്രീയവ്യവഹാരങ്ങളെ വിട്ടുകൊടുത്തുകൂടാ.
ഇടതുപക്ഷത്തിന് വേണ്ടി എന്ന പേരില്‍ ഇത്തരം കടന്നല്‍ക്കൂട്ടങ്ങളുണ്ടാക്കുന്നവരും വലതുപക്ഷ ആള്‍ക്കൂട്ടാക്രമണകാരികളും ഇക്കാര്യത്തില്‍ ഒരേ വലതുപക്ഷ രാഷ്ട്രീയയുക്തിയാണ് പ്രയോഗിക്കുന്നത്.
അതുകൊണ്ട് രാഷ്ട്രീയനിലപാടുകള്‍ സങ്കീര്‍ണ്ണമായ ഒന്നാകുന്നത് അത്ര അസാധാരണമായ കാര്യമല്ല.
Content Highlight: Pramod Puzhankara writes about writers Rafeeq Ahamed’s and Ashokan Charuvil’s facebook posts on K Rail and the cyber attacks