| Thursday, 29th July 2021, 4:06 pm

നിയമസഭാംഗങ്ങളുടെ കുറ്റകൃത്യങ്ങള്‍ക്ക് ചെല്ലും ചെലവും കൊടുക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ല | പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

കേരള നിയമസഭയില്‍ 2015 മാര്‍ച്ച് 13-നു നടന്ന സംഭവങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിധി വിശാലാര്‍ത്ഥത്തില്‍ സ്വാഗതാര്‍ഹമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 105-ഉം 194 -മാണ് പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും നടത്തിപ്പിലേയും അംഗങ്ങളുടെയും അധികാരാവകാശങ്ങള്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ ഇതെല്ലാം തന്നെ സഭയില്‍ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ആദ്യന്തമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി അംഗങ്ങള്‍ക്കും സഭാ നടപടികള്‍ക്കുമുള്ള നിയമപരിരക്ഷയാണ്. അതെല്ലാം ഈ ആര്‍ട്ടിക്കിളുകള്‍ വായിച്ചാല്‍ വ്യക്തമാകും.

എന്നാല്‍ പാര്‍ലമെന്റ് / നിയമസഭാ അംഗങ്ങള്‍ നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഈ പരിരക്ഷ ലഭിക്കില്ല എന്നതാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയത്. പൊതുമുതല്‍ നശിപ്പിക്കുക ശിക്ഷാര്‍ഹമായ ഒരു കുറ്റമായിരിക്കുന്നിടത്തോളം ആ കൃത്യം ചെയ്ത അംഗങ്ങള്‍ക്ക് ഇത്തരത്തിലൊരു പരിരക്ഷ അവകാശപ്പെടാനാകില്ല. ഇതൊരു ആരോഗ്യകരമായ രാഷ്ട്രീയ ബോധമുള്ള ജനാധിപത്യ സമൂഹത്തിന്റെ നിലപാടാകേണ്ടതാണ്.

നിയമസഭയില്‍ ചോദ്യം ചോദിക്കുന്നതു, ഉത്തരം ലഭിക്കുന്നതോ ബഹളം കൂടിത്തന്നെ സഭാ നടപടികള്‍ തടസപ്പെടുത്തുന്നതോ ഒക്കെ സഭയിലെ പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി സ്പീക്കര്‍ കൈകാര്യം ചെയ്യേണ്ടതാണ്. അതെല്ലാം അഭിപ്രായ സ്വാതന്ത്യത്തിന്റെയും അതിന്റെ നടപടിക്രമ ലംഘനങ്ങളുടെയും ഭാഗമാണ്. അഴിമതിയാരോപണം നേരിട്ടിരുന്ന കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്ന അന്നത്തെ പ്രതിപക്ഷ നിലപാടും തീര്‍ത്തും ന്യായമായ പ്രതിഷേധമാണ്. എന്നാല്‍ അതിന്റെ പേരില്‍ സഭയിലെ ഇരിപ്പിടങ്ങള്‍ തകര്‍ക്കുകയും കംപ്യൂട്ടര്‍ അടക്കമുള്ള സാധന സാമഗ്രികള്‍ തകര്‍ക്കുകയും ചെയ്യുമ്പോള്‍ അത് കുറ്റകൃത്യമാണ്. പൊതുമുതല്‍ നശിപ്പിക്കലാണ്. നിങ്ങള്‍ക്ക് യാതൊരു അധികാരവുമില്ലാത്ത ഒരു കുറ്റകൃത്യം പരസ്യമായി ചെയ്യുകയാണ്.

തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച തെറ്റിദ്ധാരണയല്ല മറിച്ച് ബോധപൂര്‍വ്വമുള്ള തെറ്റിദ്ധരിപ്പിക്കലാണ് ഇന്ത്യയിലെ പാര്‍ലമെന്റ്/നിയമസഭാ അംഗങ്ങള്‍ മിക്കപ്പോഴും നടത്തുന്നത്. ഇതിനു മുമ്പ് സുപ്രീം കോടതി തന്നെ ഈ വിഷയത്തില്‍ നടത്തിയ തെറ്റായ ഒരു വ്യാഖ്യാനത്തെ മാറ്റുന്നതിനുള്ള സാദ്ധ്യതകള്‍ പുതിയ വിധിയിലുണ്ട്. 1998-ല്‍ പി.വി. നരസിംഹറാവു കേസില്‍ പാര്‍ലമെന്റില്‍ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കാന്‍ ചില എം.പി.മാര്‍ക്ക് കോഴ കൊടുത്തതും അവരത് വാങ്ങിയതുമായ സംഭവത്തില്‍ സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയില്‍ കോഴ വാങ്ങിയ എം.പി.മാര്‍ക്ക് ഭരണഘടന പാര്‍ലമെന്റംഗങ്ങളുടെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പരിരക്ഷ ലഭിക്കുമെന്നാണ് വിധിച്ചത്.

എന്നാല്‍ ജസ്റ്റിസുമാരായ അഗര്‍വാലയും എ.എസ്. ആനന്ദും നല്‍കിയ വിയോജനവിധി ഇതിനെതിരായിരുന്നു. ഇത്തരത്തില്‍ ശിക്ഷാര്‍ഹമായ കോഴ വാങ്ങല്‍ സംഭവത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പരിരക്ഷ നല്‍കിയാല്‍ അത് പാര്‍ലമെന്ററി ജനാധിപത്യത്തെ അവഹേളിക്കുന്നതിന് തുല്യവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനവുമാകുമെന്ന് വിയോജന വിധിയില്‍ അവര്‍ പറഞ്ഞു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിയമവാഴ്ചയുടെ അട്ടിമറിയാകും ഇത്തരത്തില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്കും ഭരണഘടന പരിരക്ഷ നീട്ടി നല്‍കുന്നത് എന്നായിരുന്നു വിയോജന വിധിയുടെ സാരം.

അന്നത്തെ വിയോജനവിധി മറ്റൊരര്‍ത്ഥത്തില്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ഇപ്പോള്‍ സുപ്രീം കോടതി ചെയ്തിരിക്കുന്നത്. നിയമസഭാംഗങ്ങള്‍ക്ക് എല്ലാ വിധ സൗകര്യത്തോടും കൂടെ ഇരിക്കാനും ജീവിക്കാനുമുള്ള ചെലവ് നല്‍കുന്നതും അതിനുള്ള സാധന സാമഗ്രികള്‍ വാങ്ങി നല്‍കിയിരിക്കുന്നതും ഈ നാട്ടിലെ ജനങ്ങളാണ്. എം.എല്‍.എമാര്‍ക്ക് ക്ഷോഭം വന്നാല്‍ അവരതൊക്കെ തല്ലിത്തകര്‍ക്കുമെന്നും അടുത്ത സമ്മേളനത്തിന് മുമ്പായി ജനങ്ങള്‍ അതൊക്കെ വീണ്ടുമവര്‍ക്ക് വാങ്ങിനല്‍കണമെന്നും പറഞ്ഞാല്‍ അതംഗീകരിക്കാന്‍ കഴിയില്ല.

നിയമസഭ തല്ലിത്തകര്‍ക്കല്‍ ഒരു രാഷ്ട്രീയ പരിപാടിയായി പ്രഖ്യാപിച്ചാല്‍ അത് ജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. അതില്‍ തെറ്റുമില്ല. എന്നാല്‍ ഇന്ന് തല്ലിപ്പൊളിക്കുകയും നാളെ അതെ സഭയില്‍ പഴയ സൗകര്യങ്ങളെല്ലാം ജനങ്ങളുടെ ചെലവില്‍ പുനഃസ്ഥാപിച്ചു വീണ്ടും ആഹ്‌ളാദഭരിതരായി വരികയും ചെയ്യാനുള്ള വിരോധാഭാസത്തെയും ഔദ്ധത്യത്തെയും ജനാധിപത്യ സമൂഹം അംഗീകരിച്ചുകൂട.

ഇനി ഇത്തരത്തിലൊരു വിധി നിയമസഭയുടെ/പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ കോടതിയുടെ ഇടപെടലിന് വഴിതെളിക്കുമെന്ന വാദം തത്ക്കാലത്തേക്കെങ്കിലും ഒട്ടും നിലനില്‍ക്കില്ല. സ്പീക്കറുടെ തീരുമാനമാണ് സഭയെ സംബന്ധിച്ച അന്തിമ തീരുമാനം എന്നിരിക്കെത്തന്നെ ഇക്കഴിഞ്ഞ കാലങ്ങളില്‍ ഭരണഘടനയെയും ജനാധിപത്യത്തേയും അട്ടിമറിക്കുന്ന കുതിരക്കച്ചവടത്തിനു തടയിടാന്‍ കോടതിയുടെ ഇടപെടല്‍ നടത്താനുള്ള-judicial review ഭരണഘടനാധികാരം വളരെ സുവ്യക്തമായി കോടതി പ്രസ്താവിച്ചിട്ടുണ്ട്.

നിയമസഭ ആരുടേതാണ് എന്നാണ് യഥാര്‍ത്ഥ ചോദ്യം. അത് എം.എല്‍.എമാരുടേതല്ല, ജനങ്ങളുടേതാണ്. നിയമസഭാംഗങ്ങള്‍ കൂട്ടം ചേര്‍ന്ന് നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് ചെല്ലും ചെലവും കൊടുക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ല. പാര്‍ലമെന്റും നിയമസഭകളുമൊക്കെ കേവലം പൊറാട്ടു നാടക വേദികളായി മാറിത്തുടങ്ങിയിട്ട് നാളുകളായി. പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണ ചര്‍ച്ചകളുടെ സമയം നോക്കിയാല്‍ത്തന്നെ ഇത് മനസിലാക്കാന്‍ കഴിയും.

ഭീതിയും ആശങ്കയും കൂടാതെ നിയമനിര്‍മ്മാണ ചര്‍ച്ചകളിലും സഭാ സംവാദങ്ങളിലും നടപടികളിലും പങ്കെടുക്കാന്‍ ജനപ്രതിനിധികള്‍ക്ക് ഭരണഘടന പരിരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ മാറ്റ് പൗരന്മാര്‍ക്ക് തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യങ്ങള്‍ സഭാംഗങ്ങള്‍ എന്ന നിലയില്‍ സഭയ്ക്കകത്ത് ചെയ്യാന്‍ ഭരണഘടന പരിരക്ഷ നല്‍കുന്നില്ല. പൗരന്റെ പ്രതിനിധിയാണ് നിയമസഭാംഗം, പൗരനും നിയമവാഴ്ചക്കും മുകളിലുള്ള അതിമാനുഷനല്ല. ഈ വിധി അതൊന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ടെങ്കില്‍ അത്രയും നന്ന്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pramod Puzhankara writes about Kerala Assembly Fiasco

പ്രമോദ് പുഴങ്കര

സുപ്രീംകോടതി അഭിഭാഷകന്‍

We use cookies to give you the best possible experience. Learn more