കോഴിക്കോട്: ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അശാസ്ത്രീയവും അസംബന്ധവുമാണെന്ന് അഭിഭാഷകന്‍ പ്രമോദ് പുഴങ്കര.
മനുഷ്യരുടെ ആനന്ദങ്ങളെ ഇത്രയും ഭയത്തോടെയും അരക്ഷിതാവസ്ഥയോടെയും നേരിടുന്ന സമൂഹങ്ങള്‍ ലോകത്തില്‍ത്തന്നെ അധികമുണ്ടാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
പകല്‍ മുഴുവന്‍ പാര്‍ട്ടി സമ്മേളനങ്ങള്‍, ശിവഗിരി തീര്‍ത്ഥയാത്ര, ശബരിമല, ലുലു മാള്‍ എന്നിങ്ങനെ ജനം തിക്കിത്തിരക്കുന്നിടങ്ങളൊക്കെ പൊലീസ് കാവലാണ്. ഒരു പ്രശ്‌നവുമില്ല. എന്നാല്‍ മദ്യപിക്കുന്നവര്‍, രാത്രി വിരുന്നുകള്‍ നടത്തുന്നവര്‍ ഒക്കെ എന്തോ മഹാപരാധം ചെയ്യുന്നവരാണ് എന്നാണ് ഉത്തരവ്. എന്തൊരു അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങള്‍ വരുന്നു എന്നു കേട്ടതോടെ കേരള പൊലീസ് വീണ്ടും ജനത്തെ തെറി പറയാനും മര്‍ദിക്കാനുമായി ഇറങ്ങിക്കഴിഞ്ഞു. കോവളത്ത് ഒരു വിദേശി വിനോദസഞ്ചാരിയെ വഴിയില്‍ തടഞ്ഞു മദ്യം പിടിക്കുന്ന രംഗമൊക്കെ കേരളത്തിന്റെ വിനോദസഞ്ചാര പരസ്യത്തില്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
തങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ഹാജരായി സിന്ദാബാദും ശരണവും വിളിക്കുന്നവരല്ലാത്ത മനുഷ്യരുടെ എല്ലാ ആഘോഷങ്ങളോടും ഭയമാണ് കേരളത്തിലെ സംഘടിത രാഷ്ട്രീയ നേതൃത്വത്തിന് എന്നതാണ് വാസ്തവം.
പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി വെക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഇതുവരെ പാലിക്കാത്ത കേരള സര്‍ക്കാരും പൊലീസും നവവര്‍ഷാഘോഷങ്ങളില്‍ സി.സി.ടി.വി വെക്കണം റെക്കോര്‍ഡ് ചെയ്യണം എന്നൊക്കെ പറയുന്നത് പൗരന്മാരുടെ സ്വകാര്യതയെ ഭരണഘടനാവിരുദ്ധമായി ലംഘിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ സാമാന്യ നിത്യജീവിതത്തില്‍ ഇടപെടുകയാണ് കേരള പൊലീസ്. തലസ്ഥാനനഗരത്തില്‍ ഗുണ്ടകള്‍ വഴിയാത്രക്കാരെ വരെ ആക്രമിക്കുന്ന അവസ്ഥയെത്തിയപ്പോഴാണ് ഏമാന്മാര്‍ ഒന്ന് എഴുന്നേല്‍ക്കുന്നതായി ഭാവിച്ചത്. സാധാരണക്കാരായ മനുഷ്യരെ വഴിയില്‍ തടഞ്ഞ് അപമാനിക്കാന്‍ ഇവര്‍ക്ക് ഒരു പ്രകോപനവും വേണ്ടതാനും. സര്‍ക്കാരിന് ഇഷ്ടമുണ്ടോ എന്ന് നോക്കിയാണോ ജനം ജീവിക്കുന്നതും ആഘോഷിക്കുന്നതും. ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ പരാദവിഭാഗത്തിന്റെയൊക്കെ ചായസല്‍ക്കാരം വരെ ജനത്തിന്റെ ചെലവിലാണ്. എന്നിട്ടാണ് പൊതുമുതല്‍ തിന്ന് വറ്റ് എല്ലില്‍ക്കുത്തിയ ഇക്കൂട്ടര്‍ പൗരന്മാരുടെ മേല്‍ കുതിര കയറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.