സംഘപരിവാറിന്റെ ഹിന്ദി- ഹിന്ദു- ഇന്ത്യ രാഷ്ട്രീയം
FB Notification
സംഘപരിവാറിന്റെ ഹിന്ദി- ഹിന്ദു- ഇന്ത്യ രാഷ്ട്രീയം
പ്രമോദ് പുഴങ്കര
Friday, 8th April 2022, 1:45 pm
ഹിന്ദി ഇതര ഭാഷാ സംസ്ഥാനങ്ങളുടെയും മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരുടെയും നേര്‍ക്കുള്ള ഹിന്ദി പശുപ്രദേശത്തിന്റെ അധിനിവേശമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്തും ഹിന്ദി പ്രദേശമാണ് ഇന്ത്യയായി കണക്കാക്കിയിരുന്നത്. ഇതിനോട് പ്രതിഷേധിക്കുന്നതിന് പകരം എങ്ങനെയെങ്കിലും നാല് ഹിന്ദി വാക്ക് പഠിച്ചുകൊണ്ട് ഗോസായി നേതാക്കളുടെ അടുക്കളക്കാരാകാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിച്ചത്. കേരളമാകട്ടെ വളരെ മുമ്പേതന്നെ ഈ അധിനിവേശത്തെ ഒരെതിര്‍പ്പും കൂടാതെ സ്വീകരിച്ചവരാണ്.

വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ മറ്റ് സംസ്ഥാനക്കാരുമായി ആശയവിനിമയം നടത്താന്‍ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അതിന്റെ ഔദ്യോഗിക നടപടികളിലെല്ലാം ഹിന്ദി പ്രധാന ഭാഷയാക്കി മാറ്റി.

ഹിന്ദി ഇതര ഭാഷാ സംസ്ഥാനങ്ങളുടെയും മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരുടെയും നേര്‍ക്കുള്ള ഹിന്ദി പശുപ്രദേശത്തിന്റെ അധിനിവേശമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്.

കോണ്‍ഗ്രസ് ഭരണകാലത്തും ഹിന്ദി പ്രദേശമാണ് ഇന്ത്യയായി കണക്കാക്കിയിരുന്നത്. തികഞ്ഞ മേലാള മനോഭാവത്തിലായിരുന്നു ഹിന്ദി പ്രദേശത്തെ പതിനാറാം തരം രാഷ്ട്രീയനേതൃത്വം മുതല്‍ ഉദ്യോഗസ്ഥ പ്രഭുക്കള്‍ വരെ തെക്കും കിഴക്കും വടക്കുപടിഞ്ഞാറുമുള്ള ഇന്ത്യയോട് പെരുമാറിയിരുന്നത്. ഭാഷയുടെ പേരില്‍ മാത്രമല്ല വികസന പദ്ധതികള്‍ക്കായാലും മറ്റ് രാഷ്ട്രീയ പ്രാതിനിധ്യത്തിലായാലും ഹിന്ദി ഇതര ഇന്ത്യ അതിഭീകരമായ വിധത്തില്‍ അവഗണിക്കപ്പെട്ടു.

ഇതിനോട് പ്രതിഷേധിക്കുന്നതിന് പകരം എങ്ങനെയെങ്കിലും നാല് ഹിന്ദി വാക്ക് പഠിച്ചുകൊണ്ട് ഗോസായി നേതാക്കളുടെ അടുക്കളക്കാരാകാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിച്ചത്. 1980കളുടെ ഒടുവില്‍ കോണ്‍ഗ്രസ് കുത്തക അവസാനിക്കുകയും സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയകക്ഷികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ നിയാമകമായ പങ്കുണ്ടാവുകയും ചെയ്തതോടെയാണ് ഈ അവസ്ഥയില്‍ അല്‍പമെങ്കിലും മാറ്റം വന്നത്.

എന്നാലിപ്പോള്‍ സംഘപരിവാര്‍ അതിന്റെ ‘ഹിന്ദു- ഹിന്ദി- ഇന്ത്യ’ എന്ന രാഷ്ട്രീയം അതിശക്തമായി അടിച്ചേല്‍പ്പിക്കുകയാണ്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു മതം, ഒരു പാര്‍ട്ടി, ഒരു നേതാവ് എന്ന സംഘപരിവാര്‍ അജണ്ടയുടെ നടത്തിപ്പാണിത്.

ബ്രിട്ടീഷുകാര്‍ക്കെതിരായ ദേശീയ വിമോചന സമരത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയതാണ് ഹിന്ദിയടക്കമുള്ള പല ഇന്ത്യന്‍ പ്രതീകങ്ങളും. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലത്ത് ദേശീയ നേതൃത്വം എന്ന പേരിലുള്ള ഹിന്ദി പശുപ്രദേശ ഭരണാധികാരികള്‍ ഹിന്ദി മാത്രമല്ല പശുപ്രദേശത്തിനെ മൊത്തം ഇന്ത്യയായി കണക്കാക്കുന്ന അധിനിവേശ ഭരണമാണ് നടത്തിയത്. അവിടെ തെക്കേ ഇന്ത്യക്കാരടക്കമുള്ളവര്‍ രണ്ടാംകിട പൗരന്മായിരുന്നു, ഇപ്പോഴുമാണ്.

ഇനിയും ഇതനുവദിക്കുകയും മലയാളിയും തെലുങ്കനും തമ്മില്‍ ഹിന്ദിയില്‍ സംസാരിക്കാനുള്ള ഉത്തരവ് അനുസരിക്കാന്‍ നാം തയ്യാറായിക്കൂടാ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിലയ്ക്ക് വാങ്ങിയ കക്ഷികളെ ഉപയോഗിച്ചുകൊണ്ട് ഇപ്പോള്‍ത്തന്നെ ഈ ഹിന്ദി അധിനിവേശം തുടങ്ങിക്കഴിഞ്ഞു.

കേരളമാകട്ടെ വളരെ മുമ്പേതന്നെ ഈ അധിനിവേശത്തെ ഒരെതിര്‍പ്പും കൂടാതെ സ്വീകരിച്ചവരാണ്. എന്നാല്‍ ഇപ്പോഴത് എന്നത്തേക്കാളും സൂക്ഷ്മവും രൂക്ഷവുമായ രീതിയിലാണ് വരുന്നത്. ഇങ്ങനെയൊക്കെയാണ് ഇന്ത്യയെങ്കില്‍ അത്തരമൊരു ഇന്ത്യയില്‍ രണ്ടാംകിട പൗരന്മാരായി തുടരാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ലെന്ന് ഹിന്ദി ഇതര ഇന്ത്യ പറയേണ്ടി വരും.

Content Highlight: Pramod Puzhankara on Sanghparivar political play using Hindi language

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍