ഇപ്പോഴാണ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് വെല്ലുവിളിക്കേണ്ടത്, ഷിജിനെതിരെ നടപടിയെടുക്കാന്‍
FB Notification
ഇപ്പോഴാണ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് വെല്ലുവിളിക്കേണ്ടത്, ഷിജിനെതിരെ നടപടിയെടുക്കാന്‍
പ്രമോദ് പുഴങ്കര
2022 Apr 13, 09:28 am
Wednesday, 13th April 2022, 2:58 pm

രണ്ടുപേര്‍ കല്യാണം കഴിച്ചാല്‍ പിന്നെ ഉണ്ടാകാന്‍ സാധാരണ സാധ്യതയുള്ള സംഗതികള്‍ നമുക്കെല്ലാമറിയാം. അതിനൊക്കെയാണ് മനുഷ്യര്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പറയുന്നത് അത് പാര്‍ട്ടിക്ക് ‘damage’ ഉണ്ടാക്കും എന്നാണ്.

ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിനും ജോയ്സ്‌നയും തമ്മില്‍ വിവാഹിതരായത് പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കും എന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് തോമസ് പറയുന്നത്. ഷിജിന്‍ മുസ്‌ലിമും ജോയ്സ്ന ക്രിസ്ത്യാനിയുമായതാണ് ജോര്‍ജ് തോമസിന്റെ പ്രശ്‌നം, പാര്‍ട്ടിയുടെ പ്രശ്‌നം. ലവ് ജിഹാദ് ഉണ്ടെന്ന് പാര്‍ട്ടി രേഖകളില്‍ പറയുന്നുണ്ടെന്ന് (ജോര്‍ജ് തോമസ് രേഖകള്‍ മനഃപാഠം ഉദ്ധരിക്കുന്നു) പറയുന്ന സി.പി.ഐ.എം ഭാരവാഹികളുടെ പ്രശ്‌നം.

ഷിജിനെതിരെ നടപടി വരുമെന്ന്! ആഹാ, ഇപ്പോഴാണ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് വെല്ലുവിളിക്കേണ്ടത്, ധൈര്യമുണ്ടെങ്കില്‍ ഷിജിനും ജോയ്സ്‌നക്കുമെതിരെ നടപടിയെടുക്കാന്‍. അല്ലാതെ അധികാരത്തിന്റെ ചൂരും ചൂടും ആസ്വദിച്ച് മതിയാകാത്തൊരു രാഷ്ട്രീയ ഭിക്ഷാംദേഹിക്കുവേണ്ടിയല്ല.

ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹിം

കന്യാസ്ത്രീകളടക്കം മുന്നൂറോളം പേര്‍ ഈ വിവാഹത്തിനെതിരെ പ്രകടനം നടത്തിയെന്നാണ് അമ്പരപ്പിക്കുന്ന വാര്‍ത്ത! ഒരു വിവാഹത്തിനെതിരെ കേരളത്തില്‍ അത്രയും ക്രിസ്ത്യന്‍ വര്‍ഗീയവാദികള്‍ നടത്തിയ പ്രകടനത്തെ തള്ളിപ്പറയുകയും, ഈ മതവെറിയന്മാര്‍ക്കെതിരെയും നസ്രാണി സഭയുടെ ഭീഷണിക്കെതിരെയും നിലപാട് പ്രഖ്യാപിച്ചുകൊണ്ട് മതഭേദങ്ങളെ മറികടന്ന് വിവാഹിതരായ രണ്ടുപേര്‍ക്കും സംരക്ഷണം നല്‍കുമെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട പാര്‍ട്ടി, അതിനുപകരം ക്രിസ്ത്യാനികളെയും സഭയുടെ ബിഷപ്പിനെയും വര്‍ഗീയവാദികളായ കള്ളപ്പാതിരിമാരേയും പാര്‍ട്ടിയില്‍ നിന്നകറ്റുന്ന ഷിജിനെതിരെ രോഷം കൊള്ളുകയാണ്.

രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കലാപമുണ്ടാകുമെന്നാണ് സെക്രട്ടറിയേറ്റംഗം പറയുന്നത്. കേരളം യൂറോപ്പുമായി മത്സരിക്കുകയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വെച്ചുകാച്ചിപ്പോയിട്ട് രണ്ടുദിവസം തികച്ചുകഴിഞ്ഞില്ല! അപ്പോഴാണ് രണ്ടുപേരുടെ കല്യാണത്തിന് കലാപം നടക്കുന്ന സംസ്ഥാനത്ത് സമാധാനദൂതനായി സി.പി.ഐ.എം സെക്രട്ടേറിയറ്റ് അംഗം അവതരിക്കുന്നത്.

സി.പി.ഐ.എം/ ഡി.വൈ.എഫ്.ഐ നേതാവായ മുഹമ്മദ് റിയാസ് പി.ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകളെ വിവാഹം കഴിച്ചപ്പോള്‍ അതെന്തുതരം ജിഹാദായിരുന്നുവെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്? വിവാഹം പാര്‍ട്ടിയോട് ആലോചിച്ചില്ല എന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ ആരോപണം. റിയാസിന്റെ വിവാഹമൊക്കെ പാര്‍ട്ടി ഘടകങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുത്താണോ നടത്തിയത്?

ഇതേതു പാര്‍ട്ടിയാണ് ഹേ നിങ്ങള്‍ ഉണ്ടാക്കിക്കൊണ്ടു വന്നിരിക്കുന്നത്? സാമാന്യമായ സാമൂഹ്യബോധം പോലുമില്ലാതെ, കേവലം തട്ടിപ്പും തരികിടയുമായി മുതലാളിമാരുടെയും മത, സാമുദായിക പ്രമാണിമാരുടെയും ജീര്‍ണബോധ്യങ്ങളെ താലോലിച്ച് നിങ്ങള്‍ വളര്‍ത്തിയെടുത്ത ഈ പാര്‍ട്ടിയില്‍ അടിസ്ഥാനപരമായ കമ്മ്യൂണിസ്റ്റ് ബോധ്യം പോലുമില്ലാത്തവര്‍ മാടമ്പികളും മൈക്കിളപ്പന്മാരുമായി വാഴുക മാത്രമാണ്. പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുന്നവര്‍ക്ക്‌പോലും അതിന്റെ അവസരവാദ താല്‍പര്യങ്ങളുടെ പല്‍ച്ചക്രങ്ങള്‍ക്കിടയില്‍ നിന്നും രക്ഷയില്ല എന്നാണ് ഈ സംഭവം കാണിക്കുന്നത്.

ഗള്‍ഫില്‍ നിന്നും വന്ന സ്ത്രീ 15 ദിവസംകൊണ്ട് പ്രണയിച്ചു എന്നൊക്കെ സി.പി.ഐ.എം സെക്രട്ടറിയേറ്റംഗം അപഹസിച്ചുകൊണ്ട് പറയുന്നുണ്ട്. സാമൂഹ്യ-രാഷ്ട്രീയ ബോധ്യങ്ങളിലും സങ്കല്‍പനങ്ങളിലും ഏതാണ്ടൊരു നാല് പതിറ്റാണ്ട് പിന്നില്‍ നില്‍ക്കുന്നൊരു നേതൃത്വമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടാണ് മൂക്കുചെത്തലും, ധൈര്യമുള്ളവര്‍ അടിക്കാന്‍ വാടാ തുടങ്ങിയ ഗ്ലാഡിയേറ്റര്‍മാരുടെ പോര്‍വിളികളുമായി ഒരു പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തെ മാറ്റിത്തീര്‍ക്കാം എന്നവര്‍ക്ക് തോന്നുന്നത്. അവരില്‍ നിന്നും ഇതിലപ്പുറമൊന്നും പ്രതീക്ഷിക്ക വയ്യ.

സി.പി.ഐ.എമ്മിന്റെ ജില്ലാ കമ്മിറ്റികളിലും സെകട്ടറിയേറ്റിലും സംസ്ഥാന സമിതിയിലുമൊക്കെയായി നിരന്നിരിക്കുന്ന നേതാക്കളുടെ രാഷ്ട്രീയ- സാമൂഹ്യബോധമാണ്, കോടഞ്ചേരിയില്‍, ഈ പാപത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല എന്നുപറഞ്ഞുകൊണ്ട് ക്രിസ്ത്യന്‍ വര്‍ഗീയവാദികള്‍ക്ക് മുന്നില്‍ മുട്ടിലിഴയുമെന്ന് പറഞ്ഞത്.

ജോര്‍ജ് എം തോമസ്

രാമനവമി ആഘോഷങ്ങളുടെ പേരില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ ഇന്ത്യയില്‍ പലയിടത്തും നടത്തുമ്പോള്‍, ജെ.എന്‍.യു അടക്കമുള്ള സ്ഥാപനങ്ങളില്‍ പൂജയും യാഗവും അതിനെത്തുടര്‍ന് മാംസഭക്ഷണം കഴിക്കുന്നവര്‍ക്കെതിരെ ആക്രമണവും നടക്കുമ്പോള്‍ ഇവിടെ ലവ് ജിഹാദിന്റെ നിര്‍വചനം പറഞ്ഞുപഠിപ്പിക്കുകയാണ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം. കേരളത്തിലെ സി.പി.ഐഎമ്മിന്റെ സംസ്ഥാന സമിതി/ സെക്രട്ടറിയേറ്റ് കഴിഞ്ഞാലുള്ള സംഘടനാ സംവിധാനമാണ് ജില്ലാ കമ്മിറ്റി/ സെക്രട്ടേറിയറ്റ്. അവിടെ നിന്നാണ് ഇത്തരം തീരുമാനങ്ങള്‍.

ഇത് സി.പി.ഐ.എമ്മിന്റെ ആഭ്യന്തര കാര്യമല്ല. ആധുനിക ജനാധിപത്യ സമൂഹമെന്ന നിലയില്‍ കേരളത്തില്‍ ഒരു സ്ത്രീക്കും പുരുഷനും മതവ്യത്യാസം കണക്കാക്കാതെ മനുഷ്യരെന്ന നിലയില്‍ വിവാഹം കഴിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന ക്രിസ്ത്യന്‍ വര്‍ഗീയവാദികളുടെ (എല്ലാത്തരം വര്‍ഗീയവാദികളും ഇങ്ങനെയാണ്) ആക്രോശങ്ങള്‍ക്ക് കുടപിടിച്ചുകൊണ്ട് കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്ന ഭരണകക്ഷി രംഗത്തുവന്നിരിക്കുകയാണ്. ഇത് കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. സി.പി.ഐ.എം അത് തിരുത്തിയേ തീരൂ.

ഇന്ത്യന്‍ വിപ്ലവത്തിന്റെ പരിപാടിയുണ്ടാക്കുന്ന നേതാക്കളാണ്. ഇവരൊക്കെ ചര്‍ച്ച ചെയ്തുണ്ടാക്കുന്ന രാഷ്ട്രീയത്തിന്റെ മാറ്ററിയാന്‍ ഇത്തരമൊരവസരം തന്നത് നന്നായി. അടിസ്ഥാനപരമായ സാമൂഹ്യബോധം പോലുമില്ലാത്ത ഒരു കൂട്ടം രാഷ്ട്രീയ ഇടപാടുകാരായി ഇവര്‍ മാറുകയാണ്. സി.പി.ഐ.എമ്മിനെ നന്നാക്കാനൊന്നും വരുന്നില്ല. പക്ഷെ മനുഷ്യര്‍ക്ക് ജനാധിപത്യത്തോടെ പൗരാവകാശങ്ങളോടെ ജീവിക്കാന്‍ വിഘാതം നില്‍ക്കുന്ന ഒരു സംഘമായി, പൊതുതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു പാര്‍ട്ടി പെരുമാറുമ്പോള്‍ അതിനെ എതിര്‍ക്കാനും തിരുത്തിക്കാനും കഴിയുന്നതാവണം ജനാധിപത്യം.

എല്ലാ ഇടതുപക്ഷ, ജനാധിപത്യ വിമര്‍ശനങ്ങളെയും സംവാദങ്ങളെയും സാമൂഹ്യവിരുദ്ധരുടെ കടന്നല്‍ സംഘങ്ങളെയിറക്കി നേരിടുകയും, കാരണഭൂത സ്തുതികളില്‍ അഭിമാനംകൊള്ളുകയും ചെയ്തുകൊണ്ട് ഉണ്ടാക്കിക്കൊണ്ടുവന്ന രാഷ്ട്രീയം ഇപ്പോള്‍ കേരള സമൂഹത്തിലെ മനുഷ്യരുടെ പൗരാവകാശങ്ങളെയാണ് വെല്ലുവിളിക്കുന്നത്. അതുമായി ഒത്തുതീര്‍പ്പില്ല.

Content Highlight: Pramod Puzhankara on Love Jihad comment of CPIM leader George M Thomas, DYFI

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍