| Friday, 16th November 2018, 12:13 pm

ആ വിമാനത്താവളത്തിലേത് വെറുമൊരു ആള്‍ക്കൂട്ടമല്ല; കേരളത്തില്‍ ഹിന്ദുത്വ ഭീകരത നടപ്പിലാക്കാന്‍ സംഘപരിവാര്‍ തൊടുത്തുവിട്ട ആയുധങ്ങളാണ്‌

പ്രമോദ് പുഴങ്കര

ഒരു രാജ്യാന്തര വിമാനത്താവളം മണിക്കൂറുകളോളം വളഞ്ഞുവെച്ച്, അവിടെയിറങ്ങിയ ഒരു സ്ത്രീയെ പുറത്തുകടക്കാന്‍ അനുവദിക്കാതെ, ആക്രമണഭീഷണി മുഴക്കി, അവരെ മറ്റൊരു വിമാനത്തില്‍ക്കയറ്റി തിരിച്ചയക്കാന്‍ ഒരു കൂട്ടം ആളുകള്‍ പൊലീസിനേയും വിമാനത്താവള അധികൃതരേയും ഭീഷണിപ്പെടുത്തി നിര്‍ബന്ധിക്കുന്ന സ്ഥലം മറ്റെന്തൊക്കെയായാലും നിയമവാഴ്ചയോ നീതിബോധമോ നിലനില്‍ക്കുന്ന ഒന്നല്ല. ഇപ്പോളാ സ്ഥലത്തിന്റെ പേര് കേരളമെന്നാണ്.

ശബരിമലയില്‍ പോകുമെന്ന് പ്രഖ്യാപിച്ചുവന്ന തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതെ വിമാനത്താവളം വളഞ്ഞിരിക്കുകയാണ് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഹിന്ദു വിശ്വാസി ഗുണ്ടകള്‍. ആ സ്ത്രീയോട് മടങ്ങിപ്പോകാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് പൊലീസ്. എന്തൊരു ലജ്ജാകരമായ അവസ്ഥ!

അവര്‍ വിമാനമിറങ്ങുന്നതും കാത്ത് നൂറുകണക്കിനാളുകള്‍ക്ക് അതീവസുരക്ഷാമേഖലയായ വിമാനത്താവളത്തില്‍ ശരണത്തെറികളുമായി കുത്തിയിരിക്കാനും ഭീഷണി മുഴക്കാനുമുള്ള സാവകാശമുണ്ടായെങ്കില്‍ രഹസ്യാന്വേഷണ വിഭാഗവും ക്രമസമാധാന സംവിധാനവുമൊക്കെ നോക്കിനടത്തുന്നത് എന്തുതരം വിണ്ണോദരന്മാരാണ് !

ഭയമാണ്, കേരളത്തിന്റെ തെരുവുകള്‍ മുഴുവന്‍ സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരത സൃഷ്ട്ടിച്ച ഭയമാണ് ഇപ്പോള്‍ ഭരിക്കുന്നത്. നവോത്ഥാന സദസ്സുകള്‍ക്ക് വന്ന പതിനായിരങ്ങള്‍ അത് കേട്ടുപോകുന്നവരായ സംയമനക്കാരാണ്. അച്ചടക്കത്തോടെ നവോത്ഥാനപ്രസംഗം കേട്ട് കയ്യടിച്ച് അവര്‍ മടങ്ങിപ്പോയ ആ തെരുവില്‍ ആര് നടക്കണെമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണ്.

Also Read:മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്‌ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സംഘപരിവാറിന്റെ ഹിന്ദുത്വഭീകരവാദികള്‍ക്കും ജനാധിപത്യവിരുദ്ധരായ ഹിന്ദുവിശ്വാസിഗുണ്ടകള്‍ക്കും കേരളത്തിലേക്ക് ആര് വരണം, വരണ്ട എന്നുവരെ തീരുമാനിക്കാവുന്ന നിലയെത്തി എന്നത് നമ്മളെ അസാമാന്യമായ ആശങ്കയിലേക്ക് എത്തിക്കുന്നില്ലെങ്കില്‍ നമ്മുടെ നവോത്ഥാനസദസ്സുകള്‍ കേരളീയ നവോത്ഥാനത്തിനെ വെള്ളപുതച്ചു കിടത്തി ഉദകക്രിയ ചെയ്യാന്‍ മാത്രമല്ല, ജനാധിപത്യ, മതേതര സമൂഹത്തിന്റെ മരണ അറിയിപ്പുകൂടിയായി മാറും.

തൃപ്തി ദേശായി സ്വന്തം നിലയ്ക്ക് ശബരിമലയ്ക്ക് സമീപം എത്തിയാല്‍ അവര്‍ക്ക് സുരക്ഷ നല്‍കാം എന്ന പൊലീസ് നിലപാട് തികഞ്ഞ കാപട്യമാണ്. ഈ സംസ്ഥാനത്ത് ഏതു പൗരനും അവരുടെ മൗലികാവകാശമായ സഞ്ചാരസ്വാതന്ത്യം ഒരുക്കികൊടുക്കാന്‍ ഭരണസംവിധാനത്തിനു ബാധ്യതയുണ്ട്. പൗരാവകാശങ്ങളെ ആള്‍ക്കൂട്ടത്തിന്റെ ആക്രോശം കൊണ്ട് തടയാമെന്ന നില വന്നാല്‍ പിന്നെ ഒരു പൗരന് അയാളുടെ സാമൂഹ്യജീവിതത്തിന്റെ നിത്യനിദാനരാശികളില്‍ ഏതു ഗ്രഹനിലയിലാണ് നീതി കിട്ടുക?

ശബരിമലയിലെ സ്ത്രീപ്രവേശന വിരുദ്ധ സംഘപരിവാര്‍, സവര്‍ണ ഹിന്ദു ലഹള ആര്‍ജ്ജിച്ച ഭയാനകമായ മാനമാണ് അവര്‍ കയ്യേറിയ കൊച്ചി വിമാനത്താവളം. ശബരിമലയിലേക്ക് പോയ സ്ത്രീകളുടെ വീടിനു നേരെ കല്ലേറും ആക്രമണവുമായിരുന്നു ഇന്നലെ വരെയെങ്കില്‍ ഇന്നത് അവരെ തെരുവിലിറക്കില്ല എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

ബിന്ദു തങ്കം കല്ല്യാണി എന്ന അധ്യാപികയെ അവരുടെ വിദ്യാലയത്തില്‍ വരെ എത്തി ജീവിക്കാനും തൊഴിലെടുക്കാനും അനുവദിക്കാത്ത അവസ്ഥയുണ്ടായിരിക്കുന്നു. എന്തുതരം അവസരവാദികളായാലും ഡി.സി ബുക്‌സിന് അവരുടെ പുസ്തകപ്രദര്‍ശനത്തില്‍ സംഘപരിവാരിന്റെ, ഹിന്ദുത്വ ഭീകരതയുടെ തീട്ടൂരം അനുസരിച്ച് തങ്ങള്‍ ഹിന്ദു ആചാരങ്ങളെ വിമര്‍ശിക്കുന്ന ഒരു പുസ്തകവും വില്‍ക്കുകയോ പ്രദര്ശിപ്പിക്കുകയോ ചെയ്യില്ലെന്ന് എഴുതിനല്‍കേണ്ടിവന്നിരിക്കുന്നു.

എം.എഫ് ഹുസൈനെ നാടുകടത്തിയ, അദ്ദേഹത്തിന്റെ ചിത്രപ്രദര്‍ശനങ്ങളെ ആക്രമിച്ച, ഇടതു സാംസ്‌കാരിക സംഘമായ സഹ്മത്തിന്റെ പ്രദര്‍ശനങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയ, എ.കെ. രാമാനുജന്റെ മുന്നൂറു രാമായണങ്ങള്‍ എന്ന പുസ്തകം സര്‍വകലാശാല വായന പട്ടികയില്‍ നിന്നും നീക്കം ചെയ്ത, രാമചന്ദ്ര ഗുഹയെ അധ്യാപകനായി വെക്കുന്നത് തടഞ്ഞ, ഇന്ന് ഡല്‍ഹിയില്‍ നടക്കേണ്ട ടി. എം കൃഷ്ണയുടെ സംഗീതക്കച്ചേരി വേണ്ടെന്നുവെക്കാന്‍ അതിന്റെ പ്രായോജകരെ നിര്‍ബന്ധിതരാക്കിയ അതെ ഹിന്ദുത്വ ഭീകരതയാണ് കേരളത്തിലും ഇപ്പോള്‍ വിജയകരമായി, പതിനായിരങ്ങള്‍ തടിച്ചു കൂടുന്ന നവോത്ഥാന പ്രസംഗ മൈതാനങ്ങളുടെ മൂക്കിനുകീഴെ ഇത് ചെയ്യുന്നത് എന്ന് നാം ഓര്‍ക്കണം. എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയബോധത്തില്‍ അപായമണികള്‍ കൂട്ടത്തോടെ മുഴങ്ങാത്തത്?

Also Read:ശബരിമലയിലേത് കുട്ടിച്ചാത്തന്‍ ; ഇപ്പോള്‍ നടക്കുന്നതെല്ലാം ആചാര ലംഘനം; ആര്‍ രാമാനന്ദ് സംസാരിക്കുന്നു

ശബരിമലയിലേക്കാണോ ഒരു സ്ത്രീ പോകുന്നത് എന്നത് രണ്ടാമത്തെ കാര്യമാണിപ്പോള്‍. ആദ്യത്തെ ചോദ്യം എങ്ങോട്ടാണ് പോകുന്നത് എന്ന് സംഘപരിവാറിന്റെ ഹിന്ദുത്വഗുണ്ടകള്‍ക്ക് എതിര്‍പ്പില്ലാതെ ബോധ്യമുണ്ടെങ്കില്‍ മാത്രമേ ഒരു സ്ത്രീക്ക് കേരളത്തില്‍ പുറത്തിറങ്ങാന്‍ കഴിയൂ എന്നാണോ അവസ്ഥ എന്നാണ്? വിമാനത്താവളത്തില്‍ ഹിന്ദുത്വഭീകരവാദികള്‍ തടഞ്ഞുവെച്ചിരിക്കുന്ന ആ സ്ത്രീ ജനാധിപത്യ, മതേതര കേരളം നേരിടുന്ന ഭയാനകമായ ഭാവിയിലേക്കുള്ള ഏറ്റവും മൂര്‍ത്തമായ സൂചനയാണ്.

തൃപ്തി ദേശായിക്ക് എന്ത് ഒളി അജണ്ടകളുണ്ടെന്ന് ആരോപിക്കപ്പെട്ടാലും ശബരിമലയിലെ അവരുടെ പ്രവേശനത്തിനുള്ള അവകാശത്തില്‍ അതൊക്കെ അപ്രസക്തമാണ്. അവരെ തിരിച്ചയക്കുന്നതും വലിയൊരു അടവായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. അതിനുമപ്പുറം കേരളത്തിലേക്ക് വന്ന ഒരാള്‍ക്ക് സംഘപരിവാറിന്റെ അനുമതി കിട്ടാത്തതുകൊണ്ട്, സംഘപരിവാര്‍ ഗുണ്ടകള്‍ വിമാനത്താവളം വളഞ്ഞുവെച്ചതുകൊണ്ട് ഈ സംസ്ഥാനത്ത സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്നു വന്നാല്‍, നിര്‍ഭാഗ്യകരമായ വസ്തുത ഇവിടെ നിയമവാഴ്ചയ്ക്ക് കാവിഭീകരതയുടെ അതിര്‍ത്തികള്‍ നിശ്ചയിക്കപ്പെടുന്നു എന്നതുതന്നെയാണ്.

വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവര്‍മാരും മറ്റു വണ്ടിക്കാരുമൊക്കെ ആ സ്ത്രീയെ കൊണ്ടുപോകാന്‍ വിസമ്മതിച്ചു. വണ്ടിക്കാരുടെ ജീവഭയം സ്വാഭാവികമാണ്. എന്നാല്‍ അത്തരത്തിലൊരു ജീവഭയം ഞൊടിയിടകൊണ്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന സാമൂഹ്യഭീതി കേരളമാകെ സംഘപരിവാര്‍ വളര്‍ത്തിയെടുത്തിരിക്കുന്നു എന്നതാണ് കാണേണ്ടത്. ശബരിമലയിലേക്കുള്ള പ്രവേശനത്തിനു മാത്രമല്ല, കേരളത്തിലേക്ക് വരുന്നവരുടെകൂടി പരിശോധന സംഘപരിവാറിന് ഏറ്റെടുക്കാനും നിയന്ത്രിക്കാനും കഴിയുന്നു എന്ന സ്ഥിതി ഉണ്ടാക്കരുത്.

ഭയം, ഭയമാണ് സമൂഹത്തെ നിയന്ത്രിക്കാന്‍ ഫാഷിസ്റ്റുകള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രാഥമികമായ ആയുധം. അതവര്‍ ആദ്യം ഉപയോഗിക്കുക ഭരണകൂടത്തിന്റെ കയ്യുകള്‍ കൊണ്ടല്ല. ആള്‍ക്കൂട്ടത്തെ ഉപയോഗിച്ചാണ്. ആദ്യഘട്ടത്തില്‍ സംഘടിതരല്ലാത്ത, ആവേശത്താല്‍ ഒന്നിച്ചുകൂടിയ ആള്‍ക്കൂട്ടമെന്നു തോന്നുമെങ്കിലും ഓരോ തെരുവിലൂടെയും അച്ചടക്കത്തോടെ ജനാധിപത്യത്തെയും ബഹുസ്വരതയേയും ചവിട്ടിഞെരിച്ചുകൊണ്ട് താളത്തില്‍ ചവിട്ടിക്കടന്നുപോകുന്ന ഒരു സേനയായി മാറാന്‍ അതിന് ഒട്ടും പ്രയാസമില്ല. സംയമനത്തിന്റെയും സന്ദിഗ്ധതയുടെയും അമ്പരപ്പ് നിറഞ്ഞ കണ്ണുകള്‍ ജാലകങ്ങളിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ എല്ലാ തെരുവുകളിലും പുതിയ മേല്‍നോട്ടക്കാര്‍ നിരന്നുകഴിഞ്ഞിരിക്കും. പിന്നെ ജാലകങ്ങള്‍ അടക്കുകയും വാതിലുകള്‍ തുറക്കുകയും പുറത്തെ വരിയിലേക്ക്, പുതിയ വിധിയിലേക്ക്, നിശബ്ദരായി അണിചേരുകയും മാത്രമേ വഴിയുണ്ടാവുകയുള്ളൂ. അത് നടക്കില്ല എന്ന് കരുതിയിരുന്ന എല്ലാ സ്വീകരണമുറികളിലേക്കും ക്ഷണക്കത്തുകളില്ലാതെ അവരെത്തിയിട്ടുണ്ട്.

പ്രമോദ് പുഴങ്കര

സുപ്രീംകോടതി അഭിഭാഷകന്‍

Latest Stories

We use cookies to give you the best possible experience. Learn more