ഇത് നിങ്ങളുടെ കൂടി പ്രശ്‌നമാണോ എന്നതാണ് ചോദ്യം; ആണെങ്കില്‍ ഐക്യദാര്‍ഢ്യമല്ല, ഈ സമരം നിങ്ങളുടെതും എന്റേതുമാണ്
DELHI VIOLENCE
ഇത് നിങ്ങളുടെ കൂടി പ്രശ്‌നമാണോ എന്നതാണ് ചോദ്യം; ആണെങ്കില്‍ ഐക്യദാര്‍ഢ്യമല്ല, ഈ സമരം നിങ്ങളുടെതും എന്റേതുമാണ്
പ്രമോദ് പുഴങ്കര
Wednesday, 26th February 2020, 10:59 am

ഡല്‍ഹി, മോദി-ഷാ ദ്വന്തവും സംഘപരിവാര്‍ കേന്ദ്രങ്ങളും അഴിച്ചുവിട്ട ഹിന്ദുത്വ ഭീകരവാദികള്‍ കൊലവിളി നടത്തി കത്തിക്കുന്ന രാജ്യതലസ്ഥാനം. കൃത്യമായ ആസൂത്രണത്തോടെ, കാവിക്കൊടിവെച്ചു അടയാളപ്പെടുത്തിയ പൗരത്വചിഹ്നങ്ങളെ ഒഴിവാക്കി, മുസ്ലീങ്ങളുടെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന ഭീകരമായ സംഘടിത ആക്രമണം.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പോലീസ് നോക്കി നില്‍ക്കുക മാത്രമല്ല, അക്രമികള്‍ക്കൊപ്പം ചേരുകയാണ്. നരേന്ദ്ര മോദിയെന്ന ഗുജറാത്ത് വര്‍ഗീയകൂട്ടക്കൊലയുടെ നടത്തിപ്പുകാരന്‍ അതേ തന്ത്രമാണ് ഉപയോഗിക്കുന്നത്. ഹിന്ദുത്വ ഭീകരതയുടെ അഴിഞ്ഞാട്ടത്തിനു നാലഞ്ചുദിവസം. ആളിക്കത്തുന്ന വെറുപ്പിനൊപ്പം പടരുന്ന ഭീതിയുടെ കരിമ്പുക.

തുടര്‍ച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് തോല്വികളില്‍ നിന്നും രാജ്യത്ത് സംഘപരിവാര്‍ ഭീകരതക്കെതിരായ മതേതര പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതില്‍ നിന്നും ഉണ്ടായ ഉള്‍പ്പേടിയെ മാറ്റാന്‍ തങ്ങളുടെ ഹിന്ദുത്വ ഗുണ്ടകള്‍ക്ക് മോദി-ഷാ ദ്വന്തവും സംഘപരിവാറും കൊടുത്ത നായാട്ടാണ് ഡല്‍ഹി. എന്നാല്‍ അവര്‍ക്കു തെറ്റിയെന്നുറപ്പാണ്. ഈ രാജ്യം അതിന്റെ ഭീതിയെ മറികടന്നിരിക്കുന്നു. പതുക്കെയെങ്കിലും അത് ചെറുക്കുക തന്നെയാണ്.

ഡല്‍ഹിയില്‍ രക്ഷാകേന്ദ്രങ്ങളിലേക്ക് മുസ്ലിം കുടുംബങ്ങളെ മാറ്റാന്‍ പ്രവര്‍ത്തിക്കുന്ന സംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘപരിവാറിന്റെ വ്യാജ സഹായ നമ്പറുകളാണ്. സഹായത്തിനു വിളിക്കുന്ന മനുഷ്യരെ തിരിച്ചറിഞ്ഞു ചെന്നാക്രമിക്കാനുള്ള മനുഷ്യത്വരാഹിത്യത്തിനു മറുപടി കൊടുത്തേ മതിയാകൂ.

15000 മനുഷ്യരെ താമസിപ്പിക്കാനുള്ള ഏര്‍പ്പാടുകളാണ് മതേതര പൗര സമൂഹത്തിന്റെ സംഘം തയ്യാറാക്കാന്‍ ശ്രമിക്കുന്നത്. കത്തുന്ന കെട്ടിടങ്ങളില്‍ നിന്നുള്ള മനുഷ്യരുടെ വിളികള്‍ക്കു ഉറച്ച സഹായമെത്തിക്കാന്‍. ദല്‍ഹി കേവലമായ വാര്‍ത്തയല്ല. അതൊരു മുറിവേറ്റ ഫാഷിസ്റ്റ് വ്യാളിയുടെ തീ തുപ്പലാണ്. ആ തീ കെടുത്താന്‍ വെള്ളം പോരാ. ആ വ്യാളി ഇല്ലാതാകേണ്ടതുണ്ട്.

ഇതിനൊരു അറുതിയുണ്ടാക്കാതെ ഞങ്ങള്‍ ഈ തെരുവുകളില്‍ നിന്നും പോകില്ല എന്ന് പറയുന്ന, കിട്ടാവുന്നത്ര മനുഷ്യരെയും കൊണ്ട് സംഘപരിവാര്‍ ഗുണ്ടകള്‍ക്ക് മുന്നില്‍ പോരാട്ടത്തിന്റെ മതിലുകള്‍ തീര്‍ക്കുന്ന ഒരു മുഖ്യധാരാ രാഷ്ട്രീയ സമൂഹം ഡല്‍ഹിയില്‍ ഇല്ലായതായി എന്നത് കരളു പിളര്‍ക്കുന്ന അറിവാണ്. അസാധാരണമായ കാലങ്ങളില്‍ അസാധാരണമായ രാഷ്ട്രീയ സമരങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത രാഷ്ട്രീയനേതൃത്വത്തിന്റെ അശ്ലീലമായ ജീര്‍ണ്ണതയാണ് ഇന്ത്യയിലെ മുഖ്യധാരാ പ്രതിപക്ഷം.

ഡല്‍ഹി കത്തുമ്പോള്‍ കെജ്രിവാളിന്റെ ഹനുമാന്‍ ഏതു ലങ്ക കത്തിക്കാനാണ് പോയതെന്നത് മറ്റൊരു ചോദ്യമാണ്. പക്ഷെ മനുഷ്യരുണ്ട്. രാഷ്ട്രീയ ബോധമുള്ള മനുഷ്യരുണ്ട്. നമുക്ക് ഈ അവസരവാദത്തിന്റെ, ചീര്‍ത്തുകെട്ടിയ ആലസ്യത്തിന്റെ, പിത്തം തൂങ്ങിയ കണ്ണുകളേക്കാള്‍ കാഴ്ചയുണ്ട്.

നടന്നാല്‍ പോലും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും വീട്ടില്‍ നിന്നും രണ്ടു മണിക്കൂര്‍ കൊണ്ട് ഹിന്ദുത്വ ഭീകരതയുടെ വേട്ടനിലങ്ങളില്‍ എത്താമായിരുന്നു. പകരം പ്രസ്താവനകളിലെ ചത്ത വാക്കുകള്‍ പൊതിഞ്ഞുകെട്ടി വിതറി അവര്‍ കിളിവാതിലിലൂടെ കളി കാണുകയാണ്. ചെറ്റയാം വിടാന്‍ ഞാനിനി മേലില്‍ കഷ്ടമെങ്ങനെ കണ്ണാടി നോക്കും!

നടപടിയെടുക്കാന്‍ അമിത് ഷായോട് ആവശ്യപ്പെടുന്നത് ചടങ്ങാണ്. മോദി എന്ന ഹിന്ദുത്വ ഭീകരവാദി തന്റെ അപദാനങ്ങള്‍ പാടാന്‍ ട്രംപ് എന്ന സാമ്രാജ്യത്ത കച്ചവടക്കാരന് യുദ്ധോപകരണങ്ങളുടെ കരാര്‍ നല്‍കുമ്പോള്‍ അയാള്‍ക്ക് വേണ്ടിത്തന്നെയാണ് ദല്‍ഹി കത്തുന്നത്. ഫാഷിസത്തിന് സര്‍ക്കാരിന്റെ ഭാഗമാണ് തെരുവ് ഗുണ്ടകളുടെ സംഘം. ആര്‍.എസ്.എസ് എന്ന സംഘടിത ഹിന്ദുത്വ ഭീകരവാദ സംഘം പങ്കെടുക്കാത്ത ഒരു വര്‍ഗീയലഹളയും ഇന്ത്യയിലില്ല. ഡല്‍ഹിയും വ്യത്യസ്തമല്ല.

മഞ്ഞള്‍ ശോഭയേയും ഒട്ടകം ഗോപാലകൃഷ്ണനേയും തേച്ചൊട്ടിക്കുന്ന രസികരാജാ പരിപാടികള്‍ വാസ്തവത്തില്‍ ഫാഷിസത്തിനിഷ്ടമാണ്. കാരണം ഒരു സമൂഹത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക അധികാരത്തിനു നല്‍കേണ്ട വില ചില പൊറാട്ടു നാടകങ്ങളിലെ കോമാളിക്കളി മാത്രമാണെങ്കില്‍ അവരത് സന്തോഷപൂര്‍വം നല്‍കും. Political -Economy യുടെ സമരങ്ങളിലേക്ക് എത്തിനോക്കാത്ത സാംസ്‌കാരികാഘോഷങ്ങള്‍ ഫാഷിസത്തെ പ്രസംഗമത്സരമാക്കും. അവിടെ തോല്‍ക്കാന്‍ പോലും അവര്‍ സന്നദ്ധരായേക്കും, കാരണം ശത്രുവിന്റെ വ്യാജമായ വിജയബോധത്തിലാണ് തങ്ങളുടെ യഥാര്‍ത്ഥ വിജയത്തിന്റെ പടനിലമെന്ന് ഫാഷിസ്റ്റുകള്‍ക്ക് നന്നായറിയാം.

ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്നതൊരു വക്കുതേഞ്ഞ ഐക്യദാര്‍ഢ്യമാണ്. ഇത് നിങ്ങളുടെ കൂടി പ്രശ്‌നമാണോ എന്നതാണ് ചോദ്യം. ആണെങ്കില്‍ ഐക്യദാര്‍ഢ്യമല്ല, ഈ സമരം നിങ്ങളുടെതും എന്റേതുമാണ്. പുതപ്പുകളില്ലാത്ത ഈ ശൈത്യത്തില്‍ എനിക്കും നിങ്ങള്‍ക്കും സമരത്തിന്റെ വീറും ചൂരും ചൂടുമുണ്ടാകണം. ചില കാലങ്ങളില്‍ നിങ്ങള്‍ മരിച്ചില്ലെങ്കില്‍ പിന്നെ ജീവിച്ചതെന്തിന് എന്നത് ചരിത്രത്തില്‍ ചോദിക്കാന്‍ വെച്ചൊരു ചോദ്യമായുണ്ടാകും. എങ്ങനെ ജീവിക്കണം എന്നതാണ് ചോദ്യം.

ഒരു കാലവും പോയ കാലത്തെ ആവര്‍ത്തിക്കുന്നില്ല. ഈ കാലത്തിനായി നാം നമ്മെ പുതുക്കിപ്പണിതുകൊണ്ടേയിരിക്കണം. ഒരു ജനത സ്വന്തം കാലത്തിന്റെ പെരുന്തച്ചന്മാരാകുമ്പോഴാണ് പുതിയ കാലമുണ്ടാകുന്നത്. ആ പണിക്കുള്ള വീതുളികള്‍ ഈ തെരുവുകളില്‍ നിന്നും നമ്മളുണ്ടാക്കേണ്ടിയിരിക്കുന്നു.

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍