രാഷ്ട്രീയക്കാരുടെ മക്കള്‍ക്കായി ചില ഇളവുകളൊക്കെ ചെയ്യാനുള്ള കാരുണ്യമില്ലെങ്കില്‍ ഈ കച്ചവടം അത്ര എളുപ്പമല്ല എന്നറിയാന്‍ മുതലാളിയായ അമൃതാനന്ദമയിക്ക് ദിവ്യദൃഷ്ടിയൊന്നും വേണ്ട.
കോണ്‍ഗ്രസുകാരനായ തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്റെ മകള്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി ഡോക്ടറായ വിവരം അദ്ദേഹം എഫ്.ബി വഴി ലോകത്തെ അറിയിച്ചത് കണ്ടു. സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്ന തന്റെ ഭൂതകാലത്തെ സഹജമായ കോണ്‍ഗ്രസ് ഭാഷയില്‍ വിശദമാക്കിയതിനു ശേഷം അദ്ദേഹം മകളുടെ പഠനവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ എല്ലാ രാഷ്ട്രീയ കക്ഷികളില്‍പ്പെട്ട പ്രവര്‍ത്തകര്‍ക്കും ഈ സംസ്ഥാനത്തെ ”വെറും പൗരന്മാര്‍ക്കും’ കൗതുകമുണ്ടാക്കേണ്ടതാണ്.
അദ്ദേഹത്തിന്റെ മകള്‍ക്ക് മാതാ അമൃതാനന്ദമയി ‘ഡൊണേഷന്‍’ ഒന്നും വാങ്ങാതെ തന്റെ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്‍കുന്നു. അതായത് പ്രവേശനത്തിന് ‘ഡൊണേഷന്‍’ വാങ്ങുന്നത് നിയമപരമായി കുറ്റകരമായ ഒരു നാട്ടിലാണ് തനിക്കത് നല്‍കേണ്ടി വന്നില്ല എന്നത് ‘അമ്മയുടെ’ കാരുണ്യമായി ഒരു പാര്‍ലമെന്റ് അംഗം അഥവാ നിയമനിര്‍മ്മാണ സംഭയിലെ അംഗം പറയുന്നത്.
അതായത് അമൃതാനന്ദമയിയുടെ മെഡിക്കല്‍ കോളേജിലെ പ്രവേശനം നിയമവിരുദ്ധമായാണ് നടക്കുന്നതെന്ന് പ്രതാപനറിയാം. രാഷ്ട്രീയക്കാരുടെ മക്കള്‍ക്കായി ചില ഇളവുകളൊക്കെ ചെയ്യാനുള്ള കാരുണ്യമില്ലെങ്കില്‍ ഈ കച്ചവടം അത്ര എളുപ്പമല്ല എന്നറിയാന്‍ മുതലാളിയായ അമൃതാനന്ദമയിക്ക് ദിവ്യദൃഷ്ടിയൊന്നും വേണ്ട.
അങ്ങനെ സീറ്റൊപ്പിച്ചു പ്രതാപന്‍. പക്ഷെ വാര്‍ഷിക ഫീസ് എങ്ങനെ കൊടുക്കും. അതും മാനേജ്മെന്റ് വിഭാഗത്തില്‍ കിട്ടിയ പ്രവേശനമാണ്, ഫീസ് കൂടും, ലക്ഷങ്ങളാണ്. 2015-16-ല്‍ മാനേജ്മെന്റ് സീറ്റില്‍ അമൃതയിലെ എം.ബി.ബി.എസ് വാര്‍ഷിക ഫീസ് ഏതാണ്ട് പത്തു ലക്ഷം രൂപയാണ്.
ഹോസ്റ്റല്‍ ഫീസ് വേറെ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ (പ്രവേശന സമയത്ത് ആഭ്യന്തര മന്ത്രിയായിരിക്കാനാണ് സാധ്യത) രമേശ് ചെന്നിത്തല പ്രതാപന്റെ മകളുടെ കാര്യം തന്റെ മോളെപ്പോലെ കരുതി നോക്കണമെന്ന് സ്വാമിജിയോടൊക്കെ ശുപാര്‍ശ ചെയ്തു. ഇടയ്‌ക്കൊക്കെ ഭക്തരൊക്കെ അപ്രത്യക്ഷരാവുകയും അത്യാവശ്യം കച്ചവടം നടത്തുകയും ചെയ്യുന്ന ആശ്രമതപോഭൂവില്‍ ഒരു ക്ഷത്രിയരക്ഷ എപ്പോഴും നല്ലതാണ് എന്ന് സ്വാമിജിക്കുമറിയാം എന്ന് കൂട്ടിക്കോളൂ.
എന്നിട്ടും പ്രതാപനെന്ന പിതാവിന്റെ ഉള്ളിലെ തീയണഞ്ഞില്ല. അപ്പോഴതാ സഹപ്രവര്‍ത്തകനായ വി ഡി സതീശന്‍ കൊടുങ്കാറ്റു പോലെ രംഗത്തെത്തി. എന്റെ മോളെപ്പോലെയാണവള്‍, ഇതാ എന്റെ ബാങ്ക് ചെക്ക്, ഫീസ് കൊടുക്കാന്‍. ആഹാ, നല്ല കാര്യം. സുഹൃത്തുക്കളൊക്കെ അങ്ങനെത്തന്നെ വേണം. പക്ഷെ സ്വന്തം വീട്ടിലെ കാര്യമൊക്കെ നോക്കിക്കഴിഞ്, ഇത്രയധികം ദശലക്ഷക്കണക്കിനു രൂപ ഫീസ് കൊടുത്ത് മറ്റൊരു കുട്ടിയെ എം.ബി.ബി.എസ പഠിപ്പിക്കാനുള്ള വകയൊക്കെ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായ സതീശനുണ്ടോ! ഹൃദയം പോലെ പണപ്പെട്ടിയും വിശാലമാണ് നമ്മുടെ ജനപ്രതിനിധികളുടെയൊക്കെ.
പക്ഷെ ഒന്നും വേണ്ടിവന്നില്ല. നിങ്ങളാരുടെയും പണം വേണ്ട നാട്ടികയുടെ പ്രജകളെ സഹായിക്കാന്‍ ഈ നാടിന്റെ രാജാവ് ഞാനുണ്ട് എന്ന് പരമകാരുണികനായ യൂസഫലി മുതലാളി പ്രഖ്യാപിക്കുന്നു. പിന്നെയങ്ങോട്ട് കോളേജില്‍ നിന്നുള്ള പണം സംബന്ധിച്ച സന്ദേശങ്ങള്‍ നേരിട്ട് മുതലാളിയുടെ പക്കലേക്ക് അയച്ചുകൊടുക്കുക എന്ന ചുമതല മാത്രമേ പൊതുപ്രവര്‍ത്തനത്തിനിടെ സ്വന്തം കുടുംബം നോക്കാന്‍ മറന്ന ഗാന്ധിയനായ ആ പിതാവ് ചെയ്തിട്ടുള്ളു. മുതലാളി സ്‌പോണ്‍സര്‍ ചെയ്ത ഗാന്ധിയന്‍ എന്ന് വേണമെങ്കില്‍ പറയാം.
ഇങ്ങനെയൊക്കെയാണ് കേരളത്തിലെ നിസ്വാര്‍ത്ഥരായ പല പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ജീവിച്ചു പോകുന്നത്. അവരുടെ മക്കള്‍ അത്താഴപ്പട്ടിണി കിടക്കാതെ എങ്ങനെയെങ്കിലുമൊക്കെ കഴിഞ്ഞുകൂടുന്നത്. ഈ കരളലിയിക്കുന്ന കദനകഥ വല്ലതും ‘വെറും പ്രജകളായ’ നിങ്ങളൊക്കെ അറിയുന്നുണ്ടോ? നിങ്ങള്‍ക്കൊക്കെ കണ്ണില്‍ ചോരയുണ്ടോ, ഹൃദയമുണ്ടോ? പക്ഷെ അമൃതാന്ദമയിക്കുണ്ട്, മുതലാളിക്കുമുണ്ട്.
ഇങ്ങനെ മുതലാളിമാരും ആള്‍ദൈവങ്ങളും പോറ്റിവളര്‍ത്തുന്ന ആദ്യത്തെയോ അവസാനത്തെയോ പൊതുപ്രവര്‍ത്തകനോ ജനപ്രതിനിധിയോ അല്ല പ്രതാപന്‍. മുന്നണി ഭേദമില്ലാതെ നിരവധിപേര്‍ ഇവരുടെ സഹായങ്ങള്‍ പറ്റുന്നവരും പറ്റിയവരുമാണ്. അവരൊരു സവിശേഷ പുത്തന്‍ വിഭാഗമാണ്. അവര്‍ക്കിടയിലെ പരസ്പര ധാരണ പോലും ‘ഇതൊന്നും വലിയ ഇഷ്യൂ ആക്കണ്ടെന്നേ’ എന്നാണ്. ഏതു വാതിലും തുറപ്പിക്കാന്‍ കഴിയുന്ന, സാധാരണ പൗരന്‍ മണിക്കൂറുകള്‍ വരി നില്‍ക്കുന്നിടത്ത് ഒരു കാറ്റ് പോലെ കയറിപ്പോകാന്‍ കഴിയുന്ന, സര്‍ക്കാര്‍ ചെലവില്‍ ബന്ധുമിത്രാദികള്‍ക്ക് സവിശേഷ സേവനങ്ങള്‍ ലഭ്യമാക്കുന്ന, മുന്‍ നിരയില്‍ അവര്‍ക്കായി ഒഴിച്ചിട്ട ഇരിപ്പിടങ്ങളുള്ള, സാധാരണക്കാരനെ പുറത്തുതട്ടി ചേര്‍ത്തുപിടിച്ച് തമ്പുരാന്‍ കളിക്കുന്ന, വിവാഹത്തിന് അനുഗ്രഹിക്കാനും മരണവീട്ടില്‍ ചാവ് പൊലിക്കുമെത്തുന്ന ജനകീയരാണവര്‍.
ജനകീയരെ അങ്ങനെ നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള ചെലവ് വഹിക്കുന്ന മുതലാളിമാരുടേതാണ് അവസാന ചിരി. വിദേശ യാത്രകളിലെ ആതിഥേയരാണവര്‍, പുതിയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ സമ്മാനമായി കൊടുക്കുന്നവരാണവര്‍, സഞ്ചരിക്കാന്‍ കാറുകള്‍ വിട്ടുകൊടുക്കുന്നവര്‍, തെരഞ്ഞെടുപ്പിനും രാഷ്ട്രീയ പരിപാടികള്‍ക്കും ഇഷ്ടം പോലെ സംഭാവന, പലപ്പോഴും ഇത് നിനക്ക് എന്റെ വകയെന്ന പാര്‍ട്ടിക്ക് പുറത്തുള്ള കൈകൂട്ടി പിടിക്കുന്ന ഔദാര്യങ്ങള്‍, അങ്ങനെയങ്ങനെ.
മുതലാളിയുടേയും അമൃതാനന്ദമയി മാതൃകയിലേ മറ്റു കച്ചവടക്കാരുടെയും പണം വാങ്ങി ജീവിക്കുന്ന ടി.എന്‍ പ്രതാപനെപ്പോലുള്ള ജനപ്രതിനിധികള്‍ ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുക എന്നതിന് ഇനിയെങ്കിലും സംശയം വേണ്ട. കിറ്റക്‌സ് മുതലാളിയുടെ ശമ്പളക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്നും പ്രതാപനിലേക്കും സമാനരിലേക്കുമുള്ള ദൂരം കാപട്യത്തിന്റെ ഖദര്‍ വടിവും മുതലാളിയുടെ പേരും മാത്രമാണ്.
എന്തായാലും അമൃതാനന്ദമയിക്കും യൂസഫലിക്കും ഇടയില്‍ ഒരാര്‍ത്തനാദം പോലെ മലയാളിയുടെ രാഷ്ട്രീയജീവിതം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക