| Wednesday, 18th May 2022, 4:14 pm

ഭരണകൂടംസമഗ്രാധിപത്യ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന സമയങ്ങളിലെല്ലാം പൗരസമൂഹം ആക്രമണം നടത്തിക്കൊണ്ടിരിക്കണം

പ്രമോദ് പുഴങ്കര

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ 31 കൊല്ലത്തെ തടവുശിക്ഷയ്ക്കു ശേഷം സുപ്രീം കോടതി ഇന്ന് സ്വതന്ത്രനാക്കിയിരിക്കുന്നു. കേസില്‍ സമാനശിക്ഷ അനുഭവിക്കുന്ന മറ്റ് ആറ് തടവുകാരുടെ മോചനത്തിനും ഇതോടെ വഴിതെളിയുകയാണ്. അത് മാത്രമല്ല, സംസ്ഥാന മന്ത്രിസഭ തടവുകാരുടെ മോചനത്തിനായി നല്‍കുന്ന ശുപാര്‍ശകള്‍ മനപൂര്‍വ്വം വെച്ചുതാമസിപ്പിക്കാനും മോചനം മുടക്കാനും വേണ്ടി രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുന്ന ഭരണഘടനാവിരുദ്ധമായ നടപടിയെക്കൂടിയാണ് സുപ്രീം കോടതി തടഞ്ഞുനിര്‍ത്തിയത്.

പലതവണയായി തമിള്‍നാട് സര്‍ക്കാര്‍ രാജീവ്ഗാന്ധി വധക്കേസിലെ തടവുകാരെ മോചിപ്പിക്കാന്‍ നല്‍കിയ ശുപാര്‍ശകള്‍ പല ഗവര്‍ണര്‍മാരും ഇത്തരം തൊടുന്യായങ്ങല്‍പ്പറഞ്ഞുകൊണ്ട് വൈകിപ്പിക്കുകയായിരുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 അനുസരിച്ച് ഇത്തരത്തില്‍ തടവുകാരുടെ മോചനമടക്കമുള്ളവക്കുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ കോടതിക്ക് പുനഃപരിശോധന (Judicial Review) നത്താവുന്നതാണെന്നും കോടതി പറയുന്നു.

രാഷ്ട്രപതിക്ക് ഇത്തരം അധികാരങ്ങള്‍ നല്‍കുന്ന Article -72-ഉം ഗവര്‍ണറുടെ അധികാരങ്ങളും തമ്മില്‍ കൃത്യമായിത്തന്നെ വേര്‍തിരിക്കാമെന്നും ഗവര്‍ണര്‍ക്ക് ഈ അധികാരങ്ങളില്‍ സമ്പൂര്‍ണ്ണമായ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന്റെ തടവുകാരുടെ മോചനത്തിനായുള്ള ശുപാര്‍ശകള്‍ രാഷ്ട്രപതിക്കയക്കുന്ന തമിള്‍നാട് ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന സുപ്രധാനമായ തീര്‍പ്പ് ഭാവിയില്‍ ഫെഡറല്‍ അധികാരഘടനയിലെ തര്‍ക്കങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും.

1998-ലാണ് പേരറിവാളന്‍ രാജീവ് ഗാന്ധി വധക്കേസില്‍ മറ്റ് ആറു പേര്‍ക്കൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. പേരറിവാളനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കേസ് അന്വേഷിച്ച പൊലീസ് മേധാവിയായിരുന്ന ത്യാഗരാജന്‍ തന്നെ പിന്നീട് സമ്മതിച്ചു. ഫ്ളാഷ് ക്യാമറയിലിടാന്‍ 9 വോള്‍ട്ടിന്റെ രണ്ടു ബാറ്ററി ഒരു കടയില്‍ നിന്നും വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനെ ഗൂഢാലോചനയില്‍ ഉലപ്പെടുത്താന്‍ കെട്ടിച്ചമച്ച കുറ്റം. രണ്ടു ബാറ്ററിക്ക് ബില്ല് നല്‍കിയ തമിഴ്നാട്ടിലെ പെട്ടിക്കട വരെ അന്വേഷണ ഏജന്‍സി ഉണ്ടാക്കിയെടുത്തു.

1998ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ വരുത്തിയ കാലതാമസം കണക്കിലെടുത്ത് സുപ്രീം കോടതി ജീവപര്യന്തം തടവായി ചുരുക്കുകയായിരുന്നു. എന്നാല്‍ 14 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ Remission സാധ്യമാക്കാന്‍ ഒരു തടസവുമില്ലെന്നിരിക്കെ 31 കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ഈ തടവുകാരുടെ മോചനം തടയാനുള്ള വഴികളാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. മാത്രവുമല്ല ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫെഡറല്‍ അധികാരങ്ങളെ ഭരണഘടനാവിരുദ്ധമായി നിഷേധിക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ചുകൊണ്ട് ശ്രമിക്കുകയും ചെയ്തു.

2018 സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ പേരറിവാളന്റെ മോചനത്തിനായി നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകാരം നല്‍കാതെ മാറ്റിവെച്ചു. കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍-2020-ല്‍ കോടതി ഇക്കാര്യത്തില്‍ അനിഷ്ടം പ്രകടിപ്പിച്ചു.

2021 ജനുവരിയില്‍ വീണ്ടും സോളിസിറ്റര്‍ ജനറല്‍ ഗവര്‍ണര്‍ പെട്ടന്നുതന്നെ തീരുമാനമെടുക്കുമെന്ന് കോടതിക്ക് ഉറപ്പുനല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രസിഡന്റിനാണ് അധികാരമെന്ന നിലപാടാണ് ആഭ്യന്തര മന്ത്രാലയം പിന്നീടെടുത്തത്. പേരറിവാളന്‍ 31 വര്ഷം ജയിലില്‍ കഴിഞ്ഞു എന്നത് പരിഗണിച്ച് കോടതി അദ്ദേഹത്തെ ഇക്കഴിഞ്ഞ മാര്‍ച്ച മാസത്തില്‍ ജാമ്യത്തില്‍ വിട്ടിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ ഭരണഘടനാപാരമായി ഗവര്‍ണര്‍ ബാധ്യസ്ഥനാണ് എന്ന ഫെഡറല്‍ തത്വം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു ഈ കേസിലെ സുപ്രീം കോടതി.
ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിന്നും വധശിക്ഷ എടുത്തുകളയണമെന്ന ആവശ്യത്തിന് ശക്തിപകരാന്‍ കൂടി ഈ വിധിയുടെ സന്ദര്‍ഭം ഉപയോഗിക്കണം. ഭരണകൂടം കൂടുതല്‍ സമഗ്രാധിപത്യസ്വഭാവം പ്രദര്‍ശിപ്പിക്കുന്ന സമയങ്ങളിലെല്ലാം ജനങ്ങളെ ശിക്ഷിക്കാനുള്ള അതിന്റെ ശേഷിയുടെ മുകളില്‍ നിരന്തരമായി പൗരസമൂഹം ആക്രമണം നടത്തിക്കൊണ്ടിരിക്കണം.

Content Highlights: pramod puzhankara fb notification about perarivalan release

പ്രമോദ് പുഴങ്കര

സുപ്രീംകോടതി അഭിഭാഷകന്‍

We use cookies to give you the best possible experience. Learn more