രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ 31 കൊല്ലത്തെ തടവുശിക്ഷയ്ക്കു ശേഷം സുപ്രീം കോടതി ഇന്ന് സ്വതന്ത്രനാക്കിയിരിക്കുന്നു. കേസില്‍ സമാനശിക്ഷ അനുഭവിക്കുന്ന മറ്റ് ആറ് തടവുകാരുടെ മോചനത്തിനും ഇതോടെ വഴിതെളിയുകയാണ്. അത് മാത്രമല്ല, സംസ്ഥാന മന്ത്രിസഭ തടവുകാരുടെ മോചനത്തിനായി നല്‍കുന്ന ശുപാര്‍ശകള്‍ മനപൂര്‍വ്വം വെച്ചുതാമസിപ്പിക്കാനും മോചനം മുടക്കാനും വേണ്ടി രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുന്ന ഭരണഘടനാവിരുദ്ധമായ നടപടിയെക്കൂടിയാണ് സുപ്രീം കോടതി തടഞ്ഞുനിര്‍ത്തിയത്.
പലതവണയായി തമിള്‍നാട് സര്‍ക്കാര്‍ രാജീവ്ഗാന്ധി വധക്കേസിലെ തടവുകാരെ മോചിപ്പിക്കാന്‍ നല്‍കിയ ശുപാര്‍ശകള്‍ പല ഗവര്‍ണര്‍മാരും ഇത്തരം തൊടുന്യായങ്ങല്‍പ്പറഞ്ഞുകൊണ്ട് വൈകിപ്പിക്കുകയായിരുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 അനുസരിച്ച് ഇത്തരത്തില്‍ തടവുകാരുടെ മോചനമടക്കമുള്ളവക്കുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ കോടതിക്ക് പുനഃപരിശോധന (Judicial Review) നത്താവുന്നതാണെന്നും കോടതി പറയുന്നു.
രാഷ്ട്രപതിക്ക് ഇത്തരം അധികാരങ്ങള്‍ നല്‍കുന്ന Article -72-ഉം ഗവര്‍ണറുടെ അധികാരങ്ങളും തമ്മില്‍ കൃത്യമായിത്തന്നെ വേര്‍തിരിക്കാമെന്നും ഗവര്‍ണര്‍ക്ക് ഈ അധികാരങ്ങളില്‍ സമ്പൂര്‍ണ്ണമായ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന്റെ തടവുകാരുടെ മോചനത്തിനായുള്ള ശുപാര്‍ശകള്‍ രാഷ്ട്രപതിക്കയക്കുന്ന തമിള്‍നാട് ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന സുപ്രധാനമായ തീര്‍പ്പ് ഭാവിയില്‍ ഫെഡറല്‍ അധികാരഘടനയിലെ തര്‍ക്കങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും.
1998-ലാണ് പേരറിവാളന്‍ രാജീവ് ഗാന്ധി വധക്കേസില്‍ മറ്റ് ആറു പേര്‍ക്കൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. പേരറിവാളനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കേസ് അന്വേഷിച്ച പൊലീസ് മേധാവിയായിരുന്ന ത്യാഗരാജന്‍ തന്നെ പിന്നീട് സമ്മതിച്ചു. ഫ്ളാഷ് ക്യാമറയിലിടാന്‍ 9 വോള്‍ട്ടിന്റെ രണ്ടു ബാറ്ററി ഒരു കടയില്‍ നിന്നും വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനെ ഗൂഢാലോചനയില്‍ ഉലപ്പെടുത്താന്‍ കെട്ടിച്ചമച്ച കുറ്റം. രണ്ടു ബാറ്ററിക്ക് ബില്ല് നല്‍കിയ തമിഴ്നാട്ടിലെ പെട്ടിക്കട വരെ അന്വേഷണ ഏജന്‍സി ഉണ്ടാക്കിയെടുത്തു.