| Tuesday, 27th June 2017, 4:57 pm

പൗരന്‍ വേണ്ട; പൗരപ്രമുഖര്‍ മതി പോലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭയപ്പെടുത്തുക എന്നതാണ് ഭരണകൂടം എല്ലായ്‌പ്പോഴും ജനകീയസമരങ്ങളെ എതിരിടാന്‍ ഉപയോഗിയ്ക്കുന്ന രീതി. ഭയക്കുന്നില്ല എന്നതാണ് അതിനുള്ള മറുപടി. ഭയം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയില്‍ ആളുകള്‍ ചിതറണം എന്നാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. പ്രതിരോധത്തിന്റെ അനിവാര്യതയില്‍ ജനങ്ങള്‍ ഒന്നിക്കുക എന്നതാണ് അതിന്റെ പ്രതിവിധി. നിരന്തരവും വലുതും ചെറുതുമായ സമരങ്ങളിലൂടെ, പ്രക്ഷോഭങ്ങളിലൂടെ ഭരണകൂടത്തെയും മൂലധന ആധിപത്യത്തെയും ഉലച്ചുകൊണ്ടേയിരിക്കണം.


ശാസ്ത്രബോധം വേണ്ടത്ര ഇല്ലാത്തതുകൊണ്ടാണ് പുതുവൈപ്പിനില്‍ എല്‍.പി.ജി സംഭരണികള്‍ സ്ഥാപിക്കുന്നതിനെതിരെ ജനങ്ങള്‍ സമരം നടത്തിയതെങ്കിലും, സമരത്തിന് പിന്നില്‍ തീവ്രവാദികളായിരുന്നുവെങ്കിലും വിശാല ഹൃദയനായ മുഖ്യമന്തി അതൊക്കെ പൊറുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ മനോവീര്യമുള്ള പൊലീസ് ഏമാന്മാര്‍ തലതല്ലിപ്പൊളിച്ച, തൂക്കിയെടുത്തെറിഞ്ഞ മനുഷ്യരോട്, ഇനി ഞങ്ങളല്‍പ്പം വിശ്രമിക്കട്ടെ, അതുവരെ പദ്ധതിപ്പണി നിര്‍ത്തിവെക്കുന്നു; ജാഗ്രതൈ, ശാസ്ത്രബോധം വേഗം വളര്‍ത്തണം, പണിയെളുപ്പം തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട് വികസനനായകന്‍.

പക്ഷേ ശാസ്ത്രബോധമൊക്കെ സാധാരണക്കാരായ, വരുമാനം കുറഞ്ഞ മനുഷ്യര്‍ക്കുള്ളതാണ്. ഏത് കൊടികെട്ടിയ രോഗവും പ്രാര്‍ത്ഥിച്ചാല്‍ മാറ്റിക്കൊടുക്കുന്ന, മരണാനന്തരവും സാമൂഹ്യസേവനം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാത്ത ചാവറയച്ചനും അല്‍ഫോണ്‍സാമ്മയുമൊക്കെ വിശുദ്ധരായാല്‍, സംസ്ഥാന മന്ത്രിസഭയിലെ നസ്രാണി കമ്മ്യൂണിസ്റ്റ് മന്ത്രിയെ വത്തിക്കാനില്‍ പറഞ്ഞുവിട്ട്, സര്‍ക്കാരത് ആഘോഷിച്ചു കളയും.


Also Read: ‘മോദിയുടെ ഭാര്യയ്ക്കുവേണ്ടി ഡോര്‍ തുറക്കുന്ന ഗാര്‍ഡ്’ ഇന്റര്‍നെറ്റില്‍ വൈറലായി മോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടയിലെ വീഡിയോ


അതിപ്പോ നസ്രാണിസഭയുടെ ശാസ്ത്രബോധത്തെ മാത്രമല്ല, വള്ളിക്കാവിലെ സുധാമണിയുടെ ശാസ്ത്രബോധത്തെയും ശൃംഗേരി ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ആത്മീയനിര്‍വാണത്തെയും സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ഗൗനിക്കുന്നുണ്ടെന്നുകൂടി ഇത്തരുണത്തില്‍ ഓര്‍ത്തെടുക്കേുണ്ടതുണ്ട്. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, മന്ത്രിസഭയിലെ ഇടനിലക്കാരന്‍ വഴി രോമപ്പള്ളിക്കാരന്‍ ഉസ്താദിന്റെ ശാസ്ത്രബോധത്തിനെ വേദനിപ്പിക്കാതെ നോക്കാനും ഈ സര്‍ക്കാര്‍ ബത്തശ്രദ്ധരാണ്.

അതിപ്പോ ആത്മീയവ്യവസായികളുടെ ശാസ്ത്രബോധത്തെ മാത്രമല്ല, പാറമട, കെട്ടിട നിര്‍മ്മാണ മുതലാളിമാര്‍ക്കുവേണ്ടിയും സര്‍ക്കാര്‍ ശാസ്ത്രബോധത്തില്‍ ചില പ്രായോഗിക പരിഷ്‌കാരങ്ങളൊക്കെ വരുത്താറുണ്ട്. ഏതാണ്ട് ഒന്നരക്കൊല്ലം മുമ്പ് 2016-ല്‍ എ.കെ.ജി പഠന ഗവേഷണ കേന്ദ്രം നടത്തിയ അന്താരാഷ്ട്ര കേരളപഠനകോണ്‍ഗ്രസില്‍, ഈ പോക്ക് പോയാല്‍, ഇങ്ങനെ മല തുരന്നാല്‍, പാറ പൊട്ടിച്ചാല്‍, മണല് വാരിയാല്‍, പടച്ച തമ്പിരാനെ, ഈ കേരളം നശിച്ചു നാറാണക്കല്ല് തോണ്ടുമല്ലോ എന്നു വിലപിച്ചതാണ്.

“”വേണ്ടത്ര ആസൂത്രണമോ പഠനങ്ങളോ ഇല്ലാതെ നടപ്പാക്കപ്പെടുന്ന വികസനപ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവ് സംസ്ഥാനത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ പലമടങ്ങ് രൂക്ഷമാക്കിയിരിക്കുന്നു. അധികമധികം വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള സമ്മര്‍ദ്ദവും ഖനനം, പാറപൊട്ടിക്കല്‍, തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ തുടങ്ങിയ കടന്നുകയറ്റങ്ങളും സംസ്ഥാനത്തിന്റെ ദുര്‍ബലമായ പരിസ്ഥിതിക്ക് താങ്ങാനാവുന്നതിലും ഏറെയാണ്. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഭൂഉപയോഗമാറ്റങ്ങള്‍ ലോല പരിസ്ഥിതിയെ അപകടപ്പെടുത്തുകയും ചെയ്യുന്നു. ശാസ്ത്രീയ പഠനങ്ങളോ ആസൂത്രണമോ ഇല്ലാത്ത ഉയര്‍ന്ന തോതിലുള്ള പാറപൊട്ടിക്കലും മണ്ണെടുക്കലും പ്രാദേശികമായ ജൈവവൈവിധ്യത്തെ മാത്രമല്ല, അവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും താറുമാറാക്കുന്നവയാണ്.””(2016 ജനുവരി 9, 10, കേരള വികസന അജണ്ട, സഞ്ചിക 3 പുറം 81)

പക്ഷേ, അധികാരത്തില്‍ക്കേറി ഒരു കൊല്ലമായപ്പോഴേക്കും ശാസ്ത്രീയ പഠനവും ആസൂത്രണവുമൊക്കെ വിജയന്‍ സര്‍ക്കാര്‍ അട്ടപ്പുറത്തുവെച്ചു. പാറപൊട്ടിക്കല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. 100 മീറ്റര്‍ ദൂരപരിധി 50 മീറ്ററാക്കി കുറച്ചു. ഖനനാനുമതി കാലയളവ് 3-ല്‍ നിന്നും 5 വര്‍ഷമാക്കി ഉയര്‍ത്തി.

മുഖ്യമന്തിയെന്ന അഞ്ഞൂറാന്‍ മുതലാളി കേരളത്തിലെ മലകളുടെ മുകളില്‍ നിന്നും പാറമട മുതലാളിമാരോട് വിളിച്ച് പറയുന്നു,””കേറിവാടാ മക്കളെ കേറിവാ, ഇഷ്ടം പോലെ പൊട്ടിച്ചുകൊണ്ടുപോ”” എന്ന്. നോക്കൂ, ശാസ്ത്രബോധം പോലുള്ള ഉന്നതമൂല്യങ്ങള്‍ മുതലാളി വര്‍ഗത്തിനല്ല, തൊഴിലാളി വര്‍ഗത്തിനാണ് വേണ്ടതെന്ന് ഇനിയും ബോധ്യമായില്ലെ?

ധനികര്‍ക്കും അവര്‍ക്കൊപ്പമുള്ള സാമൂഹ്യസമ്മര്‍ദ്ദ സംഘങ്ങള്‍ക്കും മാത്രമായി നിയമങ്ങളും ചട്ടങ്ങളും ആഘോഷങ്ങളും സ്വീകരണങ്ങളും നല്‍കുന്ന സമ്പ്രദായം ഇന്ത്യയിലോ കേരളത്തിലോ ആദ്യമായി നടത്തുന്ന ഒരു സര്‍ക്കാരൊന്നുമല്ല വിജയന്റേത്. എന്നാല്‍ അയാളിപ്പോഴും കമ്മ്യൂണിസ്റ്റുകാരനാണെന്നും മാര്‍ക്‌സിസ്റ്റുകാരനാണെന്നും ഈ സര്‍ക്കാര്‍ ഇടതുപക്ഷ സര്‍ക്കാരാണെന്നും അവകാശപ്പെടുന്നതുകൊണ്ടാണ് ഈ രാഷ്ട്രീയ ഒറ്റിനെ വിട്ടുവീഴ്ച്ചയില്ലാതെ ചെറുക്കാനുള്ള ചുമതല വര്‍ദ്ധിക്കുന്നത്. അല്ലെങ്കില്‍, ഇതാണ് ഇടതുപക്ഷമെന്ന വലതുപക്ഷ ബോധത്തിലായിരിക്കും ഈ സമൂഹത്തിന്റെ രാഷ്ട്രീയസംവാദങ്ങളെ അത് വഴിതിരിച്ചുവിടുക. അതാണ് അവരുടെ ലക്ഷ്യവും.


Don”t Miss: ‘പശുവിന്റെ പേരില്‍ ഹിന്ദുതീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയെക്കാന്‍ മോദിയോട് ആവശ്യപ്പെടണം’ നെതര്‍ലാന്റ് പ്രധാനമന്ത്രിക്ക് മനുഷ്യാവകാശ സംഘടനയുടെ കത്ത്


പുതുവൈപ്പിന്‍ സമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളെയും സമരസമിതി നേതാക്കളേയും പിന്നെ വാരാപ്പുഴ അതിരൂപതക്കാരെയുമാണ്. ഒറ്റനോട്ടത്തില്‍ ന്യായം തന്നെ. പക്ഷേ അതില്‍ ഒരു ജനാധിപത്യവിരുദ്ധതയുടെ ന്യായം ഒളിഞ്ഞുകിടപ്പുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിലെ ജനങ്ങളുടെ ഇടപെടലില്‍ ഒന്നു മാത്രമാണ് രാഷ്ട്രീയ കക്ഷികളും അവരുടെ തെരഞ്ഞെടുപ്പും. രാഷ്ട്രീയ കക്ഷികളുടെ തെരഞ്ഞെടുപ്പുത്സവങ്ങള്‍ക്ക് അപ്പുറത്തും ജനകീയ ഇടപെടലും ജനാധിപത്യ സമൂഹവുമുണ്ട്. ഇതിനിടയിലും വാരാപ്പുഴ അതിരൂപതക്കാരന്‍ എങ്ങനെ കയറിപ്പറ്റി എന്ന സംശയത്തിന് നേരത്തെ പറഞ്ഞ ശാസ്ത്രീയതയുടെ പുനര്‍ വിതരണത്തിലെ സൂക്ഷ്മതയുടെ കൂടെ കൂട്ടിവായിച്ചാല്‍ മതി.

ഇതിനുശേഷമാണ് പൗരപ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത്. സാംസ്‌കാരിക രംഗത്തെ ഫാഷിസത്തെ ചെറുക്കല്‍ മുതല്‍ നാനാവിധങ്ങളായ കാര്യങ്ങളില്‍ അദ്ദേഹം നിര്‍ദേശങ്ങള്‍ സ്വീകരിച്ചു എന്ന് പിന്നീട് വാര്‍ത്തവരുന്നു. അപ്പോള്‍ ചോദ്യമതല്ല, ജനാധിപത്യത്തിലെ പൗരപ്രമുഖര്‍ ആരാണ്? അവരെങ്ങനെയാണ് തെരഞ്ഞെടുക്കപ്പെടുന്നത്? പൗരപ്രമുഖരില്‍ ഒന്നുരണ്ട് മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

മാധ്യമങ്ങളെ മറ്റുരീതിയില്‍ പതിവായി കാണാന്‍ വിമുഖത കാട്ടുന്ന മുഖ്യമന്ത്രി, തെരഞ്ഞെടുത്ത പൗരപ്രമുഖരായ മാധ്യമപ്രവര്‍ത്തകരെ കാണുന്നത് കൗതുകകരമാണ്. അവരതിന് പോകുന്നത് അതിലേറെ വാചാലവും. നേരോടെ, നിര്‍ഭയം, നിഷ്പക്ഷം!

ജനാധിപത്യത്തെക്കുറിച്ചുള്ള രാഷ്ട്രീയ സങ്കല്പ്പനത്തെ തകിടം മറിക്കുന്ന സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരതയുടെ ഭരണനാളുകളില്‍ ജനാധിപത്യബോധത്തെ, ജനാധിപത്യ സ്ഥാപനങ്ങളെ, പൗരസമൂഹത്തിന്റെ ജനാധിപത്യ ഇടപെടലുകളെ എന്തു വിലകൊടുത്തും സംരക്ഷിക്കുകയും അതിനെ സജീവമാക്കുകയും ചെയ്യുക എന്ന തൊഴിലാളി വര്‍ഗരാഷ്ട്രീയത്തിനെ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം സമരം ചെയ്യുന്ന ജനങ്ങള്‍ക്ക്് നേരെ പൊലീസ് നരനായാട്ട് അഴിച്ചുവിടുന്ന വിജയന്‍ സര്‍ക്കാര്‍ എന്തുതരം ബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്?

ഭരണകൂടത്തിന്റെ എല്ലാ മര്‍ദ്ദനോപകരണങ്ങളെയും മുന്‍ സര്‍ക്കാറില്‍ നിന്നും ഒട്ടും അയവില്ലാതെ ഉപയോഗിക്കുന്ന ഒരു സ്വയംപ്രഖ്യാപിത ഇടതുപക്ഷ സര്‍ക്കാര്‍ മൂലധനഭീകരതയുടെ വിപണനത്തിനായാണ് ആ ചുമതല നിര്‍വഹിക്കുന്നത് എന്നതാണ് അതിന്റെ ഇരട്ടത്താപ്പിനെ കൂടുതല്‍ തുറന്നുകാട്ടുന്നത്.

ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം ഏതുതരം സമരങ്ങളും അടിച്ചമര്‍ത്തപ്പെടുന്നതെന്നതിന്റെ മുറതെറ്റാത്ത തുടര്‍ച്ചയാണ് വിജയന്‍ സര്‍ക്കാരിന്റെ പോലീസ് ഭീകരതയും. ബ്രിട്ടീഷ് കൊളോനിയല്‍ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും ആ സ്വാതന്ത്ര്യത്തെ, രാജ്യത്തെ കാര്‍ഷിക ഉത്പാദന ബന്ധങ്ങളിലോ, ഭൂ ഉടമസ്ഥതയിലോ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്നതിന് അധികാരം കൈമാറിക്കിട്ടിയ ഭൂപ്രഭുക്കളുടെയും അന്ന് ശൈശവദശയിലായിരുന്ന ഇന്ത്യന്‍ മുതലാളിത്തത്തിന്റെയും കൂട്ടുമുന്നണി തയ്യാറായില്ല; അതിലത്ഭുതവുമില്ല.

അത് ഭൂവുടമസ്ഥതയുടെയും ഉത്പാദനബന്ധങ്ങളുടെയും രാഷ്ട്രീയ സാമ്പത്തിക അധികാരഘടനയുടെയും മേലുള്ള സ്വത്തുടമാ വര്‍ഗാതധിപത്യത്തിന്റെ താല്‍പര്യങ്ങളായിരുന്നു.

അതിനുശേഷം ഇന്ത്യയില്‍ നടന്ന ചെറുതും വലുതുമായ, ഭരണകൂട അടിച്ചമര്‍ത്തലുകള്‍ നേരിട്ട മിക്ക സമരങ്ങളും ഈ വര്‍ഗാധിപത്യത്തിന്റെ അടിത്തറയെയോ ചൂഷണ സ്വഭാവത്തെയോ അധികാരഘടനയെയോ ഏതെങ്കിലും തരത്തില്‍ ചോദ്യം ചെയ്യുന്നവയായിരുന്നു. തെലങ്കാനയും നക്‌സല്ബാരിയും പൊലുള്ള എല്ലാ രാഷ്ട്രീയ-കാര്‍ഷിക കലാപങ്ങളും ഈ അടിച്ചമര്‍ത്തല്‍ നേരിട്ടുണ്ട്.

അതേസമയം രാഷ്ട്രീയാധികാരവ്യവസ്ഥയിലെ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ഈ ഭൂവുടമസ്ഥതക്കോ ഉത്പാദനോപാധികളുടെ ഉടമസ്ഥതക്കോ അഥവാ കാര്‍ഷിക-വ്യാവസായിക മേഖലയിലെ മൂലധന ആധിപത്യത്തിനോ എതിരായില്ലെങ്കില്‍, അവയെ ഒരളവോളം ഉള്‍ക്കൊള്ളാന്‍ പോലും ഈ കൂട്ടുമുന്നണി തയ്യാറായിട്ടുണ്ട്.

സംവരണ സമരങ്ങള്‍ പിന്നീട് സംഘടനാരൂപങ്ങളിലൂടെ മുഖ്യധാര തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായതും മറ്റുപല ഒളിയജണ്ടകള്‍ ഉണ്ടെങ്കിലും സംവരണം എന്നത് ഹിന്ദുത്വ രാഷ്ട്രീയകക്ഷികള്‍ക്കുവരെ പരസ്യമായി തള്ളിപ്പറയാനാകാത്ത അവസ്ഥയില്‍ എത്തിയതും ആ സംഘടനകളുടെ വോട്ട് രാഷ്ട്രീയത്തിലെ ശക്തികൊണ്ട് മാത്രമല്ല, അവ സ്വകാര്യ സ്വത്തുടമ സമ്പ്രദായത്തിന്റെ നാനാവിധ രൂപങ്ങളെ ചോദ്യം ചെയ്യുന്നില്ല എന്നതുകൊണ്ടുകൂടിയാണ്.

ആഗോളീകരണത്തിന്റെ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ സാമ്പത്തികരംഗത്ത് വന്നപ്പോള്‍ മുതല്‍, പ്രാഥമിക വിഭവസ്രോതസുകളുടെ മൂലധനക്കൊള്ള ഇന്ത്യയില്‍ തുടങ്ങി. ഇതിന്റെ ഫലമായി ഉപജീവനമാര്‍ഗങ്ങളും, ആവാസകേന്ദ്രങ്ങളും നഷ്ടപ്പെടുന്ന മനുഷ്യരുടെ ചെറുതും വലുതുമായ സമരങ്ങളും ഏതാണ്ട് അക്കാലം മുതല്‍ തുടങ്ങി.

ഇന്ത്യയിലെമ്പാടും ഈ സമരങ്ങളെ ഭരണകൂടം നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയാണ്. ഛത്തീസ്ഗഡിലും ഒഡിഷയിലും മധ്യപ്രദേശിലുമെല്ലാം ഇങ്ങനെ പ്രാഥമിക പ്രകൃതിവിഭവങ്ങളുടെ കൊള്ളനടത്തുന്ന മൂലധനഭീകരതയെ ചെറുക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്താന്‍ കോര്‍പ്പറേറ്റുകളുടെ സ്വകാര്യ സേനയായാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്.

ഇതോടൊപ്പം സമൂഹത്തില്‍ പ്രചണ്ഡപ്രചാരണത്തിലൂടെ, ബദല്‍ഷ്ട്രീയവാദങ്ങളുടെ തമസ്‌കരണത്തിലൂടെ ഭരണകൂടവും കുത്തക, സ്വകാര്യ മൂലധന ശ്രേണീവ്യവസ്ഥയും ഉണ്ടാക്കിയെടുക്കുന്ന, വികസനമാതൃകയുടെ അനിവാര്യതബോധം കൂടിയുണ്ട്. ഇവ രണ്ടും ചേരുമ്പോഴാണ് ഈ അടിച്ചമര്‍ത്തലിന് ഒരു വ്യാജസാധുത ഉണ്ടാകുന്നത്.

ഇത്തരത്തിലുള്ള സാധുത നിലനിര്‍ത്തണമെങ്കില്‍ ഈ വികസന മാതൃകക്കെതിരായ ചെറിയ പ്രതിഷേധങ്ങളെപോലും നിലനിര്‍ത്തില്ലെന്ന് ഭരണകൂടത്തിന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് പുതുവൈപ്പിന്‍ സമരക്കാര്‍ക്ക് ആദ്യം അടികിട്ടുന്നതും പിന്നെ എന്താണ് ആവശ്യമെന്ന് വിജയന്‍ ചോദിക്കുന്നതും. ഈ ചര്‍ച്ചപോലും, താത്ക്കാലികമായുള്ള നിര്‍ത്തിവെക്കല്‍പോലും വേണ്ടിവരുന്നത് ജനകീയപ്രതിഷേധത്തിന്റെ സാധ്യതകള്‍ മൂലമാണ്.

എന്തുകൊണ്ടാണ് പുതുവൈപ്പിനിലേതുപോലെ അത്ര സംഘടിതമല്ലാത്ത, ഒറ്റകാരണത്തിന്റെ പേരില്‍ സംഘടിച്ച, പ്രാദേശികം എന്നുമറ്റുള്ളവരെ തോന്നിപ്പിക്കാന്‍ എളുപ്പമുള്ള, ഒരു സമരത്തിനെ സര്‍ക്കാര്‍ ഇത്ര നിഷ്ഠൂരമായി നേരിട്ടത്. കാരണം അത് ചോദ്യം ചെയ്യുന്നത് ഒരു വികസന സങ്കല്പ്പത്തെയാണ്. അതുനേരിടുന്നത്, ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളുടെ ജനവിരുദ്ധതയെയാണ്.

അതുപ്രശ്‌നവത്കരിക്കുന്നത് ജനാധിപത്യം എന്നാല്‍ സ്വന്തം ജീവന്റെയും സമാധാനത്തിന്റെയും മേല്‍ ഒരു ജനവിഭാഗത്തിനുണ്ടാകുന്ന ഭയത്തിന്, ആശങ്കയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി ഒരു സംഭാഷണത്തിന്, ന്യായമായ അവസരം ലഭിക്കുന്നില്ല എന്ന അവസ്ഥയെയാണ്.

ആരുടെ വീട്ടില്‍ അടുപ്പ് കത്തിക്കാനാണ് നിങ്ങള്‍ ഞങ്ങളുടെ വീടുകള്‍ക്ക് കീഴില്‍ അപകടസാധ്യതയുടെ സംഭരണികള്‍ പൂഴ്ത്തിവെക്കുന്നത് എന്ന ചോദ്യത്തെയാണ്. ആ ചോദ്യത്തില്‍ ശാസ്ത്രബോധമില്ലല്ലോ എന്ന കുണ്ഠിതമല്ല, മറിച്ച് ഇതിനപ്പുറം ആ ചോദ്യത്തിന് തീപിടിപ്പിക്കുന്ന സാധ്യതകളുണ്ട് എന്നതുകൊണ്ടാണ്.

കാരണം ആരുടെ ഉപഭോഗതൃഷ്ണയുടെ പുളപ്പുകള്‍ തീര്‍ക്കാനാണ് നിങ്ങള്‍ സര്‍ക്കാര്‍ ഭൂമി യൂസഫലിയുടെ കച്ചവടസമുച്ചയത്തിന് കൈമാറുന്നതെന്നത് ഈ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്. എന്തുകൊണ്ടാണ് കയ്യേറ്റക്കാരായ കുരിശുവ്യവസായത്തിനെ വിശുദ്ധവത്കരിക്കുന്നതും മരിച്ചാല്‍ കുഴിച്ചിടാന്‍ ഭൂമിയില്ലാത്ത ആദിവാസി വെന്തകാലുമായി നിങ്ങളുടെ വെള്ളാനക്കൊട്ടാരങ്ങള്‍ക്കു മുന്നില്‍ നില്ക്കുമ്പോള്‍ അതിനെ അവഗണിക്കുന്നതും എന്നത് ഈ ചോദ്യങ്ങളുടെ തുടര്‍ച്ചയാണ്.

അതായത് നിങ്ങളുടെ വികസന വ്യാപാരത്തിന്റെ യുക്തികളെയാണ് അത് ചോദ്യം ചെയ്യുന്നത്. അതുകൊണ്ടാണ് പുതുവൈപ്പിനിലെ എല്‍.പി.ജി സംഭരണിക്കെതിരായ പ്രതിഷേധത്തെ മാത്രമല്ല, ആ ചോദ്യങ്ങളുടെ തുടര്‍ച്ചയായ പ്രതിഷേധ സംഭരണികളുടെ പൊട്ടിത്തെറിയുടെ സാധ്യതകളെയാണ് വിജയന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത്.

പുതുവൈപ്പിനിലേതുപോലുള്ള ഒരു സമരം, അതുപോലുള്ള മറ്റുസമരങ്ങള്‍ ഉയര്‍ത്തുന്ന മറ്റൊരു സാധ്യതയെക്കൂടി ഭരണകൂടം ഭയപ്പെടുന്നുണ്ട്. മുഖ്യധാര തെരഞ്ഞെടുപ്പ് കക്ഷികളുടെ നേതൃത്വത്തിലല്ലാതെ ജനങ്ങള്‍ സംഘടിക്കുന്നു എന്നും, ജനങ്ങള്‍ തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ സമരസജ്ജരായി നേരിടുന്നു എന്നതുമാണത്.

ഈ സാഹചര്യം ഭരണകൂടത്തെ സംബന്ധിച്ച് ഉയര്‍ത്തുന്ന വെല്ലുവിളിയെന്താണ്? അത് മൂലധനക്കൊള്ളയുടെ ദല്ലാളുമാരായ രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് വര്‍ഷങ്ങളായി രൂപപ്പെടുത്തിയ നിസഹായതയുടെ ചട്ടക്കൂടിനെ ജനങ്ങള്‍ ഭേദിക്കാന്‍ തുടങ്ങുന്നു എന്നതാണ്. അത്തരം വെല്ലുവിളികള്‍ ജനാധിപത്യം എന്ന പേരില്‍ നടത്തുന്ന പൊറാട്ടുനാടകത്തിന്റെ ആദിമധ്യാന്താഭാസത്തെ തുറന്നുകാട്ടുന്നതാണ്.

ഇതുപോലൊരു സമരം ഉടന്‍ തന്നെ കാട്ടുതീയായി പടരാനൊന്നും പോകുന്നില്ല എന്നു സര്‍ക്കാറിനറിയാം. പക്ഷേ അത് സമൂഹത്തില്‍ നിരന്തരം ഉണ്ടാകേണ്ട പ്രതിഷേധ കമ്പനങ്ങളെ നിലനിര്‍ത്തും. അതൊരു പുതിയ രാഷ്ട്രീയബോധത്തിനെയാണ് ഉയര്‍ത്തിക്കൊണ്ടുവരിക.

ആ രാഷ്ട്രീയബോധം തെരഞ്ഞെടുപ്പാഘോഷങ്ങളില്‍ വരിനില്‍ക്കുന്ന ഒന്നല്ല. ഭരണകൂടത്തിന്റെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന, ഉദ്യോഗസ്ഥദുഷ്പ്രഭുത്വം സ്വഭാവമാക്കിയ, ഉപരിവര്‍ഗത്തിന്റെ മൂലധന, അധികാര താത്പര്യങ്ങളെ മാത്രം സേവിക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്ക് ഒരിക്കലും കൊണ്ടുനടക്കാന്‍ ആകാത്ത, ജനങ്ങളുടെ ജനാധിപത്യബോധത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒന്നാണ്. അതിന് കൂടുതല്‍ തീക്ഷ്ണമായ, മൂര്‍ച്ചയുള്ള തൊഴിലാളി വര്‍ഗബോധത്തിലേക്ക് പരിവര്‍ത്തിക്കാനുള്ള സാധ്യതയുമുണ്ട്.

സ്വാഭാവികമായും ഈ വര്‍ഗതാത്പര്യത്തിന്റെ എതിര്‍വശത്തു നില്‍ക്കുന്ന യു.ഡി.എഫ് – എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ക്ക് ഇതിനെ അടിച്ചമര്‍ത്താതെ വയ്യ. ഒപ്പം സമരം വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ക്ക് പുറത്താണെന്ന് സ്ഥാപിക്കണം. അതിന് വ്യവസ്ഥാവിരുദ്ധതയുടെ മേലങ്കി എളുപ്പം ചാര്‍ത്താവുന്ന ഏതുതരം തീവ്രവാദത്തെയും സമരത്തിന്റെ പിന്നിലെ ഗൂഢാലോചനയെന്ന് മുദ്രകുത്തണം. വടക്കേ ഇന്ത്യയില്‍ ഇത്തരത്തില്‍ ഏത് സമരം നടന്നാലും മാവോവാദികള്‍ എന്ന പേരില്‍ പത്തുപേരെ പോലീസ് പിടികൂടുകയോ വെടിവെച്ചുകൊല്ലുകയോ ചെയ്യും എന്നാണവസ്ഥ.

എന്നാല്‍ ഇത്തരം സമരങ്ങളില്‍ അതിനെ നേരത്തെ പറഞ്ഞ മൂലധനവിരുദ്ധതയുടെ രാഷ്ട്രീയം കൃത്യമായ രാഷ്ട്രീയ-സാമ്പത്തിക വിശകലനരീതികളിലൂടെ തൊഴിലാളി വര്‍ഗരാഷ്ട്രീയമായി (ആ ആശയത്തിന്റെ വിപുലമായ അര്‍ത്ഥത്തില്‍) മാറുന്നതില്‍ നിന്നും തടയിടാന്‍ ശ്രമിക്കുന്ന താത്പര്യങ്ങള്‍ സജീവമായി ഉണ്ടാകാറുണ്ട്. അതിനെ മറികടക്കേണ്ടത് സമരത്തിന്റെ രാഷ്ട്രീയം എന്താണെന്ന് കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തിയാണ്. അതെളുപ്പമല്ല എന്നുള്ള ഉത്തമബോധ്യവും ഉണ്ടാകണം.

ജനങ്ങളുടെ പരിചിതമായ ലോകങ്ങളില്‍ നിന്നുമാണ് സ്വത്വവാദ രാഷ്ട്രീയവും, മത മേധാവികളും അതിനെ ഉപയോഗിക്കാന്‍ ശ്രമിക്കുക. നിരന്തരമായ ജനകീയസമരങ്ങള്‍ നടക്കുകയും ഇത്തരം ശക്തികള്‍ക്ക് തങ്ങളുടെ ഉപരിവര്‍ഗ, മൂലധന ആശ്രിതത്വം മറച്ചുവെക്കാന്‍ കഴിയാതെ വരികയും ചെയ്യുക എന്നതുമാത്രമാണ് ബദല്‍ രാഷ്ട്രീയബോധത്തിന്റെ ഉണരുകള്‍ ഉണ്ടാക്കുകയുള്ളൂ.

ഭയപ്പെടുത്തുക എന്നതാണ് ഭരണകൂടം എല്ലായ്‌പ്പോഴും ജനകീയസമരങ്ങളെ എതിരിടാന്‍ ഉപയോഗിയ്ക്കുന്ന രീതി. ഭയക്കുന്നില്ല എന്നതാണ് അതിനുള്ള മറുപടി. ഭയം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയില്‍ ആളുകള്‍ ചിതറണം എന്നാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. പ്രതിരോധത്തിന്റെ അനിവാര്യതയില്‍ ജനങ്ങള്‍ ഒന്നിക്കുക എന്നതാണ് അതിന്റെ പ്രതിവിധി. നിരന്തരവും വലുതും ചെറുതുമായ സമരങ്ങളിലൂടെ, പ്രക്ഷോഭങ്ങളിലൂടെ ഭരണകൂടത്തെയും മൂലധന ആധിപത്യത്തെയും ഉലച്ചുകൊണ്ടേയിരിക്കണം.

സുരക്ഷിതരല്ലാത്ത, കോര്‍പ്പറേറ്റുകളുടെ കൊള്ളയ്ക്ക് എറിഞ്ഞുകൊടുക്കപ്പെട്ട ഒരു ജനതയ്ക്ക്, ആ കൊള്ളയുടെ പങ്കുപറ്റുന്ന ആരുടേയും സ്വസ്ഥത ഒരു ആകുലതയാകേണ്ടതില്ല. അതുകൊണ്ട് അവരുടെ ദുസ്വപ്നങ്ങളാണ് നമ്മുടെ രാഷ്ട്രീയ കടമ.

We use cookies to give you the best possible experience. Learn more