| Friday, 30th April 2021, 9:06 pm

ഓക്കാനം വരുന്ന ഭാഷാ പ്രയോഗവും വഷളന്‍ തര്‍ക്കയുക്തിയുമുള്ള ഹിന്ദുത്വവാദിയായ 'സര്‍വജ്ഞ പണിക്കരെ' വിളിച്ചിരുത്തുന്ന ചാനലുകള്‍ക്ക് കൃത്യമായ അജണ്ടയെന്ത്?

പ്രമോദ് പുഴങ്കര

തന്നോട് തര്‍ക്കിക്കുന്നവരുടെയെല്ലാം അമ്മയുടെ ജാരനാണ് താനെന്നും ഒന്നുകൂടി കടന്ന് അവരുടെയൊക്കെ തന്ത തന്നെയാണ് താനെന്നും ഘോഷിക്കുന്ന മനോവൈകൃതമുള്ള ഒരു വഷളന്‍ എങ്ങനെയാണ് കേരളത്തിലെ വാര്‍ത്താ ദൃശ്യ മാധ്യമങ്ങളിലെ സ്ഥിരം നിരീക്ഷകനാകുന്നത് എന്നാണ് നമ്മള്‍ ചോദിക്കേണ്ടത്.

ഒരു വ്യക്തി എന്ന നിലയില്‍ ഇത്രയേറെ വഷളനായാലും അയാളെ മലയാളികളുടെ സാമൂഹ്യ സംവാദത്തിന്റെ പ്രതിനിധാനമാക്കുന്നതില്‍ മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ വഹിച്ച പങ്ക് അപലപനീയമാണ്. അതായത് ഓക്കാനം വരുത്തുന്ന ഭാഷാ പ്രയോഗവും പതിനാറാം തരം തര്‍ക്കയുക്തിയും കൊണ്ടുനടക്കുന്ന ഒരു ഹിന്ദുത്വവാദിയെ എന്തുകൊണ്ടാണ് ചാനല്‍ ചര്‍ച്ചകളില്‍ കൊണ്ടിരുത്തുന്നത് എന്ന് ചോദിക്കേണ്ടതുണ്ട്.

ശ്രീജിത് പണിക്കര്‍ എന്ന സര്‍വ്വനിരീക്ഷകന്റെ ഫേസ്ബുക് പേജ് ഒന്ന് നോക്കിയാല്‍ മതി അയാളുടെ യുക്തിയും രീതിശാസ്ത്രവും മത വര്‍ഗീയതയുടെയും സ്ത്രീവിരുദ്ധതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും പൂരപ്പറമ്പാണെന്ന് മനസിലാക്കാന്‍. ഇതൊന്നും കാണാത്തവരല്ല കേരളത്തിലെ ചാനല്‍ ചര്‍ച്ചാ അവതാരകര്‍. അതുകൊണ്ടുതന്നെ വളരെ ബോധപൂര്‍വം ഇത്തരത്തിലൊരു ഹിന്ദുത്വവാദിയെ സമൂഹത്തില്‍ സ്ഥാപിച്ചെടുക്കുക എന്നത് ഒരു അജണ്ടയാണ് എന്നുതന്നെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇത്രയേറെ സംസ്‌കാര ശൂന്യമായി പൊതുവിടങ്ങളില്‍ എഴുതിനിറയുന്ന ശ്രീജിത് പണിക്കര്‍ക്ക് തങ്ങളുടെ ചര്‍ച്ചകളില്‍ ഒരിടം കിട്ടുന്നു എന്ന് കാണിക്കുമ്പോള്‍ ചാനല്‍ ചര്‍ച്ചകളുടെ അവതാരകര്‍ തങ്ങള്‍ക്ക് ആ രീതികളില്‍ എതിര്‍പ്പില്ല എന്നുകൂടിയാണ് പറയുന്നത്.

ഒരാളുടെ രാഷ്ട്രീയം വെച്ചുകൊണ്ടോ, രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധി എന്ന നിലയ്ക്കോ അയാളെ ചര്‍ച്ചക്ക് വിളിക്കുന്നതില്‍ തെറ്റില്ല. അത്തരം കാരണങ്ങള്‍ക്കൊണ്ടുതന്നെ ഒഴിവാക്കാനാകുമില്ല. എന്നാല്‍ ഒരു വിദഗ്ധ നിരീക്ഷകനെ വിളിക്കുമ്പോള്‍ അയാളുടേത് അപൂര്‍വമായ സാങ്കേതിക വൈദഗ്ധ്യം ഒന്നുമല്ലാതിരിക്കേ, ശ്രീജിത് പണിക്കരെപ്പോലൊരു വഷളനെ വിളിക്കുന്നത് അവതാരകര്‍ തങ്ങളുടെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നത് പോലെയാണ്. കാരണം ഒരു രാഷ്ട്രീയ പ്രതിനിധിയെ വിളിക്കുമ്പോള്‍ ചാനലിന് തങ്ങളുടെ മാനദണ്ഡങ്ങള്‍ വെക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടു കാണും, പക്ഷെ സര്‍വ്വജ്ഞ പണിക്കന്മാരെ വിളിക്കുമ്പോള്‍ അങ്ങനെയല്ല, അതൊരു ബോധപൂര്‍വ്വമുള്ള തെരഞ്ഞെടുപ്പാണ്.

ജനാധിപത്യരീതിയിലുള്ള, ആക്രോശങ്ങളും അലറലുകളും ഇല്ലാത്ത ചര്‍ച്ചാ രീതികള്‍ മലയാളം വാര്‍ത്താ ചാനലുകളില്‍ ഇല്ല എന്നുതന്നെ പറയാം. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ ആക്രോശങ്ങളും വെല്ലുവിളികളും ഇടകലര്‍ന്നുള്ള ബഹളങ്ങളും മാത്രമല്ല, വാര്‍ത്താ അവതാരകരുടെ അവനവന്‍ പുരാണങ്ങളും പ്രസംഗങ്ങളും വരെ നിറഞ്ഞതാണ് മിക്കപ്പോഴും ഇത്തരം ചര്‍ച്ചകള്‍. ഇതിനൊരു മാറ്റം വേണമെന്ന് തോന്നാനുള്ള കാലം അതിക്രമിച്ചു.

എന്തായാലും അതവിടെ നില്‍ക്കട്ടെ. കാരണം ശുഭപ്രതീക്ഷയുള്ള ഒരു കാര്യമല്ല അത്. പണിക്കരുണ്ടാക്കുന്ന മലിനീകരണമെങ്കിലും ഒഴിവാക്കിക്കിക്കിട്ടാനുള്ള അവകാശം മലയാളികള്‍ക്കുണ്ട്. ‘നിന്റെ അമ്മയെ ഞാന്‍ അന്വേഷിച്ചു എന്നു പറയ്, കുറേക്കാലമായി കണ്ടിട്ട്’ എന്നുമൊക്കെ അശ്ലീലധ്വനിയോടെ പറയുന്ന പണിക്കരുടെ മനോവൈകൃതത്തിനു താഴെ ആര്‍ത്തട്ടഹസിച്ചു ബലേ ഭേഷ് പറയുന്നവരില്‍ നമ്മെ അമ്പരപ്പിക്കും വിധം വൈവിധ്യമുണ്ട്.

പണിക്കരുടെ ഏറ്റവും പ്രബലമായ Fixation മറ്റുള്ളവരുടെ അമ്മയുടെ ജാരന്‍ എന്ന് സ്വയം വിളിച്ചു പറയുന്നതിലാണ്. മിക്കപ്പോഴും നിരവധിയാളുകളുടെ പിതൃത്വവും ഈ Fixation-ന്റെ ഭാഗമായുള്ള ഒരു അനുബന്ധ സൗജന്യം എന്ന മട്ടില്‍ ടിയാന്‍ ഏറ്റെടുക്കാറുണ്ട്. ജീവിതത്തിലെ ഒരു ഘട്ടത്തിലെ കടുത്ത മനോകാമനയില്‍ തറഞ്ഞുപോകുമ്പോള്‍ അതില്‍നിന്നും പുറത്തുകടക്കാനാകാത്ത വൈകൃതമാണ് ഇതിന്റെ പ്രധാന കാരണം. ഹിന്ദുത്വ വൈതാളികവാദം അതിനെ ശക്തിപ്പെടുത്തുന്നു എന്നേയുള്ളു.

എതിരാളികളുടെ പേര് അക്ഷരങ്ങള്‍ മാറ്റി വിളിക്കുക, എതിരാളികളെ താന്‍ മലര്‍ത്തിയടിച്ചു എന്ന് സ്വയം വീരവാദം മുഴക്കുക തുടങ്ങി ഒരു ജനാധിപത്യ സംവാദ സമൂഹത്തിനു പോയിട്ട്, പക്വമായ ഒരു സദസില്‍ പോലും കയറ്റാന്‍ പറ്റാത്ത സ്വഭാവ വിശേഷങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരാളാണ് മലയായികളുടെ വാര്‍ത്താ സദസുകളിലെ നിരന്തര സാന്നിധ്യം എന്നത് കേരളം മനോവൈകൃതങ്ങളെക്കുറിച്ചു പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥയുടെയും അജ്ഞതയുടേയും ലക്ഷണങ്ങളാണ്.

നിരവധി മുതിര്‍ന്ന സ്ത്രീകളുടെ/മറ്റുള്ളവരുടെ അമ്മമാരുടെ ജാരനും അവരുടെ കുട്ടികളുടെ പിതാവുമായി പരസ്യമായി തന്നെ അവതരിപ്പിക്കുന്ന ശ്രീജിത് പണിക്കര്‍ അയാളുടെ മനസിലെ ‘അമ്മ ജാരന്‍’ fixation-നു ചികിത്സ തേടിയാല്‍ കൊള്ളാവുന്നതാണ്. അത് മലയാളികള്‍ക്ക് വലിയ ഉപകാരമായിരിക്കും. നിരവധി കുട്ടികളുടെ പിതാവാവുക എന്ന മറ്റൊരു അടങ്ങാത്ത ആസക്തി നിലവില്‍ അക്കാര്യത്തിലുള്ള സംശയത്തിന്റെ ഭാഗമായിട്ടാണ് സാധാരണ ഗതിയില്‍ ഇത്തരം മനോവൈകൃത ഭാവനയുള്ളവരില്‍ കണ്ടുവരുന്നത്.

ഡോക്ടര്‍, എന്റെ ആയുധത്തിന് നാലിഞ്ച് വലിപ്പമേയുള്ളു ഞാനെന്തു ചെയ്യണം, ഞാനൊരു പരാജയമാണോ ഡോക്ടര്‍ തുടങ്ങിയ സംശയങ്ങളുള്ള വാരികകള്‍ വായിക്കാതെ, ഒരു തെറാപ്പിസ്റ്റിന്റെ സേവനം തേടിയാല്‍ ചിലപ്പോള്‍ ഈ പ്രതികാര വൈകൃതം പരിഹരിക്കാനാകും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Pramod Puzhankara about Sreejith Panickar’s Hindutva politics, misogyny, anti-democratic ways, and channel discussions

പ്രമോദ് പുഴങ്കര

സുപ്രീംകോടതി അഭിഭാഷകന്‍

We use cookies to give you the best possible experience. Learn more