| Sunday, 19th April 2020, 10:25 pm

'അങ്ങനെയാണ് ആറു മാസത്തേക്ക് കാരുണ്യം നെല്ലായി നല്‍കുന്ന സ്പ്രിംഗ്‌ളര്‍ അത് കഴിഞ്ഞാല്‍ കച്ചവടം ഡോളറിലേക്ക് മാറ്റുന്നത്'; സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രമോദ് പുഴങ്കര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതികരിച്ച് അഡ്വ. പ്രമോദ് പുഴങ്കര. മുതലാളിത്ത ചൂഷണത്തിന്റെ നാനാവിധങ്ങളായ രൂപങ്ങളെ വിശകലനം ചെയ്യുകയും ചെറുക്കുകയും അവയുടെ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക ചൂഷണത്തെക്കുറിച്ച് ജനങ്ങളോട് രാഷ്ട്രീയ ചര്‍ച്ച ചെയ്യുമെന്നും കരുതേണ്ട ഒരു വിഭാഗം മുഖ്യധാരാ ഇടതുപക്ഷം അമേരിക്കന്‍ മുതലാളിയുടെ ഭൂതദയയെക്കുറിച്ചും, നമ്മുടെ ഡാറ്റ കിട്ടിയിട്ട് അമേരിക്കക്കെന്താവാനാ, ഗൂഗിള്‍ ഇതിനകം കൊണ്ടുപോയ ഡാറ്റയല്ലേ , നിങ്ങള്‍ക്ക് ആധാറില്ലെ പിന്നെന്താ തുടങ്ങിയവയും അതിലേറെ അധിക്ഷേപങ്ങളും ഒരു അത്യാവശ്യ നേരത്താണോ മുതലാളിത്തവിരോധം എന്നൊക്കെയുമായി അമ്പരപ്പിക്കുന്ന പകര്‍ന്നാട്ടം നടത്തുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

സ്പ്രിങ്ക്ലർ എന്ന യു എസ് കമ്പനിയുമായി കേരള സർക്കാർ ഒപ്പിട്ട കരാറും അത് സബന്ധിച്ചുണ്ടായ ഡാറ്റ സ്വകാര്യത, ഉപയോഗം എന്നിവ സംബന്ധിച്ച സംവാദങ്ങളും ഒരു സവിശേഷ രാഷ്ട്രീയവ്യവഹാരമാണ് കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. അത്, മുതലാളിത്തം മനുഷ്യന്റെ സകല ജീവിത വ്യവഹാരങ്ങളേയും കച്ചവടമാക്കുകയും സാങ്കേതികവിദ്യയെ തങ്ങളുടെ ലാഭക്കൊതിക്കുവേണ്ടി മാത്രം ഉപയോഗിക്കുകയും ഭരണകൂടവുമായി ചേർന്ന് surveillance capitalism എന്ന പുത്തൻ ചൂഷണത്തിന്റെ സങ്കീർണമായ ഒരു പുതിയകാലത്തിലേക്ക് കടക്കുകയും ചെയ്യുമ്പോൾ, മുതലാളിത്ത ചൂഷണത്തിന്റെ നാനാവിധങ്ങളായ രൂപങ്ങളെ വിശകലനം ചെയ്യുകയും ചെറുക്കുകയും അവയുടെ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക ചൂഷണത്തെക്കുറിച്ച് ജനങ്ങളോട് രാഷ്ട്രീയ ചർച്ച ചെയ്യുമെന്നും കരുതേണ്ട ഒരു വിഭാഗം മുഖ്യധാരാ ഇടതുപക്ഷം അമേരിക്കൻ മുതലാളിയുടെ ഭൂതദയയെക്കുറിച്ചും, നമ്മുടെ ഡാറ്റ കിട്ടിയിട്ട് അമേരിക്കക്കെന്താവാനാ, ഗൂഗിൾ ഇതിനകം കൊണ്ടുപോയ ഡാറ്റയല്ലേ , നിങ്ങൾക്ക് ആധാറില്ലെ പിന്നെന്താ തുടങ്ങിയവയും അതിലേറെ അധിക്ഷേപങ്ങളും ഒരു അത്യാവശ്യ നേരത്താണോ മുതലാളിത്തവിരോധം എന്നൊക്കെയുമായി അമ്പരപ്പിക്കുന്ന പകർന്നാട്ടം നടത്തുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്.

ഇതേ യുക്തി വെച്ചാണെങ്കിൽ ഉത്പാദനം കുത്തനെ ഉയർത്തുകയും അന്നേവരെയുണ്ടായിരുന്ന പഴഞ്ചൻ ഉത്പാദനബന്ധങ്ങളെ അട്ടിമറിക്കുകയും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും തൊഴിലാളിയെ ഒരു സംഘടിതശക്തിയായി മാറ്റാൻ കഴിയും വിധത്തിൽ ഉത്പാദനപരിസരങ്ങളിൽ മാറ്റമുണ്ടാക്കുകയും മുൻ കാലത്തേതിൽ നിന്നും പുരോഗമനപരമായ സാമൂഹ്യപങ്കു നിർവ്വഹിക്കുകയും ചെയ്ത മുതലാളിത്തത്തെ കണ്ണിൽ ചോരയില്ലാതെ എതിർത്ത കാൾ മാർക്സിനെ, ഞങ്ങടെ മിച്ചമൂല്യം കൊണ്ടുപോയാലും ഞങ്ങൾക്കൊന്നൂല്യ, ആരും കാണാത്ത മിച്ചമൂല്യം കൊണ്ടൊരു തട്ടിപ്പ് മാർക്സ്, ഞങ്ങൾക്ക് തൊഴിൽ തരാനല്ലേ, കൂലി തരാനല്ലേ, പട്ടിണി മാറ്റാനല്ലേ എന്ന് പറഞ്ഞു കൂവിയാർത്തേനെ. ഏതാണ്ടത്തരത്തിലുള്ള കൂവലാണ് ഇപ്പോൾ O Captain! my Captain! —for you the flag is flung—for you the bugle trills,For you bouquets and ribbon’d wreaths—for you the shores a-crowding,For you they call, the swaying mass, their eager faces turning;എന്ന ആരവത്തിന്റെ അകമ്പടിയിൽ നടക്കുന്നത്.

ഗൂഗിളും ഫെയ്‌സ്ബുക്കും ഇങ്ങേത്തലക്കൽ ആധാറുമൊക്കെയായാലും ഈ surveillance capitalism എന്ന താരതമ്യേന പുതിയ ഒരു മുതലാളിത്ത ചൂഷണ മാതൃകയിലാണ് വരുന്നത്. എന്നാൽ അത് മുതലാളിത്തത്തിന്റെ ചൂഷണ ചരിത്രത്തിന്റെ തുടർച്ചയാണ് താനും. ഇത്തരത്തിലൊരു ചരിത്രഘട്ടവുമായി വർഗ്ഗരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയമായ ഏറ്റുമുട്ടലുകൾ നടത്തുകയും അതിൽ ഒരു സമൂഹമെന്ന നിലയിലുള്ള മനുഷ്യരുടെ അവകാശങ്ങളെ, സാമ്പത്തിക, സാങ്കേതിക മേൽക്കൈ ഉണ്ട് എന്നുള്ള ഒറ്റക്കാരണത്താൽ പകൽവെളിച്ചത്തിൽ കൊള്ളയടിക്കുന്ന ഏർപ്പാടുകളെ തുറന്നുകാട്ടുകയും ചെയ്യുന്നതിന് പകരം, സി ഐ എ ബന്ധം വന്നില്ലേ ശകുന്തളേ തുടങ്ങിയ ഓക്കാനങ്ങളാൽ കളം നിറയുന്ന ഒരു കൂട്ടത്തെക്കൊണ്ട് കൂവിയാർത്തു രക്ഷപ്പെടാനാണ് ശ്രമം.

Disaster Capitalism എന്ന് വിളിക്കുന്ന ഒരേർപ്പാടാണ് ദുരന്തകാലങ്ങളിലെ മുതലാളിത്തത്തിന്റെ ദയ. ഏതു പ്രകൃതിക്ഷോഭവും മഹാമാരിയും യുദ്ധവും ചൂഷണത്തിനും കൊള്ളലാഭത്തിനുമുള്ള ഏർപ്പാടാണ് അതിന്. യു എസിലെ ന്യൂ ഓർലിയൻസിൽ കത്രീന ചുഴലിക്കാറ്റിന് ശേഷമുണ്ടായ രണ്ടു പുനഃനിർമ്മാണ പ്രവർത്തനങ്ങൾ ഒന്ന് പാർപ്പിട രംഗത്തും മറ്റൊന്ന് വിദ്യാഭ്യാസ രംഗത്തുമായിരുന്നു. കത്രീനയ്ക്ക് ശേഷം സാധാരണക്കാർ താമസിച്ചിരുന്ന കെട്ടിടങ്ങൾ മുഴുവനായും തകർക്കുകയും അവിടെ അവർക്കു ഒരിക്കലും വാങ്ങാൻ സാധിക്കാത്ത തരത്തിലുള്ള വൻ പാർപ്പിടകേന്ദ്രങ്ങൾ വരികയും ചെയ്തു. അതായത് public housing unit എന്നൊരു ഏർപ്പാട് ആ നഗരത്തിൽ നിന്നും ഇല്ലാതാക്കി. റിച്ചാർഡ് ബേക്കർ എന്ന റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം അതിനെക്കുറിച്ചു പറഞ്ഞത്, “We finally cleaned up public housing in New Orleans. We couldn’t do it, but God did.” എന്നാണ്. അതായത്, മഹാമാരിയിൽ നിങ്ങൾക്ക് എന്ത് അത്യാവശ്യം ഉണ്ടെങ്കിലും മുതലാളിത്തത്തിന് അതിലൊന്നുമല്ല താത്പര്യമെന്ന്.

അതേ നഗരത്തിൽ ചുഴലിക്കാറ്റിൽ സ്‌കൂൾ കെട്ടിടങ്ങളാകെ തകർന്നിരുന്നു. തുറന്ന വിപണിയുടെ സൈദ്ധാന്തികരിൽ പ്രമുഖനായ മിൽട്ടൺ ഫ്രീഡ്മാൻ അപ്പോളെഴുതി, “Most New Orleans schools are in ruins, as are the homes of the children who have attended them. The children are now scattered all over the country. This is a tragedy. It is also an opportunity to radically reform the educational system. DPEP കൊണ്ടുവരുമെന്നായിരുന്നില്ല അത്. അടുത്ത ഒരൊറ്റ കൊല്ലം കൊണ്ട് ന്യൂ ഓർലിയൻസിലെ വിദ്യാഭ്യാസ സംവിധാനം യു എസിലെത്തന്നെ ഏറ്റവും സ്വകാര്യവത്കരിക്കപ്പെട്ട ഒന്നായി മാറി.

മുതലാളിത്തത്തിന്റെ ദയക്ക് ഒരൊറ്റ അർത്ഥമേയുള്ളു. ക്ഷമിക്കിൻ രാമഭക്തരെ, വരുന്നു പപ്പട കൊട്ടകൾ എന്ന്. പിന്നാലെ വരുന്നുണ്ട് കാരുണ്യത്തിന്റെ വില. വികസ്വര രാജ്യങ്ങൾക്ക് ലഭിക്കുന്ന സഹായത്തിന്റെ വരവുപോക്ക് കണക്കെടുത്താൽ ഓരോ പൗണ്ട് കിട്ടുമ്പോഴും ദാതാക്കളായ വികസിത രാജ്യങ്ങൾ കൊണ്ടുപോകുന്നത് 24 പൗണ്ടാണ്. അപ്പോൾ ആർക്കാണ് ഒന്ന് സഹായിക്കണം എന്ന് തോന്നാതിരിക്കുക ?

അങ്ങനെയാണ് ആറു മാസത്തേക്ക് കാരുണ്യം നെല്ലായി നൽകുന്ന സ്പ്രിങ്ക്ലർ അത് കഴിഞ്ഞാൽ കച്ചവടം ഡോളറിലേക്ക് മാറ്റുന്നത്. മാത്രവുമല്ല ഈ ആറു മാസത്തെ കാരുണ്യത്തിന്റെ മതിപ്പുമൂല്യം അവർ നമ്മളോട് പറയും. ഒന്നിനുമല്ല ഒന്ന് അറിയിക്കാൻ മാത്രമെന്ന് IT സെക്രട്ടറി. കരാർ തുടർച്ചയ്ക്ക് ഒരു അടിസ്ഥാനം വേണമല്ലോ. ഈ ഡാറ്റയൊക്കെ ആർക്കു വേണം, ഗൂഗിൾ സ്‌പ്രെഡ്‌ ഷീറ്റിലോ എക്സൽ ഷീറ്റിലോ ചെയ്യുമോ തുടങ്ങിയ വെല്ലുവിളികൾ കേട്ടാൽ ഇപ്പോഴുള്ള രോഗങ്ങളുടെ മാത്രമല്ല വരാനിരിക്കുന്ന രോഗം വരെ നമ്മൾ കൊടുക്കും എന്നാണ് അവസ്ഥ. ഏതാണ്ട് മോദി ലൈനിലാണ് കാര്യങ്ങൾ. കൊടുത്തില്ലെങ്കിൽ രാജ്യദ്രോഹി അഥവാ കേരള ദ്രോഹിയായി മുദ്രകുത്തപ്പെടും. മഹാമാരിയിൽ മലയാള നാടിനെ വഞ്ചിച്ച അവന്റെയൊക്കെ ഡാറ്റ സ്വകാര്യത എന്ന് പോലും!

പക്ഷെ പറഞ്ഞെ മതിയാകൂ. കാരണം നാട്ടുരാജാക്കന്മാർക്ക് തമ്മിൽതല്ലാൻ തോക്കില്ലാത്തതുകൊണ്ട് കമ്പനി പട്ടാളം, സായിപ്പിന് കുരുമുളക്, സാമൂരിക്ക് തിരുവാതിര, നാട്ടുകാർക്ക് പട്ടിണി ഇങ്ങനെയൊക്കെയായിരുന്നു എല്ലാ കാലത്തും ഇതൊക്കെ വന്നിരുന്നത്. എല്ലാ കാലത്തും വന്നവർക്ക് വേണ്ടതൊക്കെ വിൽക്കാനും കൊട്ടാരം കാവൽ കമ്പനി പട്ടാളത്തെയും ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്തെയും ഏൽപ്പിച്ചു കപ്പം കൊടുത്തു അളിവേണി എന്തുചെയ്‌വൂ എന്ന് ചോദിച്ചു ശൃംഗാരപദമാടാനും കുറെ നാട്ടുരാജാക്കന്മാരും കൊളോണിയൽ ഭരണത്തിൽ ഐ സി എസും എടുത്ത് തുക്കിടി സായിപ്പാവാൻ കുറെ കറുത്ത വെള്ളക്കാരുമൊക്കെ ഉണ്ടായിരുന്നു. എല്ലാ യുദ്ധങ്ങളിലും രാജാവിനൊപ്പം നിൽക്കേണ്ടതില്ല. ആർക്ക് വേണ്ടിയാണീ യുദ്ധം എന്നുകൂടി ചോദിച്ചാണ് ബോൾഷെവിക്കുകൾ റഷ്യൻ വിപ്ലവം നടത്തിയത്.

Surveillance Capitalism മനുഷ്യന്റെ സ്വഭാവങ്ങളെ നിശ്ചയിക്കുന്നു. ഒരു പ്രത്യേക pattern -ലേക്ക് നിങ്ങളുടെ പെരുമാറ്റത്തെ രൂപപ്പെടുത്തുന്നു. മുമ്പെന്നെത്തേക്കാളും വിദഗ്ധമായി. പല കാരണങ്ങൾ കൊണ്ടും അത് സാരമില്ല എന്നുള്ളവരുണ്ടായേക്കാം. പക്ഷെ അത് നടന്നുകൂടാ എന്ന് പറയുമ്പോൾ അതെത്ര അധിക്ഷേപവും പരിഹാസവും നേരിട്ടാലും പറയുക തന്നെ വേണം. ‘The Age of Surveillance Capitalism’ എന്ന പുസ്തകമെഴുതിയ Shoshana Zuboff എഴുതുന്നു, ““Surveillance capitalism unilaterally claims human experience as free raw material for translation into behavioural data. Although some of these data are applied to service improvement, the rest are declared as a proprietary behavioural surplus, fed into advanced manufacturing processes known as ‘machine intelligence’, and fabricated into prediction products that anticipate what you will do now, soon, and later. Finally, these prediction products are traded in a new kind of marketplace that I call behavioural futures markets. Surveillance capitalists have grown immensely wealthy from these trading operations, for many companies are willing to lay bets on our future behaviour.”

ഇതൊക്കെ മലയാളിയെ പേടിച്ചു മാറിക്കോളും, അയ്യോ ഒഴിഞ്ഞുപോയ്ക്കോളാം, ഇനിമുതൽ നിങ്ങൾ പറയുന്ന പോലെ തറവാട്ടിന് കാവലായി തെക്കേത്തറയിൽ ഇരുന്നുകൊള്ളാം എന്നുപറയുന്ന അനുസരണയുള്ള ഭയന്ന യക്ഷിയാണ് മുതലാളിത്തം എന്ന് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. “Demanding privacy from surveillance capitalists or lobbying for an end to commercial surveillance on the internet is like asking old Henry Ford to make each Model T by hand. It’s like asking a giraffe to shorten its neck, or a cow to give up chewing. These demands are existential threats that violate the basic mechanisms of the entity’s survival.”(Shoshana Zuboff)

മറ്റൊന്നുകൂടിയുണ്ട്. അത് ഉദ്ദേശ്യശുദ്ധിക്ക് നൽകേണ്ട മാപ്പാണ്. അതായത് എല്ലാം മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ തിരക്കിൽ ചെയുന്ന അടിയന്തരം എന്നതിന്. പ്രളയകാലം കഴിഞ്ഞപ്പോൾ വന്ന KPMG എന്ന ആഗോള consulting കമ്പനിയെക്കുറിച്ച് നമുക്കറിയാം. ടി കമ്പനിയും ഏതാണ്ടിതേ പോലെ സൗജന്യ സേവനമാണ് വാഗ്ദാനം ചെയ്തത്. അതിലുമുണ്ടായിരുന്നു ഒരു മലയാളി ബന്ധം. കൊള്ളാം, പശ്ചിമഘട്ടം കേറിയും മറിഞ്ഞും വളർന്ന നമ്മളെക്കണ്ട് നമുക്ക് തന്നെ കോരിത്തരിച്ചു. പക്ഷെ ഇന്ത്യ സർക്കാരിന്റെ വൻകിട കരാറുകൾ ലഭിക്കുന്ന ഈ കമ്പനി മോദി സർക്കാരിലെ ഉന്നതരായ, അതായത് നഗര വികസന വകുപ്പിലെയും smart city പദ്ധതിയിലേയുമൊക്കെ സെക്രട്ടറി തലത്തിലുള്ള ഒമ്പത് IAS ഉദ്യോഗസ്ഥരുടെ മക്കളും മരുമക്കളുമായി പലരെയും കമ്പനിയിൽ ഉയർന്ന തസ്തികകളിൽ നിയമിച്ചിരുന്നു. എല്ലാം യോഗ്യത അനുസരിച്ചായിരുന്നു എന്നായിരുന്നു കമ്പനി ആവർത്തിച്ചത്.

“കുനിഞ്ഞിട്ടുണ്ടെങ്കിലൊരു കൊച്ചു പിലാവില പെറുക്കാൻ/ കുടിച്ചിട്ടുണ്ടൊരുകിണ്ണം കൊഴുത്ത കഞ്ഞി” എന്ന് ഇടശ്ശേരി പറഞ്ഞത് മനുഷ്യരെക്കുറിച്ചാണ്. കൊറോണ വൈറസിനെക്കുറിച്ചല്ല.

We use cookies to give you the best possible experience. Learn more