| Saturday, 9th June 2012, 4:15 pm

മാതാപിതാക്കള്‍ കൊല്ലാനൊരുങ്ങിയ കുഞ്ഞിനെ ഏറ്റെടുത്ത രമ്യയുടെ കഥ ബിഗ് സ്‌ക്രീനിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആസ്വാദകര്‍ക്ക് പുതിയ ദൃശ്യ വിരുന്നൊരുക്കിയ “അന്‍പ് ” എന്ന നാടകം ബിഗ്‌സ്‌ക്രീനിലേക്കെത്തുന്നു. ഇന്ത്യയിലെ ഏക ഫ്‌ളോട്ടിങ് തിയേറ്ററായ ചിലങ്ക കേരളത്തിലുടനീളം അവതരിപ്പിച്ച നാടകമാണ് അന്‍പ്. സ്‌കൂള്‍ യുവജനോത്സവത്തില്‍ തുടങ്ങി നിരവധി വേദികള്‍ പിന്നിട്ട അന്‍പ് സിനിമയാക്കുന്നത് പ്രമോദ് പയ്യന്നൂരാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് “അന്‍പ്” എന്ന നാടകത്തിന്റെ കഥാപുരോഗതി. ആ കഥ ഇങ്ങനെ…
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ പെണ്‍കുട്ടിയായതിന്റെ പേരില്‍ മാതാപിതാക്കള്‍ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഇതറിഞ്ഞ കമ്പത്ത് ഗാന്ധിശിലയില്‍ രമ്യ എന്ന എട്ടാം ക്ലാസുകാരി ഈ കുഞ്ഞിനെ ഏറ്റെടുക്കുന്നു. കുഞ്ഞിന് രേഷ്മ എന്ന് പേരിട്ട് അതിന്റെ അമ്മയാകുന്നു. സൂര്യയും രമ്യ എന്ന അമ്മയും വളര്‍ന്നു വലുതായി. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു, രേഷ്മ ഇന്നും ജീവിക്കുന്നു രമ്യയുടെ വീട്ടില്‍ രമ്യയുടെ മകളായി.

നീലേശ്വരത്ത് നടന്ന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ചിലങ്ക അന്‍പ് എന്ന ഈ കഥ പറഞ്ഞ് ഒന്നാം സ്ഥാനം നേടി. ഏറെ ആസ്വാദക പ്രശംസ നേടിയ നാടകം കേരളത്തിലുടനീളം പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി രമ്യയുടെ മരണം സംഭവിക്കുന്നത്. രേഷ്മ വീണ്ടും തനിച്ചായി.

വീണ്ടുമൊരിക്കല്‍ കൂടി അന്‍പ് അരങ്ങില്‍ അവതരിപ്പിച്ച വിധിയേല്‍പ്പിച്ച മുറിവുകളോടെ. അതുകാണാന്‍ രേഷ്മയും രമ്യയുടെ കുടുംബവും എത്തിയിരുന്നു.

സിനിമാ സംവിധായകനായ പ്രമോദ് പയ്യന്നൂര്‍ നാടകം കാണുകയും ഇതിന്റെ ചലചിത്രാവിഷ്‌കാരത്തിന് മുന്‍കൈയ്യെടുക്കുകയുമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി പ്രമോദ് സംവിധാനം ചെയ്യുന്ന ബാല്യകാല സഖിയുടെ ചിത്രീകരണത്തിന് ശേഷം ഇതിന്റെ ജോലികള്‍ ആരംഭിക്കും.
ചിലങ്കയിലെ പ്രവര്‍ത്തകര്‍ തന്നെയാണ് സിനിമയുടേയും അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി കാത്തിരിക്കാം രേഷ്മയ്ക്കും രമ്യക്കുമായി.

We use cookies to give you the best possible experience. Learn more