ബെംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത പോലെ കര്‍ണാടകയിലെ ഗദാഗില്‍ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ് പൊളിച്ചുകളയണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലികിന്റെ ആഹ്വാനം.
ഗദാഗ് ജില്ലയില്‍ ഒക്ടോബര്‍ 17ന് നടന്ന സമ്മേളനത്തിലെ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷ പരാമര്‍ശം. പള്ളി പൊളിച്ച സ്ഥലത്ത് വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിക്കണമെന്നും അദ്ദേഹം വര്‍ഗീയ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം എന്ന പേരില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു മുത്തലികിന്റെ വര്‍ഗീയ പ്രസംഗം.
‘ടിപ്പുസുല്‍ത്താന്റെ ഭരണകാലത്താണ് വെങ്കിടേശ്വര ക്ഷേത്രം തകര്‍ത്ത് ജാമിഅ മസ്ജിദ് സ്ഥാപിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നമ്മള്‍ 72 വര്‍ഷം പോരാടി.
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നാം രാം മന്ദിര്‍ സ്ഥാപിച്ചു. അതേപോലെ, ഗദാഗിലെ ജാമിഅ മസ്ജിദും തകര്‍ക്കണം. പൂര്‍ണ വിശ്വാസത്തോടെ പറയാന്‍ കഴിയും, അത് ശ്രീവെങ്കിടേശ്വര ക്ഷേത്രമാണ്. പള്ളി തകര്‍ക്കണം,’ മുത്തലിക് പ്രസംഗത്തില്‍ പറഞ്ഞു.
അതേസമയം, പ്രസംഗത്തില്‍ ഇതുവരെ മുത്തലികിനെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രസംഗത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.