രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനാണെന്ന അഭിപ്രായമില്ല; രാഹുലിനെ പിന്തുണച്ച് പ്രകാശ് രാജ്
national news
രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനാണെന്ന അഭിപ്രായമില്ല; രാഹുലിനെ പിന്തുണച്ച് പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 9:21 am

ന്യൂദല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“അദ്ദേഹം സ്ത്രീകള്‍ക്കെതിരെയാണെന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ച വ്യക്തിയാണ് രാഹുല്‍. അദ്ദേഹത്തിന്റെ പ്രസ്താവനയെ എന്തിനാണ് ഒരു കോണിലൂടെ മാത്രം വീക്ഷിക്കുന്നത്. റഫാലില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലയെന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയില്ല എന്നതും സത്യം തന്നെയല്ലേ”

ALSO READ: താലിബാനുമായി ചര്‍ച്ച നടത്താമെങ്കില്‍ എന്തുകൊണ്ട് ഹൂറിയത്ത് നേതാക്കളുമായി ആയിക്കൂടാ; ബിപിന്‍ റാവത്തിനോട് ഫറൂഖ് അബ്ദുള്ള

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറി നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പകരം പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ അയച്ചതിനെ പരിഹസിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

“56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയില്‍ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമന്‍ജി എന്നെ പ്രതിരോധിക്കു… എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല. എന്നെ പ്രതിരോധിക്കൂ…” എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിനു പിന്നാലെ രാഹുല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് മോദി ആരോപിച്ചിരുന്നു.

ദേശീയ വനിതാ കമ്മീഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.

WATCH THIS VIDEO: