| Wednesday, 22nd April 2020, 5:11 pm

ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാല്‍ ഏഴുവര്‍ഷം തടവും, ഏഴുലക്ഷം വരെ പിഴയും; സുരക്ഷ ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപിക്കുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമം തടയാന്‍ സര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും.

കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്ന നടപടിയുണ്ടായാല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകരെ അക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. പഴയ എപിഡമിക് ഡിസീസസ് ആക്ട് ഭേദഗതി വരുത്തിയാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടു വന്നരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഉടന്‍ നടപടിയുണ്ടാകും. രാജ്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും അക്രമിക്കുന്ന നടപപടി ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

സാധാരണ കേസുകളില്‍ പ്രതികള്‍ക്ക് മൂന്നുമാസം മുതല്‍ 5 വര്‍ഷം വരെയാണ് തടവു ശിക്ഷ ലഭിക്കുക. 50,000 രൂപമുതല്‍ 2 ലക്ഷം വരെയാണ് പിഴ നല്‍കേണ്ടി വരിക.

അതേസമയം ഗുരുതരമായ കേസുകളില്‍ ആറുമാസം മുതല്‍ 7 വര്‍ഷം വരെ തടവും 1 ലക്ഷം മുതല്‍ 7 ലക്ഷം വരെ പിഴയും ലഭിക്കും.

ആരോഗ്യ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ത്താല്‍ വിപണിവിലയുടെ ഇരട്ടി പിഴ നല്‍കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ അക്രമം നേരിടുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്.

രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഐ.എം.എ നടപടി ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more