ബെംഗളൂരു: കര്‍ണാടക നാടക അക്കാദമിയുടെ വാര്‍ഷിക പുരസ്‌കാരം നിരസിച്ച് തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. കര്‍ണാടകയിലെ നാടക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പ്രകാശ് രാജിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത് .എന്നാല്‍ അദ്ദേഹം പുരസ്‌കാരം നിരസിക്കുകയായിരുന്നു.
‘ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നാടക മേഖലയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇനിയും എനിക്ക് ഒരുപാട് പ്രൊജക്ടുകള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഈ പുരസ്‌കാരം സ്വീകരിക്കാന്‍ നാടക മേഖലയില്‍ എന്നേക്കാള്‍ അര്‍ഹതയുള്ളവര്‍ ഏറേയുണ്ട്.
അതിനാല്‍ എന്തുകൊണ്ടോ ഈ അവാര്‍ഡ് സ്വീകരിക്കാന്‍ എന്റെ മനസാക്ഷി സമ്മതിക്കുന്നില്ല. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ പുരസ്‌കാര നേട്ടത്തിനായി ആഗ്രഹിച്ചവര്‍ക്ക് നന്ദി,’ പ്രകാശ് രാജ് എക്‌സില്‍ കുറിച്ചു.
പ്രകാശ് രാജിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് കര്‍ണാടക നാടക അക്കാദമി അധ്യക്ഷന്‍ കെ. വി. നാഗരാജമൂര്‍ത്തി അറിയിച്ചു.
‘ആദ്യം അവാര്‍ഡ് സ്വീകരിക്കാന്‍ അദ്ദേഹം സമ്മതിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ ഒരു ദിവസത്തെ സമയം എടുത്തോളൂ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതാണ്, എന്നാല്‍ അദ്ദേഹം തീരുമാനം മാറ്റാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ മറ്റൊരു വ്യക്തിയെ പുരസ്‌കാരത്തിനായി പരിഗണിക്കും,’ നാഗരാജ മൂര്‍ത്തി പറഞ്ഞു.
തമിഴ്, കന്നട, മലയാളം തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലെ പ്രമുഖ നടനായ പ്രകാശ് രാജ് നീണ്ട ഇടവേളയ്ക്ക് ശേഷം 2015ല്‍ നാടക രംഗത്തേക്ക് തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു.
തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം തെരുവ് നാടകങ്ങളിലൂടെ ആയിരുന്നെന്ന് പല വേദികളിലും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇതുവരെ ഏകദേശം 2000ലധികം നാടകങ്ങളില്‍ പ്രകാശ് രാജ് അഭിനയിച്ചിട്ടുണ്ട്.
content Highlight: Prakash Raj declines Nataka Academy award