നാട്ടിന്‍പുറത്തെ ഒരു ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയില്‍ കുറച്ച് നാളുകള്‍ക്കുള്ളില്‍ നടക്കുന്ന ഒരു കഥയാണ് പ്രകാശന്‍ പറക്കട്ടെ. 18കാരനായ ഒരാളുടെ ജീവിതത്തെ കേന്ദ്രീകരിച്ച് നടക്കുന്ന കഥ ചിലയിടങ്ങളില്‍ നല്ല ഇമോഷണല്‍ സീനുകളും കണക്ട് ചെയ്യാന്‍ സാധിക്കുന്ന നിമിഷങ്ങളും തരുന്നുണ്ടെങ്കിലും, മൊത്തത്തില്‍ വളരെ ലൂസായ തിരക്കഥയും ലാഗടിപ്പിച്ചു നീങ്ങുന്ന മേക്കിങ്ങും കൊണ്ട് സിനിമ പിറകോട്ട് പോകുകയാണ്. പീഡോഫീലിയയെയും സ്ത്രീകള്‍ക്കെതിരെ നടത്തുന്ന വള്‍ഗര്‍ സ്റ്റേറ്റ്മെന്റുകളെയും സ്റ്റോക്കിങ്ങിനെയും ഇന്നും തമാശയായി തന്നെയാണ് സിനിമ സമീപിക്കുന്നത് എന്നതും നിരാശയുണ്ടാക്കുന്നതാണ്.
പ്രകാശന്‍, അയാളുടെ ഭാര്യ ലത, മക്കളായ ദാസനും അഖിലും പിന്നെ ലതയുടെ സഹോദരന്‍ കുട്ടന്‍ ഇവരാണ് പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. കമിങ്ങ് ഓഫ് ഏജ് ഡ്രാമ പോലെയാണ് സിനിമ. അതായത് ടീനേജിന്റെ അവസാന സമയത്ത് കുട്ടികളിലുണ്ടാകുന്ന തിരിച്ചറിവുകളും അനുഭവങ്ങളും അവരുടെ ഇഷ്ടാനിഷ്ടങ്ങളുമെല്ലാമാണ് ഈ സിനിമയുടെ ഫോക്കസ്.
മാത്യു തോമസ് അവതരിപ്പിച്ച ദാസന്റെ ലൈഫും അതില്‍ നടക്കുന്ന കാര്യങ്ങളുമാണ് സിനിമയിലുള്ളത്. ഇതില്‍ ഒരു കൗമാരക്കാരന്റെ ലൈഫില്‍ നടക്കുന്ന പല കാര്യങ്ങളെ വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസവും അവരോടുള്ള ഇഷ്ടവും, പഠനത്തില്‍ താല്‍പര്യമില്ലാത്തത്, ക്ലാസ് കട്ട് ചെയ്ത് നടക്കുന്നത്, പ്രണയം, കൂട്ടുകാര്‍ എന്നിങ്ങനെ പലതും സിനിമയില്‍ വരുന്നുണ്ട്. അച്ഛന്‍ – മകന്‍ ബന്ധത്തെയും അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തെയും സിനിമ പറയുന്നുണ്ട്. പ്രകാശനും ദാസനും തമ്മിലുള്ള സീനുകളാണ് ചിത്രത്തില്‍ ഭംഗിയായി ചെയ്തെടുത്തിട്ടുള്ളത്.
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥ വളരെ അപൂര്‍വം സ്ഥലങ്ങളിലാണ് ആസ്വദിക്കാവുന്ന പേസില്‍ നീങ്ങുന്നത്. തുടക്കത്തിലെ ചില ഭാഗങ്ങളും പ്ലോട്ട് ഇന്‍ട്രൊഡക്ഷനും കഴിയുമ്പോള്‍ തന്നെ സിനിമയുടെ പേസ് താഴുന്നുണ്ട്. പിന്നീട് ഇടവേളയാകാന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ക്ലാരിറ്റിയില്ലാത്ത, വളരെ ലൂസായി രചിച്ചതു പോലെയാണ് സിനിമയുടെ തിരക്കഥ. രണ്ടാം പകുതിയില്‍ സിനിമ ട്രാക്ക് മാറ്റിപ്പിടിക്കുന്നത് പോലെ തോന്നുമെങ്കിലും വീണ്ടും പഴയ ചിന്നിച്ചിതറിയ രീതിയിലേക്ക് തന്നെ മാറും.
നവാഗതനായ ഷഹദ് നിലമ്പൂരിന്റെ സംവിധാനം ചിലയിടത്ത് നന്നായിട്ടുണ്ടെങ്കിലും മറ്റ് പലപ്പോഴും തിരക്കഥയിലെ ലാഗിനെ കൂടുതലാക്കുകയാണ് ചെയ്യുന്നത്. അഭിനേതാക്കളുടെ പെര്‍ഫോമന്‍സിലും സ്ലാങ്ങിലും സീനുകളിലെ ചെറിയ നാടകീയതകളിലുമൊക്കെ ചെറുതായി പാളിപ്പോയ സംവിധാനം വ്യക്തമായി കാണാന്‍ സാധിക്കും.
എന്തിനെയും ഏതിനെയും തമാശരൂപത്തില്‍ അവതരിപ്പിക്കാനാണ് സിനിമ നോക്കുന്നത്. ഇതില്‍ ചിലതൊക്കെ വര്‍ക്കൗട്ട് ആകുന്നുണ്ടെങ്കിലും പലയിടത്തും ഈ തമാശകള്‍ വല്ലാതെ പാളിപ്പോകുന്നുണ്ട്. കുറെ സ്ഥലത്ത് അത് ക്രൂരമായ രീതിയില്‍ പ്രോബ്ലമാറ്റിക്കുമാണ്.
ചിത്രത്തില്‍ പീഡോഫീലിയയെ, അതും ക്ലാസ്മുറിയില്‍ വെച്ച് പെണ്‍കുട്ടികളെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്ന അധ്യാപകനെയും അത്തരം സീനുകളെയുമെല്ലാം തമാശരൂപത്തിലാണ് കാണിക്കുന്നത്. പിന്നീട് രണ്ട് തല്ലുകൊണ്ട് തീര്‍ക്കാവുന്ന, അതും നല്ല കോമഡി രൂപത്തിലുള്ള തല്ലുകൊണ്ട് തീര്‍ക്കാവുന്ന ഒരു സില്ലി കാര്യമായും ഇതിനെ കാണിക്കുന്നുണ്ട്.
ഇതുകൂടാതെ സ്ത്രീകളെ നോക്കി വള്‍ഗര്‍ കമന്റ്ടിക്കുന്നതിനെയും നാട്ടിലെ പെണ്‍കുട്ടികളുടെയെല്ലാം വിവരങ്ങളെടുത്ത് വെക്കുന്ന സ്റ്റോക്കിങ്ങും ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ വെറും തമാശ മാത്രമാണ്. ഇപ്പോഴും ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി ഈ കാര്യങ്ങളെ തന്നെ ആശ്രയിക്കുന്നത് മനം മടുപ്പിക്കും.
സിനിമയുടെ തുടക്കത്തിലെ വിഷ്വല്‍സും നിലമ്പൂരിനെ കാണിച്ചിരിക്കുന്നതും ഗുരുപ്രസാദിന്റെ ക്യാമറയില്‍ മനോഹരമായിരുന്നു. ഷാന്‍ റഹ്‌മാന്റെ മ്യൂസിക് ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ ഫീല്‍ തരുന്നതിനും സഹായിക്കുന്നുണ്ടായിരുന്നു.