| Friday, 17th June 2022, 3:53 pm

പീഡോഫീലിയയെ കോമഡിയാക്കി; തിരക്കഥയില്‍ ഗുരുതര പിഴവുകളുമായി ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തില്‍ മാത്യു തോമസ്, ദിലീഷ് പോത്തന്‍, നിഷ സാരംഗ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പ്രകാശന്‍ പറക്കട്ടെ ജൂണ്‍ 17നാണ് റിലീസ് ചെയ്തത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

********************spoiler alert***************************

പ്ലസ് ടുവില്‍ പഠിക്കുന്ന ദാസന്റേയും അവന്റെ വീട്ടില്‍ നടക്കുന്ന സംഭവികാസങ്ങളേയുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസനും അവതരിപ്പിച്ചിരുന്നു. മാത്യു അവതരിപ്പിച്ച ദാസന്റെ ട്യൂഷന്‍ മാഷാണ് ധ്യാന്‍ ശ്രീനിവാസന്‍.

സ്ത്രീലമ്പടനായ ട്യൂഷന്‍ മാഷ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോടെ ലൈംഗിക താല്‍പര്യത്തോടെ മാഷ് പെരുമാറുന്നത് തമാശയായിട്ടാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗുരുതരമായ ഈ സംഭവം തമാശരൂപേണ അവതരിപ്പിച്ചതിന് പുറമേ കേവലം തല്ലുകേസില്‍ ഒതുക്കി തീര്‍ക്കുകയുമാണ് ചെയ്യുന്നത്. ആ തല്ലുകേസും ചിത്രത്തില്‍ തമാശയായിട്ടാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒടുവില്‍ ഈ കഥാപാത്രത്തിന്റെ ശബ്ദത്തിലാണ് സിനിമയുടെ സന്ദേശം കൊടുക്കുന്നത് എന്നതാണ് മറ്റൊരു വൈരുധ്യം.

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന കുട്ടനും ഇതുപോലെ ഒരു വഷളന്‍ കഥാപാത്രമാണ്. നാട്ടിലെ സ്ത്രീകളെ സ്റ്റോക്ക് ചെയ്യുന്ന അവരെ നോക്കി അശ്ലീല പാട്ടുകള്‍ പാടുന്ന ബോറനാണ് കുട്ടന്‍. ഇയാളുടെ സ്‌റ്റോക്കിങ്ങും അശ്ലീല പാട്ടുകളും ചിത്രത്തില്‍ കേവലം തമാശകളാണ്. മാത്യുവിന്റെ ദാസനും സിനിമയില്‍ ഒരു പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ ചിത്രമെടുക്കുന്നത് റൊമാന്റിസൈസ് ചെയ്താണ് കാണിക്കുന്നത്.

പെണ്‍കുട്ടികളുടെ പേരും സ്‌കൂളും ട്യൂഷന്‍ സെന്ററും എന്തിന് പോകുന്ന ബസിന്റെ വരെ ഡീറ്റെയ്ല്‍സ് കയ്യിലുള്ള ഒരു കഥാപാത്രവും ഈ ചിത്രത്തിലുണ്ട്. ഇതൊക്കെ നിര്‍ബാധം പൈസ കൊടുക്കുന്നവര്‍ക്ക് അയാള്‍ കൈമാറുന്നുമുണ്ട്. ഇതും ഈ സിനിമയില്‍ തമാശയാണ്.

സ്മിനും സിജോ, അജു വര്‍ഗീസ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, റിതുരാജ് ശ്രീജിത്ത് എന്നവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: prakashan parakkatte movie Made pedophilia a comedy

We use cookies to give you the best possible experience. Learn more