| Sunday, 25th September 2022, 6:38 pm

പ്രകാശന്‍ പറക്കട്ടെയും വണ്ണും പൂര്‍ണ വിജയമാണെന്ന് പറയാന്‍ പറ്റുമോ, ചിലര്‍ക്ക് മാത്രമാണ് അതിഷ്ടമായത്: മാത്യു തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവനടനാണ് മാത്യു തോമസ്. ഭാഗ്യ നക്ഷത്രം, അയലത്തെ പയ്യന്‍ തുടങ്ങിയ വിശേഷണങ്ങളിലൂടെയാണ് മാത്യു അറിയപ്പെടുന്നത്. ഇത്തരം വിശേഷണങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം മീഡിയ വണ്ണിനോട് വ്യക്തമാക്കുകയാണ് മാത്യു. ഭാഗ്യ നക്ഷത്രം എന്ന പ്രയോഗം തെറ്റായ പ്രസ്ഥാവനയാണെന്നും അയലത്തെ പയ്യന്‍ എന്ന പ്രയോഗം ആളുകള്‍ക്ക് തന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നും മാത്യു പറഞ്ഞു.

”ഭാഗ്യ നക്ഷത്രം എന്ന് വിളിക്കുന്നത് തെറ്റായ പ്രസ്ഥാവനയായാണ് ഞാന്‍ കാണുന്നത്. എന്താണ് ആളുകള്‍ അങ്ങനെ വിളിക്കുന്നതെന്ന് എനിക്ക് അറിയില്ല. കാരണം അഭിനയിക്കുന്ന സിനിമകള്‍ വിജയിക്കുന്നതില്‍ ഞാന്‍ ഒരു കാരണക്കാരനല്ല.

ഞാന്‍ അവിടെ അഭിനയിക്കുന്നെന്നേ ഉള്ളൂ. ആ സ്ഥാനത്ത് വേറെ ഒരാളായിരുന്നെങ്കിലും സിനിമ വിജയിക്കും. സിനിമയുടെ വിജയം അതിന്റെഡയറക്‌ടേഴ്‌സിനുംഎഴുത്തുകാര്‍ക്കുമുള്ളതാണ്. ഞാന്‍ തൊട്ടതെല്ലാം പൊന്നാണെന്നാണ് പലരും പറയുന്നത്, അത് തെറ്റാണ്.

പ്രകാശന്‍ പറക്കട്ടെ, വണ്‍ എന്ന സിനിമകള്‍ പൂര്‍ണ വിജയമാണെന്ന് പറയാന്‍ പറ്റുമോ എന്ന് എനിക്ക് അറിയില്ല. കാരണം മിക്‌സഡ് റിവ്യൂ ആണ് വന്നത്. ചിലര്‍ക്ക് മാത്രമാണ് ഇഷ്ടമായത്. കുറേപേര്‍ പറഞ്ഞു അവര്‍ പ്രതീക്ഷിച്ചപോലെയല്ല സിനിമ എന്ന്.

അതുകൊണ്ട് ഞാന്‍ അഭിനയിച്ച സിനിമകള്‍ പൂര്‍ണ വിജയമാണെന്ന് പറയാന്‍ പറ്റില്ല. എനിക്ക് അത് തെറ്റായ പ്രസ്ഥാവനയായാണ് തോന്നുന്നത്. പക്ഷേ തൊട്ടടുത്ത പയ്യന്‍ എന്ന് വിളിക്കുന്നത് നല്ലൊരു അംഗീകാരമായാണ് ഞാന്‍ കരുതുന്നത്. അങ്ങനെ വിളിക്കുന്നത് അളുകള്‍ക്ക് എന്നോട് അത്രയും സ്‌നേഹമുള്ളത് കൊണ്ടാണ്.

ഒരു കഥാപാത്രത്തെ തെരഞ്ഞെടുക്കുമ്പോള്‍ ആളുകള്‍ എന്റെ അടുത്ത് നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അത് കൊണ്ട് അവരെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രം മാത്രമേ ചെയ്യാന്‍പാടുള്ളു എന്നൊന്നും ഞാന്‍ നോക്കാറില്ല.

നല്ല കഥാപാത്രമാണോയെന്നും സിനിമയുടെ കഥ പൂര്‍ണമായും നല്ലതാണോ എന്നുമാണ് ഞാന്‍ നോക്കാറുള്ളത്. അല്ലെങ്കില്‍ സിനിമയുടെ ഡയറക്ടര്‍ നല്ല വ്യക്തിയാണോ എന്ന് നോക്കും.

പല സിനിമയും ചെയ്തിട്ടുള്ളത് നല്ല ഡയറക്ടര്‍മാരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം കൊണ്ടായിരുന്നു. കഥാപാത്രത്തേക്കാള്‍ സിനിമയെയാണ് ഞാന്‍ കൂടുതല്‍ നോക്കാറുള്ളത്. നല്ല സിനിമയാണെങ്കില്‍ അതിന്റെ ഭാഗമാകാനാണ് നോക്കുക.

എന്നാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നതാരാണെന്നും പ്രൊഡ്യൂസര്‍ ആരാണെന്നും ക്യാമറയാരാണെന്നുമൊക്കെ സിനിമയുടെ തുടക്കത്തില്‍ തന്നെ ഞാന്‍ ശ്രദ്ധിക്കും. പക്ഷേ എല്ലാത്തിനുമുപരി സിനിമ നല്ലതാണോ എനിക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുക,” മാത്യു തോമസ് പറഞ്ഞു.

Content Highlight: Prakashan Parakkatte and one flm were not a complete success, only some liked: actor Mathew Thomas

Latest Stories

We use cookies to give you the best possible experience. Learn more