| Thursday, 16th November 2017, 11:25 pm

'ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?'; പത്മാവതി മുതല്‍ സെക്‌സി ദുര്‍ഗ്ഗ വരെയുള്ള വിവാദങ്ങളില്‍ ആഞ്ഞടിച്ച് പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: ദീപികയുടെ പത്മാവതിയ്ക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. പത്മാവതിയ്‌ക്കെതിരായ സംഘപരിവാര്‍ പോര്‍വിളികള്‍ക്കും സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ, രവി ജാദവിന്റെ ന്യൂഡ് എന്നീ ചിത്രങ്ങള്‍ക്കെതിരായ അസിഹ്ഷുണയ്‌ക്കെതിരേയും പ്രകാശ് രാജ് തന്റെ ട്വീറ്റിലൂടെ ആഞ്ഞടിച്ചു.

നേരത്തേയും അസഹിഷ്ണുതയ്‌ക്കെതിരെ ഉപയോഗിച്ച ജസ്റ്റ് ആസ്‌കിംഗ് ഹാഷ് ടാഗുമായാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

“ഒരാള്‍ക്ക് മൂക്ക് ചെത്തണം, മറ്റൊരാള്‍ കാലാകാരന്റെ തലയറുക്കണമെന്ന് പറയുന്നു. വേറൊരാള്‍ക്ക് നടനെ വെടി വെക്കണം, സംവിധാനങ്ങള്‍ക്ക് ചില സിനിമകളെ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് പിന്‍വലിക്കണം. ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?”. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

സഞ്ജയ് ലീലാ ബന്‍സാലിയുടെ ദീപിക പദുക്കോണ്‍ ടൈറ്റില്‍ റോളിലെത്തുന്ന പത്മാവതിയെ വിടാതെ പിന്തുടര്‍ന്ന് കര്‍ണി സേന രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നായികയായ ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. ലക്ഷ്മണന്‍ എന്താണോ ശൂര്‍പ്പണഖയെ ചെയ്തത് അതു തന്നെ ദിപികയ്ക്കും സംഭവിക്കുമെന്നും അവര്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരെ രജപുത്രര്‍ കൈ ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അതു ദീപികയുടെ നേര്‍ക്കായിരിക്കുമെന്നു കര്‍ണി സേനയുടെ നേതാവു വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു.


Also Read: ‘തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ ശശീന്ദ്രന്‍ നന്ദി സന്ദേശം അയച്ചു’; ഗുരുതര ആരോപണവുമായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍


“ലക്ഷ്മണന്‍ എന്താണോ ശൂര്‍പ്പണഖയോടു ചെയ്തത് അതാവും ദീപികയ്ക്കും അനുഭവിക്കേണ്ടിവരിക. ഞങ്ങളുടെ പിതാമഹന്‍മാര്‍ രക്തം കൊണ്ടാണു ചരിത്രത്തെ എഴുതിയത്. അതിനെ കറുപ്പിക്കാന്‍ ഒരാളെയും അനുവദിക്കില്ല.” എന്നും വിഡിയോയില്‍ പറയുന്നു.

അതേസമയം, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ ഇന്ത്യന്‍ പനോരമയില്‍ നിന്നും സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സി ദുര്‍ഗ്ഗ, രവി ജാധവ് ഒരുക്കിയ ന്യൂഡ് എന്നീ ചിത്രങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

സെക്‌സി ദുര്‍ഗ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാഷിസ്റ്റ് തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചു.

ആഷിഖ് അബു, രാജീവ് രവി, ലിജോ പെല്ലിശ്ശേരി, ദീലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ്, റഫീഖ് അഹമ്മദ്, റിമ കല്ലിങ്കല്‍, വി.കെ.ശ്രീരാമന്‍, സൗബിന്‍ സാഹിര്‍, വിധു വിന്‍സെന്റ്, ശ്യാം പുഷ്‌കരന്‍, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, മധു നീലകണ്ഠന്‍, ബിജിപാല്‍, ഷാബാസ് അമന്‍, അജിത് കുമാര്‍ ബി, അന്‍വര്‍ അലി, ഇന്ദു വി.എസ്, കമല്‍ കെ, സൗമ്യ സദാനന്ദന്‍, ആഷ ജോസഫ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

We use cookies to give you the best possible experience. Learn more