ന്യൂദല്‍ഹി: മോദിയുടെ കേദാര്‍നാഥ് യാത്രയെ പരിഹസിച്ച് നടന് പ്രകാശ് രാജിന്റെ ട്വീറ്റ്. മോദിയെ ദ’ലൈ’ലാമ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് പ്രകാശ് രാജിന്റെ പരിഹാസം.
‘ദ’ലൈ’ലാമ ഒരു പഴ്സ് പോലമില്ലാത്ത സന്ന്യാസി.. വസ്ത്രശേഖരത്തിനും ക്യാമറയ്ക്കും ഫാഷന്‍ ഷോയ്ക്കും വേണ്ടി പ്രാര്‍ത്ഥന നടത്തുന്നയാള്‍’ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
ഇന്നലെയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം കേദാര്‍നാഥിലെ ഗുഹയില്‍ രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുകയാണെന്നാണ് അവകാശപ്പെട്ടത്. കിടക്കയും തലയിണയും ഹാങ്ങറുമൊക്കെ ഗുഹയില്‍ സജ്ജീകരിച്ചത് ധ്യാനത്തിലിരിക്കുന്നവെന്ന അവകാശവാദത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. മോദിയുടെ മുഖത്തെ കണ്ണടകള്‍ എടുത്തുമാറ്റാത്തതും പരിഹാസ വിഷയമായിരുന്നു.
തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലനില്‍ക്കേ മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം വോട്ട് ലക്ഷ്യമിട്ടാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. മതത്തെ വോട്ടിനായി ഉപയോഗിക്കുന്നത് കണ്ടിട്ടും തെരഞ്ഞെടുപ്പു കമ്മീഷന് നോക്കി നില്‍ക്കുകയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചിരുന്നു.
നിശബ്ദ പ്രചരണ വേളയിലാണ് ടി.വി ചാനലുകള്‍ തോറും കേദാര്‍നാഥ് സന്ദര്‍ശിക്കുന്ന മോദിയുടെ വീഡിയോ സംപ്രേഷണം ചെയ്യുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന് ഉറക്കം തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.