ചെന്നൈ: കേന്ദ്രത്തിന്റെ ഓക്‌സിജന്‍ വിതരണ നയത്തെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ജനങ്ങളുടെ ജീവനല്ല തെരഞ്ഞെടുപ്പ് വിജയമാണ് ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ഓക്‌സിജന്‍ വിതരണത്തെ വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം.
‘ബി.ജെ.പി സര്‍ക്കാരിന് ജനങ്ങളുടെ ജീവനല്ല പ്രധാനം. തെരഞ്ഞെടുപ്പില്‍ എങ്ങനെ വിജയിക്കാമെന്നാണ് അവരുടെ ലക്ഷ്യം. യാതൊരു പ്രതീക്ഷയും നല്‍കാത്ത ഈ സര്‍ക്കാര്‍ നാണക്കേട് മാത്രമാണ്’, പ്രകാശ് രാജ് ട്വിറ്ററിലെഴുതി.
ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുമ്പോഴും വിദേശ രാജ്യങ്ങളിലേക്ക് 9294 മെട്രിക് ടണ്‍ ഓക്‌സിജന്‍ കേന്ദ്രം കയറ്റുമതി ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
നേരത്തെ കേന്ദ്രത്തിന്റെ വാക്സിന്‍, ഓക്സിജന്‍ വിതരണ നയത്തെ ചോദ്യം ചെയ്തുകൊണ്ട് ദല്‍ഹി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ആവശ്യമുള്ള ഇടങ്ങളിലേക്ക് മരുന്ന് എത്തിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.
കൊവിഡുമായ ബന്ധപ്പെട്ട് ദല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ച് സംസാരിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് വിപിന്‍ സംഘി, രേഖ പല്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ദല്‍ഹിയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി, അത് വ്യവസായ കേന്ദ്രങ്ങളില്‍നിന്നും ലഭ്യമാക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു.
‘വ്യവസായങ്ങള്‍ക്ക് കാത്തുനില്‍ക്കാം, കൊവിഡ് രോഗികള്‍ക്ക് അതിന് സാധിക്കില്ലല്ലോ, ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്,’ കോടതി പറഞ്ഞു.
ഓക്സിജന് ക്ഷാമം നേരിടുന്നത് കാരണം ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും കോടതി പറഞ്ഞു.
ഏപ്രില്‍ 22 മുതല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഓക്സിജന്‍ വിതരണം നിര്‍ത്തിവെക്കുമെന്നാണ് കേന്ദ്രം പറഞ്ഞത്. എന്നാല്‍ എന്തിനാണ് അതുവരെ കാത്തു നില്‍ക്കുന്നതെന്ന് കോടതി തിരിച്ചു ചോദിച്ചു. ഏപ്രില്‍ 22 വരെ നിങ്ങള്‍ രോഗികളോട് കാത്തിരിക്കൂ എന്ന് പറയാന്‍ പോവുകയാണോ എന്നും കോടതി ചോദിച്ചു.
വെറും മൂന്ന് ശതമാനം രോഗികള്‍ക്ക് മാത്രമാണ് ഐ.സി.യു ബെഡുകള്‍ ആവശ്യമുള്ളതെന്നും അതില്‍ തന്നെ 24 ലിറ്റര്‍ ഓക്സിജനാണ് ഐ.സി.യു രോഗികള്‍ക്ക് ആവശ്യമുള്ളതെന്നും 10 ലിറ്റര്‍ ആണ് അല്ലാത്ത രോഗികള്‍ക്ക് ആവശ്യമുള്ളതെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
700 എം. ടി ഓക്സിജന്‍ ചോദിച്ച ദല്‍ഹി സര്‍ക്കാരിന് നിലവില്‍ 378 എം. ടി ഓക്സിജന്‍ നല്‍കി കഴിഞ്ഞുവെന്നും കേന്ദ്രം പറഞ്ഞു.
എന്നാല്‍ 130 കോടി ജനങ്ങളുള്ളതില്‍ കൊവിഡ് പിടിപെടാത്ത ബാക്കി ജനതയെ എങ്കിലും രക്ഷിക്കണമെന്ന് കോടതി പറഞ്ഞു. തങ്ങള്‍ ഇവിടെ ഉള്ളത് ഭരിക്കാനല്ലെന്നും എന്നാല്‍ കേന്ദ്രം സാഹചര്യം മനസിലാക്കി പെരുമാറണമെന്നും കോടതി പറഞ്ഞു.
25,462 കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 32,000 കേസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദല്‍ഹിയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ദല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് അറിയിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Prakash Raj Tweet Slams Union Government