ന്യൂദല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി നടന്‍ പ്രകാശ് രാജ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ അറിയിച്ചത്.
” എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഒരു പുതിയ തുടക്കമാണ്. പുതിയ ഉത്തരവാദിത്തം. നിങ്ങളുടെ പിന്തുണയോടെ വരുന്ന പാര്‍ലമെന്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കും. മണ്ഡലം ഏതെന്ന കാര്യം ഉടന്‍ അറിയിക്കും. ഇത്തവണ ജനങ്ങളുടെ സര്‍ക്കാര്‍.” എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.
മോദി സര്‍ക്കാറിന്റെയും ബി.ജെ.പിയുടെയും കടുത്ത വിമര്‍ശകന്‍ കൂടിയാണ് ബി.ജെ.പി. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുശേഷമാണ് പ്രകാശ് രാജ് ഹിന്ദുത്വശക്തികള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തുവന്നത്.
ബി.ജെ.പി പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഹിന്ദുത്വ ഇന്ത്യയില്‍ നടക്കില്ലെന്ന് നേരത്തെ പ്രകാശ് രാജ് പറഞ്ഞിരുന്നു. ” അവര്‍ പറയുന്നു ഞാന്‍ ഹിന്ദു വിരുദ്ധനാണെന്ന്. അല്ല. ഞാന്‍ മോദി വിരുദ്ധനാണ്. ഹെഡ്‌ഗെ വിരുദ്ധനാണ്. അമിത് ഷാ വിരുദ്ധനാണ്. എന്നെ സംബന്ധിച്ച് ഹിന്ദുക്കള്‍ എന്ന ഒന്നില്ല.” എന്നാണ് 2018 ജനുവരിയില്‍ പ്രകാശ് രാജ് പറഞ്ഞത്.