| Saturday, 6th November 2021, 5:07 pm

ഇതെല്ലാം അവരുടെ അജണ്ടയാണ്; ജയ് ഭീം വിവാദത്തില്‍ പ്രകാശ് രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സൂര്യ നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രം ‘ജയ് ഭീം’ വിവിധ വിഷയങ്ങള്‍ കാരണം ചര്‍ച്ചയാവുകയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയവും അഭിനേതാക്കളുടെ പ്രകടനവും പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.

സിനിമയില്‍ പ്രകാശ് രാജ് അവതരിപ്പിച്ച കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ഒരാളെ തല്ലുന്ന സീന്‍ ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഹിന്ദി സംസാരിക്കുന്ന ആളുകളെ അപമാനിക്കുന്നതാണ് സീനെന്ന് വിവാദമുയര്‍ന്നിരുന്നു.

വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്‍ പ്രകാശ് രാജ്. സിനിമയിലെ ദൃശ്യത്തില്‍ പ്രശ്‌നമുള്ള ആളുകള്‍ അവരുടെ അജണ്ടയാണ് വെളിപ്പെടുത്തുന്നത് എന്നായിരുന്നു ന്യൂസ്9ലൈവിന് നല്‍കിയ അഭിമുഖത്തിനിടെ താരം പറഞ്ഞത്.

”ജയ് ഭീം പോലൊരു സിനിമ കണ്ടിട്ട്, ആദിവാസികളായ ആളുകളുടെ പ്രശ്‌നങ്ങളോ, അനീതിയോ അല്ല അവര്‍ കാണുന്നത്. മറിച്ച് അടിക്കുന്നത് മാത്രമാണ്.

അത് മാത്രമാണ് അവര്‍ക്ക് മനസിലാകുന്നത്. ഇത് അവരുടെ അജണ്ടയാണ് വെളിപ്പെടുത്തുന്നത്,” പ്രകാശ് രാജ് പറഞ്ഞു.

”ഹിന്ദി തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ തെക്കേ ഇന്ത്യക്കാര്‍ക്ക് നല്ല രോഷമുണ്ട്. ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതിന് വേണ്ടി, പ്രാദേശിക ഭാഷ അറിയാവുന്ന ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ കേസന്വേഷിക്കുന്ന ഒരു പൊലീസുകാരന്‍ പിന്നെ എങ്ങനെയാണ് പെരുമാറുക,” താരം കൂട്ടിച്ചേര്‍ത്തു.

ഇത്തരം വിവാദങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും ചിലര്‍ക്ക് പ്രകാശ് രാജ് ആണ് സീനിലുള്ളത് എന്നത് കാരണമാണ് ആ സീന്‍ ഇത്ര പ്രശ്‌നമാകുന്നതെന്നും താരം പറഞ്ഞു.

ഒരുപാട് ആളുകള്‍ താരത്തിന് പിന്തുണയുമായും രംഗത്തെത്തിയിട്ടുണ്ട്.

ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സൂര്യയും ജ്യോതികയും ചേര്‍ന്നാണ്. മലയാളി താരങ്ങളായ രജിഷ വിജയന്‍, ലിജോ മോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prakash Raj talks about the controversy regarding Jai Bhim

Latest Stories

We use cookies to give you the best possible experience. Learn more