| Saturday, 30th September 2023, 12:00 pm

കേന്ദ്രത്തോട് ചോദിക്കുന്നതിന് പകരം കലാകാരന്മാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിന്? സിദ്ധാര്‍ത്ഥിനോട് മാപ്പ് ചോദിക്കുന്നു: പ്രകാശ് രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് നടൻ സിദ്ധാർത്ഥിന്റെ പുതിയ ചിത്രമായ ചിറ്റയുടെ പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ നടത്തിയ പത്രസമ്മേളനം കന്നട സംഘടന പ്രവർത്തകർ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. കാവേരി ജലത്തിന് വേണ്ടി കന്നഡികർ സമരം ചെയ്യുമ്പോൾ തമിഴ് സിനിമയ്ക്ക് വേണ്ടിയുള്ള പ്രചാരണം അനുവദിക്കില്ല എന്ന് പറഞ്ഞായിരുന്നു കന്നഡ പ്രവർത്തകരുടെ പ്രതിഷേധം.

വർഷങ്ങൾ പഴക്കമുള്ള കാവേരി പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയപ്പാർട്ടികളെയും നേതാക്കളെയും ചോദ്യം ചെയ്യുന്നതിന് പകരം, കേന്ദ്രത്തിൽ ഇടപെടലിന് സമ്മർദ്ദം ചെലുത്താത്ത, ഉപയോഗശൂന്യമായ പാർലമെന്റ് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിന് പകരം സാധാരണക്കാരെയും കലാകാരന്മാരെയും ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ല എന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞത്. തന്റെ എക്സ് പ്ലാറ്റഫോമിലൂടെ ഒരു കന്നഡിയൻ എന്ന നിലയ്ക്ക് താരം സിദ്ധാർഥിനോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കന്നഡ നടൻ ശിവരാജ് കുമാറും രംഗത്തെത്തിയിരുന്നു. തന്റെ നാടായ കർണാടകയിൽ വെച്ച് സിദ്ധാർത്ഥിന് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ ശിവരാജ് കുമാർ ഖേദം പ്രകടിപ്പിച്ചു. കന്നട സിനിമയ്ക്ക് വേണ്ടി താൻ സിദ്ധാർഥിനോട് മാപ്പ് പറയുന്നു എന്ന് താരം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന സിദ്ധാർത്ഥിനെ കന്നഡ സംഘടന പ്രവർത്തകർ തടസപ്പെടുത്തുകയായിരുന്നു. വാർത്താസമ്മേളനം നടന്ന ബെംഗളൂരുവിലെ എസ്.ആർ.ബി തിയേറ്ററിൽ അതിക്രമിച്ച കയറിവന്ന സംഘം പരിപാടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ സംഘാടകർ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഇതോടെയാണ് വാർത്താസമ്മേളനം നടത്താതെ ഇറങ്ങിപ്പോകാൻ സിദ്ധാർത്ഥ് നിർബന്ധിതനായത്.

സിദ്ധാർഥ് നായകനാകുന്ന എസ്.യു അരുൺ സംവിധാനം ചെയ്ത ചിറ്റ സെപ്‌റ്റംബർ 28ന് പ്രദർശനം തുടങ്ങി. മലയാളി നടിയായ നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സിദ്ധാർത്ഥിന്റെ ഹോം ബാനർ ആയ എടാകി എന്റർടൈൻമെന്റാണ് ചിത്രം നിർമിച്ചത്.

Content Highlight:  Prakash Raj supports Siddharth

ഡൂള്‍ന്യൂസിനെ വാട്‌സ്ആപ്പ് ചാനലില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more