|

ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്‍ ഒന്നാണിത്; കേരളത്തെക്കുറിച്ച് പ്രകാശ് രാജ്

എഡിറ്റര്‍

തിരുവനന്തപുരം: കേരളത്തില്‍ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ ഭയക്കേണ്ടതില്ലെന്ന് ചലച്ചിത്ര താരം പ്രകാശ് രാജ്. 22ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് ഇന്ത്യയിലെ വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയെക്കുറിച്ചും കേരളത്തിലെ വിഭിന്നമായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും പ്രകാശ് രാജ് സംസാരിച്ചത്.

എഴുതി തയ്യാറാക്കിയ പ്രസംഗവുമായല്ല ഞാന്‍ കേരളത്തിലേക്ക് വന്നതെന്നും ഇങ്ങോട്ടേക്ക് അങ്ങിനെ വരേണ്ട കാര്യമില്ലെന്നും പറഞ്ഞ പ്രകാശ് രാജ് ഇവിടെ ഒന്നിനും സെന്‍സറിംഗ് ഇല്ലെന്നും പറഞ്ഞു. “എഴുതി തയ്യാറാക്കിയ പ്രസംഗവുമായല്ല ഞാന്‍ കേരളത്തിലേക്ക് വന്നത്. ഇങ്ങോട്ടേക്ക് അങ്ങിനെ വരേണ്ട കാര്യമില്ല. ഇവിടെ ഒന്നിനും സെന്‍സറിംഗ് ഇല്ല. ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്‍ ഒന്നാണിത്” അദ്ദേഹം പറഞ്ഞു.

പത്രപ്രവര്‍ത്തകരുടെ മാത്രം ശബ്ദമല്ല, രാജ്യമൊട്ടാകെയുള്ള എല്ലാത്തരം പ്രതിഷേധ സ്വരങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണ്. ഞാനിത് വരെ സംസാരിച്ചു തുടങ്ങിയിട്ടില്ല. എനിക്ക് അവരോടു പറയാനുള്ളത് ഇതാണ്, നിങ്ങള്‍ നിശബ്ദമാക്കപ്പെടുന്നതെന്തും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു തിരിച്ചു വരും, കൂടുതല്‍ മുഴക്കത്തില്‍.

തനിക്കെതിരായി ഉയര്‍ന്നുവരുന്ന ഭീഷണികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഭീഷണിപ്പെടുത്തുന്നവരോട് താന്‍ ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. “അവരെന്നെ ഭീഷണിപ്പെടുത്തുകയാണ്, ഞാനവരോട് ഉറക്കെ ചിരിക്കുന്നു. അവരെന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഞാന്‍ പാടിക്കൊണ്ടിരുന്നു. അവര്‍ക്ക് എസ് ദുര്‍ഗ എന്ന സിനിമയെ കുറിച്ച് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അവര്‍ക്ക് ദുര്‍ഗ വൈന്‍ പാര്‍ലറിനെ കുറിച്ച് പ്രശ്‌നങ്ങളൊന്നും ഇല്ല. ഹിറ്റ്‌ലറുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് അവര്‍” പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

സമൂഹത്തെ സ്‌നേഹിക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരനെന്നും സമൂഹത്തിനു വേണ്ടി തന്റെ പേരും പ്രശസ്തിയും പണവും എന്തിനു ജീവന്‍ വരെ കൊടുക്കാന്‍ തയ്യാരാകുന്നവരാകണം അവരെന്നും പറഞ്ഞ പ്രകാശ് രാജ്. കലാകാരന്മാരും സര്‍ഗാത്മക പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടവരും പ്രതികരിക്കുന്നില്ലെങ്കില്‍ സമൂഹം മുഴുവന്‍ അതിനു ധൈര്യമില്ലത്തവരായിത്തീരുമെന്നും പറഞ്ഞു.

“ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം കലാകാരന്‍. ജനപക്ഷത്ത് നില്‍ക്കാന്‍, അനീതിക്കെതിരെ സ്വരം ഉയര്‍ത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ ബലവും ആവശ്യമില്ല” അദ്ദേഹം പറഞ്ഞു.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 22 ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന സമ്മേളനം നിശാഗന്ധിയില്‍ ലളിതമായാണ് നടന്നത്. ചടങ്ങില്‍ സംസാരിച്ച അക്കാദമി ചെയര്‍മാന്‍ കമല്‍ ഇത്ര വലിയൊരു ദുരന്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കൊണ്ട് മേള നടത്തിയേ മതിയാകൂ എന്നോരവസ്ഥയില്‍ മേളയുമായി മുന്നോട്ടു പോകാന്‍ അനുവാദം തന്ന സര്‍ക്കാരിനു നന്ദി അറിയിക്കുന്നതായി പറഞ്ഞു.

വിശിഷ്ടാതിഥികളായ ബംഗാളി അഭിനേത്രി മാധബി മുഖര്‍ജി, സംവിധായിക അപര്‍ണ സെന്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മ്യൂലര്‍, ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, സംവിധായകന്മാരായ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ പി കുമാരന്‍, നടി ഷീല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്ണ്‍ ബീനാ പോള്‍ വേണുഗോപാല്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

എഡിറ്റര്‍