| Monday, 18th March 2024, 12:01 pm

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: 420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, അത് ഏത് പാര്‍ട്ടിയായാലും കോണ്‍ഗ്രസായാലും മറ്റേതെങ്കിലും പാര്‍ട്ടിയായാലും ഇത് അവരുടെ അഹങ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്,’ കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.

400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു.

400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഖാര്‍ഗെ ജി പോലും അത് പറഞ്ഞു.

ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, ഇതിനകം ഭൂരിപക്ഷമുള്ള ബി.ജെ.പി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകളിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് മാത്രം 370 സീറ്റുകളും എന്‍.ഡി.എ ബ്ലോക്കിന് 400 സീറ്റുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Prakash Raj slams BJP that 420 talks about 400 seats

We use cookies to give you the best possible experience. Learn more