| Saturday, 11th May 2024, 11:39 am

രാജ്യത്തെ ഒന്നിച്ചു ചേര്‍ക്കുന്ന സിനിമക്കുള്ള അവാര്‍ഡ് കശ്മീര്‍ ഫയല്‍സിനാണോ ജയ് ഭീമിനാണോ കൊടുക്കേണ്ടത്?: പ്രകാശ് രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജ്യത്തിന്റെ ഐക്യത്തെ മുറുകെ പിടിക്കാന്‍ വേണ്ടി ദേശീയോദ്ഗ്രഥന സിനിമക്കുള്ള അവാര്‍ഡ് കശ്മീര്‍ ഫയല്‍സിനാണോ ജയ് ഭീമിനാണോ കൊടുക്കേണ്ടതെന്ന ചോദ്യവുമായി പ്രകാശ് രാജ്. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് ഈ ചോദ്യം ചോദിച്ചത്. മോദിയെ മന്നര്‍ (രാജാവ്) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്. രാജാവ് തന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ സിനിമയെ കൂട്ടു പിടിക്കുന്നു എന്നും പ്രകാശ് രാജ് പറഞ്ഞു.

ഭരണഘടന, സമത്വം എന്നിവയെപ്പറ്റി പറയുന്ന നല്ല കണ്ടന്റുള്ള ജയ് ഭീമിനെ മാറ്റിനിര്‍ത്തി പ്രൊപ്പഗണ്ട സിനിമയായ കശ്മീര്‍ ഫയല്‍സിന് അവാര്‍ഡ് കൊടുക്കുന്നുവെന്നും, കേരള സ്റ്റോറി എന്ന സിനിമയില്‍ മൂന്നര ലക്ഷം സ്ത്രീകള്‍ കാണാതായിട്ടുണ്ടെന്ന പറയുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.

ഒടുവില്‍ കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ അതെല്ലാം വെറും കഥയെന്ന് പറഞ്ഞ് തടിയൂരിയെന്നും പ്രകാശ് രാജ് ആപോരിച്ചു. കേരളാ സ്‌റ്റോറിയുടെ പി.ആര്‍ വര്‍ക്ക് ഏറ്റെടുത്ത പോലെയാണ് കര്‍ണാടക ഇലക്ഷന് വന്നിട്ട് ആ സിനിമയെപ്പറ്റി മോദി സംസാരിച്ചതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

‘ഒരു നടനെന്ന നിലയിലും സോഷ്യല്‍ ആക്ടിവിസ്റ്റ് എന്ന നിലയിലും ഒരുപാട് അമര്‍ഷം തോന്നിയത് കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴായിരുന്നു. മികച്ച ദേശീയോദ്ഗ്രഥന സിനിമക്കുള്ള അവാര്‍ഡ്, അതായത് രാജ്യത്തിന്റെ ഐക്യത്തെ മുറുകെ പിടിക്കുന്ന സിനിമക്കുള്ള അവാര്‍ഡ് കശ്മീര്‍ ഫയല്‍സിനാണ് അവര്‍ കൊടുത്തത്. അതായത് ഭരണഘടന, സമത്വം എന്നിവയെപ്പറ്റി പറയുന്ന ജയ് ഭീമിനെ മാറ്റിനിര്‍ത്തി പ്രൊപ്പഗണ്ട സിനിമക്കാണ് രാജാവ് അവാര്‍ഡ് കൊടുത്തത്.

ഇതെല്ലാം അവര്‍ തന്നെ പൈസ മുടക്കി സിനിമയെടുത്ത് അതിന് അവാര്‍ഡ് കൊടുക്കുന്നത് പോലെയാണ്. നമുക്ക് നോക്കാം ഇവര്‍ എന്തൊക്കെ ചെയ്യുമെന്ന്. കശ്മീര്‍ ഫയല്‍സ് ചെയ്യുന്നു, മൂന്നര ലക്ഷം സ്ത്രീകള്‍ ഐ.എസ്സില്‍ ചേര്‍ന്നെന്ന് പറഞ്ഞ് കേരള സ്റ്റോറി ചെയ്യുന്നു. ഒടുവില്‍ സുപ്രീംകോടതിയില്‍ കേസ് എത്തിയപ്പോള്‍ അവര്‍ പറയുന്നത് ഇതൊക്കെ വെറും കഥയാണെന്ന്.

രാജാവ് കര്‍ണാടക ഇലക്ഷന് വേണ്ടി പ്രചരണത്തിന് വന്നപ്പോള്‍ ‘എല്ലാവരും കേരളാ സ്‌റ്റോറി കാണൂ’ എന്നാണ് പറഞ്ഞത്. വികസനത്തിനെക്കുറിച്ചോ ബാക്കി കാര്യങ്ങളെക്കുറിച്ചോ സംസാരിച്ചില്ല. കേരളാ സ്‌റ്റോറിയുടെ പി.ആര്‍.ഓയുടെ ജോലി രാജാവ് ഏറ്റെടുത്തത് പോലെയായിരുന്നു അന്ന് സംസാരിച്ചത്. നാണക്കേട് തോന്നില്ലേ ഇതൊക്കെ കാണുമ്പോള്‍?,’ പ്രകാശ് രാജ് പറഞ്ഞു.

Content Highlight: Prakash Raj saying that Jai Bhim should have won the National award for best national integration film

We use cookies to give you the best possible experience. Learn more