'വനിത സംവരണം വോട്ട് നേടാനുള്ള മിഥ്യ? സെന്‍സെസും പുനസംഘടനയും എപ്പോഴുണ്ടാകുമെന്ന് ഈ മഹാന്മാര്‍ക്ക് അറിയില്ല'
national news
'വനിത സംവരണം വോട്ട് നേടാനുള്ള മിഥ്യ? സെന്‍സെസും പുനസംഘടനയും എപ്പോഴുണ്ടാകുമെന്ന് ഈ മഹാന്മാര്‍ക്ക് അറിയില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2023, 3:21 pm

ബെംഗളൂരു: ലോക്സഭ പാസാക്കിയ വനിത സംവരണത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. ബില്ല് നടപ്പാക്കുന്നതില്‍ ബി.ജെ.പിക്ക് ആത്മാര്‍ത്ഥതയില്ലെന്നും ഇപ്പോഴത്തെ നീക്കം വാട്ട് നേടാനുള്ള മിഥ്യ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘നിയമപരമായ മുന്നറിയിപ്പ്. ഏറ്റവും വലിയ വ്യാജ വാഗ്ദാനമാണോ വനിത സംവരണ നിയമം. പ്രിയ സ്ത്രീകളേ, സൂക്ഷിക്കുക. ഈ മനുഷ്യര്‍ (മോദിയും അമിത് ഷായും) നിങ്ങള്‍ക്കൊപ്പം നില്‍ക്കില്ല. ഇപ്പോഴത്തേത് വോട്ട് നേടാനുള്ള മിഥ്യ മാത്രമാണ്. നമ്മുടെ പോരാട്ടം തുടരേണ്ടതുണ്ട്,’ പ്രകാശ് രാജ് എക്‌സിലൂടെ പറഞ്ഞു.

‘വനിത സംവരണം നടപ്പാക്കുക മണ്ഡല പുനസംഘടനക്കും സെന്‍സെസിനും ശേഷമായിരുക്കും. എന്നാല്‍ ഇത് രണ്ടും ഈ അടുത്തൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് സര്‍ക്കാരിന് അറിയാം,’ എന്നെഴുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് പ്രകാശ് രാജ് എക്‌സ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനായുള്ള വനിത സംവരണ ബില്‍ ലോക്സഭ പാസാക്കിയത്.

454 എംപിമാര്‍ ‘നാരിശക്തി വന്ദന്‍ അധിനിയം’ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
രണ്ട് പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എം.പിമാരായ അസദുദ്ദീന്‍ ഉവൈസിയും ഇംതിയാസ് ജലീലും മാത്രമാണ് ബില്ലിനെ എതിര്‍ത്തു വോട്ടുചെയ്തത്.

ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ചര്‍ച്ചക്ക് ശേഷം വോട്ടിനിട്ട് ബില്ല് പാസാക്കും.

Content Highlight: Prakash Raj reacts to the Bill to provide 33 percent reservation for women in Lok Sabha and Legislative Assemblies