ചെന്നൈ: തമിഴ് സിനിമാ ലോകം രാജ്യത്ത് രാഷ്ട്രീയ ചര്‍ച്ചയായി മാറുമ്പോള്‍ താജ്മഹലിനെതിരായ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. ഭാവിയില്‍ താജ്മഹല്‍ ഓര്‍മ്മ മാത്രമാകുമോയെന്ന് പ്രകാശ് രാജ് ചോദിച്ചു. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ ചോദ്യം.
ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗോടു കൂടിയാണ് പ്രകാശ് രാജിന്റെ ചോദ്യം. നേരത്തെ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ താജ്മഹലിനെതിരായ പ്രസ്താവനയോടെയായിരുന്നു താജ്മഹല്‍ വീണ്ടും ചര്‍ച്ചാ വിഷയമായത്. സംഗീത് സോമിനു പിന്നലെ വിനയ് കത്യാറും സുബ്രഹ്മണ്യന്‍ സ്വാമിയും താജ്മഹലിന്റെ ചരിത്രം വളച്ചൊടിച്ച് രംഗത്തെത്തിയിരുന്നു.
ബി.ജെ.പി നേതാക്കളുടെ താജ്മഹല്‍ വിരുദ്ധ പ്രസ്താവന രാജ്യത്ത് ഏറെ ചര്‍ച്ചയായ സമയത്തായിരുന്നു ബി.ജെ.പി തമിഴ്‌നാട് ഘടകവും കേന്ദ്ര നേതാക്കളും വിജയ് ചിത്രം “മെര്‍സലി”നെതിരെ രംഗത്ത് വന്നത്. ബി.ജെ.പി സര്‍ക്കാരുകളുടെ വിവിധ നടപടികള്‍ക്കെതിരായ ചിത്രത്തിലെ ഡയലോഗുകളുടെ പേരിലായിരുന്നു വിവാദം.
“മെര്‍സല്‍” വിവാദത്തില്‍ തമിഴ്‌നാട് ചലച്ചിത്രലോകം ഒന്നടങ്കം അണി നിരന്നിരുന്നു. ഇതേ സന്ദര്‍ഭത്തില്‍ തന്നെയാണ് ബി.ജെ.പി നേതാക്കളുടെ മുന്‍ പ്രസ്താവന വീണ്ടും പ്രകാശ് രാജ് ഉയര്‍ത്തിക്കാട്ടിയത്. “താജ്മഹലിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനിടെ അവസാനമായി നമ്മുടെ കുട്ടികളെ അത് വീണ്ടും കാണിച്ചുകൊടുത്തുകൂടേ”യെന്ന ചോദ്യം പങ്കുവെച്ചാണ് താരത്തിന്റെ ട്വീറ്റ്.
#justasking …..Will this worlds wonder #tajmahal be a past in our future ..??? pic.twitter.com/4tTvBHr7UR
— Prakash Raj (@prakashraaj) October 23, 2017
താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണ് എന്നായിരുന്നു സംഗീത് സോമിന്റെ പ്രസ്താവന. താജ്മഹല്‍ തേജോമഹാലയ എന്ന ശിവക്ഷേത്രമാണെന്നായിരുന്നു വിനയ് കത്യാര്‍ അവകാശപ്പെട്ടത്. നേരത്തെ ഉത്തര്‍പ്രദേശിലെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് തയ്യാറാക്കിയ കൈപ്പുസ്തകത്തില്‍ നിന്നും താജ്മഹലിന്റെ പേര് ഒഴിവാക്കപ്പെട്ടതും ബി.ജെ.പിയുടെ നയത്തിന്റെ ഭാഗമാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.