| Wednesday, 1st July 2020, 3:30 pm

'നഷ്ടപ്പെട്ട ജീവിതം തിരിച്ചു നല്‍കുന്നതിലെ സന്തോഷം'; കര്‍ണാടകയിലെ ഉള്‍നാട്ടിലെ കുരുന്നകള്‍ക്ക് പഠന സഹായവുമായി പ്രകാശ് രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുന്നയാളാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. ലോക്ക് ഡൗണില്‍ ജീവിതം വഴിമുട്ടിയ ദിവസ വേതനക്കാരെയും കുടിയേറ്റ തൊഴിലാളികളെയും സഹായിക്കാന്‍ മുന്നോട്ട് വരുമെന്ന് പ്രകാശ് രാജ് നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോള്‍ പ്രകാശ് രാജ് തന്റെ ഫൗണ്ടേഷനിലൂടെ കര്‍ണാടകയിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികളെ സാഹായിക്കുകയാണ്. കൊവിഡിന്റെ സാഹചര്യത്തില്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികളെയാണ് നടന്‍ തന്റെ പ്രകാശ് രാജ് ഫൗണ്ടേഷനിലൂടെ സഹായിക്കുന്നത്.

നടന്‍ ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

‘പ്രകാശ് രാജ് ഫൗണ്ടേഷനിലൂടെ കര്‍ണാടകയിലെ ഉള്‍നാടുകളില്‍ ക്ലാസുകള്‍ നഷ്ടമാകുന്ന കുട്ടികളിലേക്ക് എത്തിയിരിക്കുകയാണ്. ഇവര്‍ക്ക് ഇവരുടെ ജീവിതം തിരിച്ചു നല്‍കുന്നതില്‍ അത്യധികം സന്തോഷിക്കുന്നു,’ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

നടന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി പേരാണ് ആശംസയറിയിച്ച് രംഗത്തെത്തിയത്.

പ്രകാശ് രാജ് തന്റെ ജന്മദിനമായ മാര്‍ച്ച് 26ന് ചെന്നൈ, പുതുച്ചേരി, ഖമാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള 11 തൊഴിലാളികള്‍ക്ക് അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ താമസിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തികൊടുത്തിരുന്നു. ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ലോണ്‍ എടുത്തായാലും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രജനീകാന്തിന്റെ അണ്ണാത്തെ, അല്ലു അര്‍ജുനിന്റെ പുഷ്പ, പവന്‍ കല്യാണിന്റെ വക്കീല്‍ സാബ് എന്നീ സിനിമകളിലാണ് പ്രകാശ് രാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more