| Wednesday, 8th November 2017, 7:18 pm

'ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കുമോ?'; നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: രാജ്യത്തെ ഇന്നും ഞെട്ടലില്‍ നിന്നും മുക്തമാക്കാത്ത നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. പിന്നിട്ട ഒരു വര്‍ഷം നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് അടിവരയിട്ട് ഉറപ്പിച്ചതാണ്. ഒന്നാം വാര്‍ഷികത്തില്‍ നോട്ട് നിരോധന തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടന്‍ പ്രകാശ് രാജും നോട്ട് നിരോധനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കിയ കഴിഞ്ഞ നവംബര്‍ എട്ടിലെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പ്രകാശ് രാജ്. ട്വിറ്ററിലൂടെയായിരുന്നു മോദി സര്‍ക്കാരിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. നേരത്തെ അസഹിഷ്ണുതയ്‌ക്കെതിരെ രംഗത്തെത്തിയതിന് സമാനമായ രീതിയില്‍ ആര്‍ക്കാണോ ബാധിക്കുന്നത് അവര്‍ക്കായി എന്ന തലക്കെട്ടോടേയും ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ് ടാഗോടേയുമാണ് ഇത്തവണയും പ്രകാശ് രാജ് രംഗത്തെത്തിയത്.


Also Read: ‘കണ്ടിട്ടും കാണാതെ ശാസ്ത്രി; ഉള്ളു തൊട്ടറിഞ്ഞ് വിരാട്’; ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും കൈ കൊടുത്തും ഇന്ത്യന്‍ നായകന്‍; അഭിനന്ദവുമായി കേരളക്കര, വീഡിയോ


” പണക്കാര്‍ തങ്ങളുടെ പണത്തെ തിളങ്ങുന്ന പുതിയ നോട്ടുകളിലേക്ക് മാറ്റിയപ്പോള്‍ അതിന്റെ ആഘാതം നിസഹായരായ പാവപ്പെട്ടവരേയും അസംഘടിതരായ തൊഴിലാളികളെയും വട്ടം കറക്കി. നമ്മുടെ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കാന്‍ തയ്യാറാണോ?.” എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

ദിസ് ഡേ ദാറ്റ് എയ്ജ് എന്ന ക്യാപ്ഷനോടെയായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 1000ന്റേയും 500ന്റേയും നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ചത്. പിന്നീട് കണ്ടത് രാജ്യം കണ്ട ഏറ്റവും വലിയ പരക്കം പാച്ചിലായിരുന്നു. ഒറ്റ രാത്രി കൊണ്ട് പാപ്പരായ ജനം തങ്ങളുടെ നിലനില്‍പ്പിനായി നെട്ടോട്ടമോടി. എ.ടി.എം കൗണ്ടറിന് മുന്നില്‍ നിരവധി പേര്‍ മരണമടഞ്ഞു.

We use cookies to give you the best possible experience. Learn more