| Friday, 18th January 2019, 5:44 pm

അയോധ്യയിലെ തെരുവുകളിലെ ജനജീവിതം എങ്ങനെയെന്ന് അറിയണം; ഈ രാമരാജ്യമാണോ ബി.ജെ.പി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്: പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബി.ജെ.പി രാമക്ഷേത്രം നിര്‍മിക്കാന്‍ പോകുന്ന അയോധ്യയിലെ തെരുവുകളിലെ ജനജീവിതം എങ്ങനെയെന്ന് അറിയാന്‍ മാധ്യമങ്ങളെ അയോധ്യയിലേക്ക് ക്ഷണിച്ച് നടന്‍ പ്രകാശ് രാജ്. ഈ രാമരാജ്യമാണോ ബി.ജെ.പി കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

“ലോക്സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിയുടെ പ്രധാന ആയുധമാണ് രാമക്ഷേത്ര നിര്‍മാണം. ദല്‍ഹിയിലും ലക്നൗവിലുമുള്ള ശീതീകരിച്ച മുറികളിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.


എന്നാല്‍ അയോധ്യയിലെ തെരുവുകളില്‍ ജനജീവിതം എങ്ങനെയാണെന്ന് അറിയാന്‍ മാധ്യമങ്ങള്‍ അയോധ്യയിലേക്ക് വരണം. ഈ രാമരാജ്യമാണോ അവര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്”- പ്രകാശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെയാണ് തന്റെ രാഷ്ട്രീയ പ്രവേശനം നടന്‍ പ്രകാശ് രാജ് പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പല നടപടികളെയും ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചിട്ടുള്ളത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രകാശ് രാജ് മുന്‍പ് ആരോപിച്ചിരുന്നു.


മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുശേഷമാണ് പ്രകാശ് രാജ് ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി പൊതുവേദികളില്‍ എത്തുന്നത്.

ബി.ജെ.പി പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഹിന്ദുത്വം ഇന്ത്യയില്‍ നടക്കില്ലെന്ന് നേരത്തെ പ്രകാശ് രാജ് പറഞ്ഞിരുന്നു. ” അവര്‍ പറയുന്നു ഞാന്‍ ഹിന്ദു വിരുദ്ധനാണെന്ന്. അല്ല. ഞാന്‍ മോദി വിരുദ്ധനാണ്. ഹെഡ്ഗെ വിരുദ്ധനാണ്. അമിത് ഷാ വിരുദ്ധനാണ്. എന്നെ സംബന്ധിച്ച് ഹിന്ദുക്കള്‍ എന്ന ഒന്നില്ല” എന്ന് പ്രകാശ് രാജ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more