| Monday, 2nd October 2017, 3:33 pm

'മോദി ഞാനൊരു നടനാണ്, നിങ്ങളുടെ അഭിനയം എനിക്ക് മനസിലാക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്'; തനിക്ക് കിട്ടിയ ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന് പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് നടനും ഗൗരിയുടെ സുഹൃത്തുമായ പ്രകാശ് രാജ്. തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്നും പ്രകാശ് രാജ് വ്യക്താക്കി.

ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹം നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഗൗരിയുടെ കൊലപാതകത്തില്‍ നിശബ്ദത പാലിക്കുന്നവര്‍ക്കെതിരേയും സോഷ്യല്‍ മീഡിയയിലൂടെ കൊലപാതകം ആഘോഷിച്ച സംഘപരിവാറിനെതിരേയും പ്രകാശ് രാജ് ആഞ്ഞടിച്ചു.

“ഗൗരിയുടെ കൊലപാതകികളെ പിടികൂടിയിട്ടില്ല എന്നതിനേക്കാള്‍ ദു:ഖകരാണ് ചിലര്‍ അവരുടെ കൊലപാതകത്തെ ആഘോഷിക്കുന്നു എന്നത്. ഗൗരിയുടെ ഘാതകരെ കാണാന്‍ സാധിച്ചില്ലെങ്കിലും വിഷം തുപ്പുന്നവരെ നമുക്ക് കാണാം.” പ്രകാശ് രാജ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഫോളോ ചെയ്യുന്നവരും ആ കൂട്ടത്തിലുണ്ടെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാണിച്ചു. ഇതിനോടൊക്കെ കണ്ണടക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.


Also Read:  ഓപ്പണര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ധവാനും രഹാനെയും; മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി രഹാനെ


ഈ സാഹചര്യത്തില്‍ തനിക്ക് ലഭിച്ച സര്‍ക്കാരില്‍ നിന്ന് ലഭിച്ച അഞ്ച് ദേശീയ പുരസ്‌കാരങ്ങളും സൂക്ഷിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ” ഇത് നിങ്ങള്‍ തന്നെ സൂക്ഷിച്ചോളൂ., എനിക്ക് അവാര്‍ഡുകള്‍ വേണ്ട. നല്ല ദിനങ്ങള്‍ വരുമെന്ന് എന്നോട് പറയരുത്.” പ്രകാശ് രാജ് നിലപാട് വ്യക്തമാക്കുകയാണ്.

“മോദി ഞാന്‍ അറിയപ്പെടുന്നൊരു നടനാണ്. നിങ്ങള്‍ അഭിനയിക്കുന്നത് എനിക്ക് മനസിലാക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്. കുറച്ചെങ്കിലും ബഹുമാനം കാണിക്കണം. ഒന്നുമില്ലെങ്കിലും എന്താണ് സത്യം എന്താണ് അഭിനയം എന്നു പറയാന്‍ എനിക്ക് കഴിയുമെന്ന് ഓര്‍ക്കണം.” പ്രകാശ് രാജ് പറയുന്നു.

കടുത്ത സംഘപരിവാര്‍ വിമര്‍ശകയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യ വ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തിയ്യതിയായിരുന്നു അജ്ഞാത സംഘം ഗൗരിയെ കൊലപ്പെടുത്തുന്നത്. കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറാണെന്ന് വ്യാപക ആരോപണം ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ മൗനവും സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര്‍ വൃത്തം നടത്തുന്ന പ്രചരണങ്ങളും സംശയത്തിന് കാരണമായിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിന്റെ സൗഹൃദമുണ്ടായിരുന്നു ഗൗരിയും പ്രകാശ് രാജും തമ്മില്‍. ഗൗരിയുടെ പിതാവ് ലങ്കേഷ് തന്റെ വഴികാട്ടിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഗൗരിയുടെ കൊലപാതകത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയ പ്രമുഖരില്‍ ഒരാളായിരുന്നു പ്രകാശ് രാജ്. ഗൗരിയുടെ മരണാനന്തര ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.

കൊലപാതകത്തിലും തുടര്‍ന്നുണ്ടായ സംഘപരിവാര്‍ പ്രചരണത്തിലും നേരത്തേയും പ്രകാശ് രാജ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. രാജ്യത്ത് ബുദ്ധിജീവികള്‍ക്കും പുരോഗമന ചിന്താഗതിയുള്ളവര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളിലും അദ്ദേഹം അപലപിച്ചു.

രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാകുന്നില്ലെന്നും ആരാണ് നമ്മുടെ ജീവിതത്തിലേക്ക് ഇത്തരം ആശയങ്ങളേയും സാഹചര്യങ്ങളേയും കടത്തിവിട്ടെന്നും ചോദിക്കുന്നു.

ഇത്തരം അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത് ഭയപ്പെടുത്തുന്നതാണെന്നും ഒളിച്ചിരുന്ന് ആക്രമിക്കുന്ന ഭീരുക്കള്‍ സിസ്റ്റത്തെയാണ് വെല്ലുവിളിക്കുന്നതെന്നും ശബ്ദത്തെ ഇല്ലാതാക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ് അവര്‍ പറയുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ ഭാഷകളില്‍ നിന്നുമായി അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരമാണ് പ്രകാശ് രാജ്.

We use cookies to give you the best possible experience. Learn more