| Friday, 30th April 2021, 7:12 pm

ആ ഭീരുക്കള്‍ ഇത്രയും തരംതാണ കളികള്‍ തന്നെ കളിക്കും, നിനക്കൊപ്പം ഞങ്ങളുണ്ട്; സിദ്ധാര്‍ത്ഥിന് പിന്തുണയുമായി പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി പ്രകാശ് രാജ്. സിദ്ധാര്‍ത്ഥ് കരുത്തോടെ ഉറച്ചുനില്‍ക്കുമെന്ന് തനിക്കറിയാമെന്ന് പ്രകാശ് രാജ് പറഞ്ഞു.

”ആ ഭീരുക്കള്‍ ഇത്രയും തരംതാണ കളികള്‍ തന്നെ കളിക്കും, അതൊക്കെ ഞാന്‍ കണ്ടതാണ്. നീ കരുത്തോടെ നില്‍ക്കുമെന്ന് എനിക്കറിയാം മൈ ബോയി. #justasking മുടക്കമില്ലാതെ തുടരൂ, ഞങ്ങള്‍ നിനക്കൊപ്പമുണ്ട്,” IStandWithSiddharth ഹാഷ്ടാഗില്‍ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

നേരത്തെ സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എം. പിയുമായ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. സിദ്ധാര്‍ത്ഥിനെ പോലെയുള്ള അപൂര്‍വ്വം ഓണ്‍ സ്‌ക്രീന്‍ നായകന്മാര്‍ക്കേ സമൂഹത്തിലെ യഥാര്‍ത്ഥ വില്ലന്മാരെ നേരിടാന്‍ സാധിക്കൂ എന്നാണ് തരൂര്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്തുകൊണ്ടാണ് ഓണ്‍ സ്‌ക്രീന്‍ ഹീറോകള്‍ യഥാര്‍ത്ഥ സമയത്ത് നിലപാടുകള്‍ പറയാത്തതും പ്രൊപാഗാണ്ടയുടെ പ്രചാരകര്‍ ആയി തീരുന്നതെന്നും നമ്മള്‍ ചിന്തിക്കാറുണ്ട്. സിദ്ധാര്‍ത്ഥിനെ പോലുള്ള ചിലരൊഴികെയുള്ള ഓണ്‍ സ്‌ക്രീന്‍ നായകന്മര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും ഭീഷണിയുയര്‍ത്തുന്നവരാണ് സമൂഹം ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുന്ന ഈ വില്ലന്മാര്‍ എന്നതാണ് അതിന് കാരണം,’ തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്റെ ഫോണ്‍നമ്പര്‍ തമിഴ്നാട് ബി.ജെ.പിയും ഐ.ടി സെല്ലു ചേര്‍ന്ന ചോര്‍ത്തിയെന്നും തുടര്‍ന്ന് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും 500 ലേറെ കോളുകള്‍ തനിക്കും വീട്ടുകാര്‍ക്കും വന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ഇതുകൊണ്ടൊന്നും തന്റെ വായ അടപ്പിക്കാന്‍ നോക്കേണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തുടര്‍ന്ന് IstandwithSiddharth ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Prakash Raj extend support to Actor Siddharth

We use cookies to give you the best possible experience. Learn more