ബെംഗളൂരു: കേന്ദ്രത്തില്‍ മൂന്നാം മുന്നണിയാണ് അധികാരത്തില്‍ വരേണ്ടതെന്ന് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥി പ്രകാശ് രാജ്. കോണ്‍ഗ്രസ് മതേതര പാര്‍ട്ടി അല്ലെന്നും അതുകൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്ന സഖ്യമാണ് അധികാരത്തില്‍ വരേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു.
‘കോണ്‍ഗ്രസ് മതേതരത്വത്തെ കുറിച്ച് ഇപ്പോഴും സംസാരിക്കുന്നു. അവര്‍ മതേതര പാര്‍ട്ടിയാണോ?. അവര്‍ ധൃവീകരണം നടത്തുന്നില്ലേ?. അതുകൊണ്ട് നമ്മുക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്ന പുതിയ ശബ്ദങ്ങള്‍ വേണം’- പ്രകാശ് രാജ് പറഞ്ഞു.
‘നിലവിലെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം പാര്‍ട്ടികളെ കേന്ദ്രീകരിച്ചല്ല. അത് പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചാണ്. ബി.ജെ.പിയോ കോണ്‍ഗ്രസോ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് വ്യത്യസ്ത നേതാക്കള്‍ വേണം. അല്ലാതെ ഒറ്റയ്ക്ക് രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല’- പ്രകാശ് രാജ് വ്യക്തമാക്കി.
ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലത്തില്‍ മത്സരിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള നിലപാട് വ്യക്തമാക്കികൊണ്ട് തന്നെയാണെന്നും പ്രകാശ് രാജ് പറഞ്ഞു.
‘ഞാന്‍ ഒരു നടന്‍ മാത്രമല്ല. ഒരു എഴുത്തുകാരനും കൂടിയാണ്. കഴിഞ്ഞ 30 വര്‍ഷമായി പലതരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നു. ഒരു സാമൂഹിക പ്രശ്‌നം വരുമ്പോള്‍ ഞാന്‍ എങ്ങനെയാണ് അതിന്റെ കൂടെ നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള എന്റെ നിലപാട് എന്താണെന്നും എല്ലാവര്‍ക്കുമറിയാം’- പ്രകാശ് രാജ് പറയുന്നു.
‘മോദിയെ പ്രധാനമന്ത്രിയാക്കാന്‍ എനിക്ക് വോട്ടു ചെയ്യൂ എന്നാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പറയുന്നത്. അപ്പോള്‍ ഇവരെന്ത് ചെയ്യും. മോദിയെ മസാജ് ചെയ്യോ’ പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, നേരത്തെ പ്രകാശ് രാജിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും യുവ നേതാവ് റിസ്‌വാന്‍ അര്‍ഷദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇടതുപാര്‍ട്ടികളും മണ്ഡലത്തില്‍ കഴിഞ്ഞ തവണ നാല്‍പ്പതിനായിരത്തോളം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടിയും പ്രകാശ് രാജിനെ പിന്തുണക്കുന്നുണ്ട്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന് തന്നെ പിന്തുണക്കാമെന്ന് പ്രചരണത്തിനിടെ പ്രകാശ് രാജ് പറഞ്ഞിരുന്നു.