| Thursday, 24th August 2023, 9:48 pm

ലജ്ജാകരം, എം.പിയെ രക്ഷിക്കാനുള്ള വൃത്തികെട്ട രാഷ്ട്രീയം: ഡബ്ല്യൂ.എഫ്.ഐയുടെ സസ്‌പെന്‍ഷനില്‍ പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ദേശീയ ഗുസ്തി ഫെഡറേഷന്റെ അംഗത്വം ലോക ഗുസ്തി ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്ത സംഭവത്തിലാണ് പ്രതികരണവുമായി പ്രകാശ് രാജെത്തിയത്. സംഭവം ലജ്ജാകരമാണെന്നും പ്രധാനപ്പെട്ട പാര്‍ട്ടിയുടെ എം.പിയെ രക്ഷിക്കാനുള്ള വൃത്തികെട്ട രാഷ്ട്രീയമാണ് നമ്മളെ ഇത്തരമൊരു അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. ട്വിറ്റിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ദേശീയ ഗുസ്തി ഫെഡറേഷന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്തുവെന്നറിയിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

‘ബ്രേക്കിങ് ന്യൂസ്: തെരഞ്ഞെടുപ്പ് നടത്താത്തതിനാല്‍ ലോക ഗുസ്തി ഫെഡറേഷന്‍ റെസ് ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്തു. ത്രിവര്‍ണ പതാകയില്ലാതെ അടുത്ത വര്‍ഷം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മത്സരിക്കാവും. ദേശീയ ഗാനവും ആലപിക്കില്ല. ഗുസ്തി നമ്മുടെ അഭിമാനമായിരുന്നു, ഇപ്പോള്‍ അത് അപമാനമായി’, എന്നായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്.

നേരത്തെ, തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയും സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഒരു ലൈംഗിക വേട്ടക്കാരനായ എം.പിയുടെ കാല്‍ക്കീഴില്‍ കായിക രംഗത്തെ കൊണ്ടെത്തിച്ചതില്‍ കായിക മന്ത്രാലയത്തിനോടും ബി.ജെ.പി സര്‍ക്കാരിനോടും നാണക്കേട് തോന്നുന്നുവെന്നായിരുന്നു മഹുവ പറഞ്ഞത്.

‘തെരഞ്ഞെടുപ്പ് നടത്താതിനെ തുടര്‍ന്ന് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ ലോക ഗുസ്തി ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തു. ഇതോടെ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് നമ്മുടെ പതാകക്ക്  കീഴില്‍ മത്സരിക്കാന്‍ സാധിക്കില്ല. ഒരു ലൈംഗിക വേട്ടക്കാരനായ എം.പിയുടെ കാല്‍ക്കീഴിലേക്ക് കായിക രംഗത്തെ കൊണ്ടെത്തിച്ച ബി.ജെ.പി സര്‍ക്കാരിനെയും കായിക മന്ത്രാലയത്തെയും കുറിച്ചോര്‍ത്ത് നാണക്കേട് തോന്നുന്നു,’ മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചു.

കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താത്തതിനെ തുടര്‍ന്നാണ് ദേശീയ ഗുസ്തി ഫെഡറേഷന്റെ അംഗത്വം ലോക ഗുസ്തി ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് നടത്താനുള്ള 45 ദിവസത്തെ സമയപരിധി അവസാനിച്ചതോടെയാണ് ലോക ഗുസ്തി ഫെഡറേഷന്‍ ഇന്ത്യക്കെതിരെ നടപടിയെടുത്തത്.

ഗുസ്തി ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് ജൂണിലായിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാല്‍ ബി.ജെ.പി എം.പിയും മുന്‍ ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷന്റെ ലൈംഗികാതിക്രമത്തെ തുടര്‍ന്നുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളും വിവിധ സംസ്ഥാന യൂണിറ്റുകളില്‍ നിന്നുള്ള ഹരജികളും കാരണം തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് ഫെഡറേഷന്റെ ഭരണസമിതിയിലേക്കുള്ള 15 സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 12ലേക്ക് മാറ്റി വെച്ചു. എന്നാല്‍ അതും നടത്താന്‍ സാധിച്ചിരുന്നില്ല.

നേരത്തെ ബ്രിജ് ഭൂഷന്റെ വിഷയത്തില്‍ ജനുവരിയിലും മെയിലും ഡബ്ല്യു.എഫ്.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ ഭൂപേന്ദര്‍ സിങ് ബജ്‌വയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയാണ് ഫെഡറേഷന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് വൈകിയാല്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് ലോക റെസ്‌ലിങ് ഫെഡറേഷന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് ന്യൂട്രല്‍ താരങ്ങളായി മാത്രമേ മത്സരിക്കാന്‍ സാധിക്കുകയുള്ളൂ.

Content Highlights: Prakash raj criticise centre government over wfi suspension

We use cookies to give you the best possible experience. Learn more